Friday, June 28, 2013

കഥാവശേഷൻ...

കഥാവശേഷൻ, ഒരായിരം കഥകൾ അവശേഷിപ്പിക്കുന്നവൻ.. ഇന്ന് അല്ലെങ്കിൽ നാളെ നമ്മൾ എല്ലാവരും കഥാവശേഷരാവും ..പക്ഷെ, ആ കഥകളിൽ നമ്മൾ എങ്ങനെയാവണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. അത് നിശ്ചയിക്കേണ്ടത് നമ്മുടെ ജീവിതമാണ്. നാളെ നമ്മൾ എല്ലാവരെയും ഓർക്കുന്നത് ആ കഥകളിലൂടെ ആയിരിക്കും.

ജീവിത കാലത്ത് ഒരു മുൾച്ചെടി പറച്ചു കളഞ്ഞവരെയും, ഒരു പൂച്ചെടി നട്ടു പിടിപ്പിച്ചവരെയുമാണ് ലോകം അനുസ്മരിക്കുന്നത്‌. നമ്മൾ എല്ലാവരെയും എന്നെന്നും മറ്റുള്ളവർ അനുസ്മരിക്കണം എന്നാണ് നമ്മൾ ആഗ്രഹിക്കാറ്. പക്ഷെ നമ്മളെ ഓർക്കുവാൻ മാത്രം എന്ത് നന്മകളാണ് നമ്മൾ ചെയ്തു കൂട്ടിയത്... അതോ നമ്മളെ ഓർക്കുവാൻ മാത്രം തിന്മകൾ നമ്മൾ ചെയ്തുവോ...? നമ്മുടെ ജീവിതം കൊണ്ട് ഒരാളുടെയെങ്കിലും കണ്ണീര് ഒപ്പുവാൻ.., ഒരാളുടെ മുഖത്തെങ്കിലും പുഞ്ചിരി വിരിയിക്കുവാൻ.., ഒരാളുടെ ജീവിതത്തിൽ എങ്കിലും കൈത്താങ്ങായി മാറുവാൻ നമ്മുക്ക് ആയിട്ടുണ്ടോ..? പലപ്പോഴും ഇല്ല എന്ന ഉത്തരമായിരിക്കും എനിക്കും നിങ്ങള്ക്കും പറയുവാനുണ്ടാവുക.

ഇത് തന്നെയാണ് നമ്മുടെ പ്രശ്നവും നമ്മൾ എല്ലായിപ്പോഴും എല്ലാ നന്മകളും സ്ഥാനങ്ങളും പ്രതിക്ഷിക്കുന്നു. . പക്ഷെ പലപ്പോഴും അതിനു നമ്മൾ അർഹരാണോ എന്ന് നമ്മൾ ചിന്തിക്കാറില്ല.. ഇനിയുള്ള ജീവിതത്തിലെ എണ്ണപ്പെട്ട വളരെ കുറഞ്ഞ നിമിഷങ്ങൾ, ആ നിമിഷങ്ങളിൽ എങ്കിലും മറ്റുള്ളവരുടെ മനസ്സിൽ ഒരായിരം നന്മകൾ... നന്മ നിറഞ്ഞ കഥകൾ എഴുതിച്ചേർക്കുവാൻ  നമ്മുക്ക് ആയെങ്കിൽ.. അതിനു ദൈവം നമ്മെ തുണക്കട്ടെ...

- സഹർ അഹമ്മദ്‌ 

Tuesday, June 25, 2013

നക്ഷത്ര കണ്ണുകളുള്ള രാജകുമാരി...

ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ മെട്രോയിൽ വെച്ചാണ് ഞാൻ അവളെ കണ്ടത്.. പത്തു വയസ്സിൽ താഴെ മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി.. നക്ഷത്ര കണ്ണുകളുള്ള ഒരു കൊച്ചു രാജകുമാരി. തടിച്ച കവിളുകളിൽ കുസൃതി നിറച്ചു അവൾ ചിരിച്ചു കൊണ്ടേയിരുന്നു. അവൾ അവളുടെ മാതപിതാകളോട് ഒപ്പമാണ് യാത്ര ചെയ്യുന്നത്.അവൾ തന്റെ മതാപിതാകളോട് സംസാരിച്ചു കൊണ്ടേയിരുന്നു. പക്ഷെ അവളുടെ ചിരിക്കു മാത്രം മാറ്റമൊന്നും ഉണ്ടായില്ല. അവളുടെ മതാപിതാകൾ കുറച്ചു പ്രായം ചെന്നവർ ആയിരുന്നു. അത് കൊണ്ട് തന്നെ  അവരുടെ കണ്ണുകൾ വല്ല ഇരിപ്പിടങ്ങളിൽ നിന്നും ആരെങ്കിലും എഴുന്നേലക്കുന്നുണ്ടോ എന്ന് നോക്കി കൊണ്ടേയിരുന്നു, കൂടെ അവളും. അതിനിടയിൽ ഒരാള് എഴുന്നേറ്റപ്പോൾ അവളുടെ ഉമ്മാക്ക് ഇരിപ്പിടം കിട്ടി. അവൾ തന്റെ കയ്യിൽ ഉണ്ടായിരുന്ന സഞ്ചികളൊക്കെ ഉമ്മയെ ഏല്പ്പിച്ചു. അവൾ ചിരിച്ചു സംസാരിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ ഞാൻ നിൽകുന്നതിന്റെ തൊട്ടടുത്ത ഇരിപ്പിടം ഒഴിഞ്ഞു... അതെ കുസൃതിയോടെ അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു..ആ ഇരിപ്പിടത്തിൽ ഞാൻ ഇരുന്നോട്ടെയെന്ന്.. ഇല്ല എന്ന് പറയുവാൻ അവളുടെ ചിരി എന്നെ അനുവദിച്ചില്ല.. അതെ കുസൃതി നിറഞ്ഞ ചിരിയോടെ അവൾ എന്നിക്കു നന്ദി പറഞ്ഞു. അന്നേ ദിവസം ഞാൻ നേടിയ എന്തിനേക്കാളും എനിക്ക് ഏറെ വിലപ്പെട്ടത്‌ ആയിരുന്നു അവളുടെ ആ പുഞ്ചിരി.

- സഹർ അഹമ്മദ്‌ 

Monday, June 24, 2013

നരകത്തിലെ പണ്ഡിതർ...!

ഒരിടത്ത് ഒരു മനുഷ്യനുണ്ടായിരുന്നു, അവനെ നമ്മുക്ക് സത്താറെന്നു വിളിക്കാം...തികഞ്ഞ മദ്യപാനി ആയിരുന്നു സത്താര്. സത്താരിന്നു വെള്ള വസ്ത്രധാരികളായ പണ്ഡിതരെ എന്നും പേടിയായിരുന്നു... അത് കൊണ്ട് തന്നെ സത്താര്  ഒരിക്കൽ പോലും പള്ളിയിൽ കയറിയില്ല.. എവിടെയൊക്കെ പണ്ഡിതരെ കാണുന്നുവോ അവിടെ നിന്നൊക്കെ സത്താര് ഓടിയൊളിക്കുമായിരുന്നു..

കാലം ഇല കണക്കെ പൊഴിഞ്ഞപ്പോൾ സത്താറും മരണപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മാവ് പരലോകത്തെത്തി. പടച്ചവൻ  സത്താരിനോട് പറഞ്ഞു.. ഭൂമിയിൽ വെച്ച് നീ ഇന്നാലിന്ന കാര്യങ്ങൾ ഒക്കെ ചെയ്തിട്ടുണ്ട്. അത് കൊണ്ട് നിനക്ക് സ്വർഗം വേണോ അതോ നരകം വേണോ... സത്താര് പടച്ചവനോട്‌ പറഞ്ഞു ജീവിതത്തിൽ ഞാൻ ഇന്ന് വരെ ഒരു നന്മയും ചെയ്തിട്ടില്ല അത് കൊണ്ട് തന്നെ എനിക്ക് നരകം മതി. അങ്ങനെ സത്താറിനെ നരകത്തിലേക്ക് ആനയിച്ചു. നരകത്തിൽ എത്തിയ സത്താര് അവിടെ കണ്ടത് തൂവെള്ള വസ്ത്രധാരികളായ പണ്ഡിതരെ ആയിരുന്നു.. സത്താര് പടച്ചവനിലേക്ക് ഓടിച്ചെന്നു പറഞ്ഞു... ഭൂമിയിൽ ഈ പണ്ഡിതരെ പേടിച്ചിട്ടാണ് ഞാൻ പള്ളിയിൽ കയറാതിരുന്നത്... അത് കൊണ്ട് അവരുള്ള നരകം എനിക്ക് വേണ്ട ഞാൻ സ്വർഗത്തിൽ പോയി കൊള്ളാം, അങ്ങനെ സതതാറിനെ സ്വർഗത്തിലേക്ക് ആനയിച്ചു..

ഇത് ഒരു സാങ്കല്പ്പിക കഥ മാത്രമാണ്.. ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരാൾ സ്വർഗ അവകാശിയാണോ അതോ നരക അവകാശിയാണോ എന്ന് തീരുമാനിക്കുന്നത് ഒരാൾ എങ്ങനെ ജീവിച്ചു എന്നതല്ല.. മറിച്ച് ഒരാള് എങ്ങനെ മരിച്ചു എന്നതാണ്. നൂറു പേരെ കൊന്ന ഒരു മനുഷ്യൻ പാപമോചനം നേടി സ്വർഗ അവകാശിയായി മരിച്ചതും, ബാനു ഈസ്രായിലിലെ ഉത്തരം കിട്ടിയിരുന്ന പണ്ഡിതൻ അവിശ്വാസിയായി മരിച്ചതും നമ്മുക്ക് ചരിത്രങ്ങളിൽ കാണാം. ബഹുദൈവ ആരാധന ഒഴിച്ച് എന്തും പടച്ചവൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തു കൊടുക്കുമെന്ന് പടച്ചവൻ വിശുദ്ധ ഖുർആനിൽ ഒരുപ്പാട്‌ തവണ പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ ഒരാൾ പണ്ഡിതൻ ആയതു കൊണ്ട് മാത്രം സ്വർഗ അവകാശിയെന്നോ.. ഒരാൾ തെമ്മാടി ആയതു കൊണ്ട് മാത്രം നരക അവകാശിയെന്നോ പറയുവാൻ ആവില്ല.. അതിനാൽ തന്നെ എന്റെ സുഹൃത്തുകളോട് പറയുവാൻ ഉള്ളത് ഒരിക്കലും ആരെയും അവിശ്വാസിയാക്കരുത്. ഒരാൾ അവിശ്വാസിയാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്‌ നിങ്ങളല്ല.. പടച്ചവനാണ്‌ . നമ്മൾ എല്ലാവരെയും സ്വർഗ അവകാശികളായ സത്യവിശ്വാസികളിൽ പടച്ചവൻ നമ്മെ ഉൾപ്പെടുത്തട്ടെ... ആമീൻ..

- സഹർ അഹമ്മദ്‌ 

Saturday, June 15, 2013

ഞാനും എന്റെ നഷ്ടങ്ങളും..

ജീവിതത്തിൽ എന്തൊക്കെ ഉണ്ടെങ്കിലും നമ്മൾ എന്നും സംസാരിക്കാറുള്ളത് നമ്മുടെ നഷ്ടങ്ങളെ കുറിച്ചാണ്. പൂക്കാതെ പോയ വസന്തത്തെയും പാടാതെ പോയ കുരിവിയേയും പിറക്കാതെ പോയ കുഞ്ഞിനേയും കുറിച്ചുമാണ് നമ്മൾ എന്നും ഒത്തിരി സംസാരിക്കാറുള്ളത്.

ഞാൻ ഇന്ന് നിങ്ങളോട് പങ്കുവെക്കുന്നത് അങ്ങനെയൊരു നഷ്ടത്തെ കുറിച്ചാണ്. എന്റെ ജീവിതത്തിൽ ഉമ്മയും ഉപ്പയും ഉപ്പൂപ്പയും ഉമ്മൂമ്മയും അമ്മാവന്മാരും ഇളയുമ്മമാരും അനിയന്മാരും അനിയത്തിമാരും ഒക്കെ ഉണ്ടെങ്കിലും എന്നും ആഗ്രഹിച്ചതും മോഹിച്ചതും ഒരു ഇത്താത്തയുടെയൊ ഇക്കാക്കയുടെയൊ സ്നേഹവും വാത്സല്യവും ആണ്. അവരുടെ വിരൽത്തുമ്പ് പിടിച്ചു നടക്കുവാനും അവരോടു തല്ലു കൂടുവാനും അവരുടെ ശകാരങ്ങൾ ഏറ്റു വാങ്ങുവാനും ഞാൻ ഏറെ കൊതിച്ചിട്ടുണ്ട്. ബന്ധുകളിൽ പലരേയും, മുതിർന്ന സുഹൃത്തുകളേയും ഇക്കാക്കയെന്നും ഇത്താത്തയെന്നും വിളിച്ചുമാണ് അതിൽ നിന്ന് ഇത്തിരിയെങ്കിലും ആശ്വാസം കണ്ടത്..

അതിൽ ചിലർ ജീവിതയാത്രയിൽ എന്നിൽ നിന്ന് അകന്നു പോയിട്ടുണ്ട്, എങ്കിലും അവർ എനിക്ക് തന്ന സ്നേഹവും വാത്സല്യവും മാർഗനിർദേശങ്ങളും ആണ് ഞാൻ എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിന് എന്നെ ഏറെ സഹായിച്ചിട്ടുള്ളത്.

എനിക്ക് സ്വന്തവും മറ്റുമായി ഒത്തിരി അനിയന്മാരും അനിയത്തിമാരുമുണ്ട്, ജീവിതത്തിൽ ഉടനീളം ഇക്കാക്കയുടെയും ഇത്താത്തയുടെയും സ്നേഹം ആഗ്രഹിച്ച ഞാൻ ആ സ്നേഹം എന്റെ അനിയന്മാര്ക്കോ അനിയത്തിമാർക്കോ കൊടുത്തു എന്ന് എനിക്ക് തോന്നിയിട്ടില്ല... ജീവിതത്തിൽ അവരെ കുറിച്ച് ഒത്തിരി സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ ആ സ്വപ്നങ്ങളേക്കാൾ അവരുടെ സ്വപ്‌നങ്ങൾ നിറവേറ്റുവാൻ ആണ് ഏറെ ആഗ്രഹിച്ചത്‌. എങ്കിലും ആ സ്വപ്‌നങ്ങൾ നിറവേറ്റുന്നതിന് തക്കതായ മാർഗനിർദേശങ്ങളൊ സഹായങ്ങളൊ എനിക്ക് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല.. അത് കൊണ്ട് തന്നെ ജീവിതത്തിൽ എന്നും ഞാൻ വേവലാതിപ്പെട്ടിട്ടുള്ളത് എന്റെ അനിയന്മാരെയും അനിയത്തിമാരെയും അവരുടെ സ്വപ്നങ്ങളെയും ഭാവിയെയും കുറിച്ചാണ്.

കഴിഞ്ഞ കുറച്ചു നാളുകൾ ആയി എന്റെ ഒരു അനിയന്റെ മുഖം എന്നെ ഒത്തിരി വേട്ടയാടുന്നു. ജീവിതത്തിൽ ഇന്ന് വരെ എന്നോട് ഒന്നും ആവിശ്യപ്പെടാത്ത എന്റെ അനിയൻ, അവനോടു വളരെ സാദൃശ്യമുള്ള മുഖവുമായി ഒരാളെ ഞാൻ കണ്ടുമുട്ടി. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള ഒരു കാഫെത്തെരിയയിൽ ജോലി ചെയ്യുകയാണ് അവൻ. എന്റെ അനിയനും ഇന്ന് ഇത് പോലെ എവിടെയോ ജോലി ചെയ്യുകയാണ്..ഒത്തിരി വേദനയോടെ അല്ലാതെ എനിക്ക് അവനെ കുറിച്ച് ചിന്തിക്കുവാൻ ആവില്ല. നമ്മൾ മുതിർന്നവർ നമ്മൾ അറിയാതെ ആ കുരുന്നു ഹൃദയങ്ങളിൽ തീർക്കുന്ന ചില മുറിവുകള അവരുടെ മനസ്സിനെ എത്ര മാത്രം സ്വാധീനിക്കുന്നു എന്ന് നമ്മൾ ചിന്തിക്കാറില്ല.. അങ്ങനെ ചില മുറിവുകള എന്റെ അനിയന്റെ മനസ്സിനെയും ഒത്തിരി മുറിവേൽപ്പിച്ചിട്ടുണ്ട്. അവന്റെ കൈ പിടിച്ചു അവന്റെ സ്വപ്നങ്ങളിലേക്ക് അവനെ നയിക്കുവാൻ നാഥൻ തുണക്കട്ടെ.. എന്ന പ്രാർത്ഥനയോടെ..

നിങ്ങളുടെ സ്വന്തം 

സഹർ അഹമ്മദ്‌ 

Saturday, June 8, 2013

വാക്കുകൾ ഇരുതല മൂർച്ചയുള്ള വാളുകൾ പോലെയാണ്. നിങ്ങൾക്ക് ഉപയോഗിക്കുവാൻ അറിയില്ലെങ്കിൽ ഉപയോഗിക്കാതിരിക്കുക. അവ മുറിവുകൾ തീർക്കുന്നത് ഹൃദയങ്ങളിലാണ്... നിങ്ങളുടേത് മാത്രമല്ല.. മറ്റുള്ളവരുടെയും...