Monday, February 24, 2014

കവിത :: ഗാന്ധിജി തിരിച്ചു വന്നാൽ

ബംഗാൽ വിഭജനത്തിലെ 
ഉണങ്ങാത്ത മുറിവിൽ മനം നൊന്തു 
ഡൽഹിയിലെ ലങ്കുന്ന വെളിച്ചത്തിലേക്ക് 
ഞാനില്ലയെന്നു പറഞ്ഞ ഗാന്ധിജിക്ക് 
ഗുജറാത്തിനെയും മുസാഫറബാദിനെയും 
അസാമിനെയും ആന്ധ്രയെയും 
കുറിച്ച് മനം നൊന്തു 
മാരത്തോണ്‍ സത്യാഗ്രഹം 
ഇരിക്കുവാനെ ഇന്ന് നേരം കാണു..

തലസ്ഥാന നഗരിയിൽ സത്യാഗ്രഹം
ഇരുന്നാലും അനുരന്ജനത്തിനായി 
ഒരു ഭരണകൂടവും വരില്ല 
പകരം വിലപേശലുമായി 
കോർപ്പറേറ്റ് ദലാളുകളെത്തും 
അവർക്കു വേണ്ടി മുപ്പതു വെള്ളി കാശിനു 
ഒറ്റി കൊടുക്കുവാൻ വല്ല യൂദാസുമുണ്ടാവും 

സത്യാഗ്രഹം പാർട്ടി നയരേഖയിൽ 
ഇല്ലെന്നു പറഞ്ഞായിരിക്കും 
അദ്ദേഹം വളർത്തിയ ദേശിയ പ്രസ്ഥാനം 
അദ്ദേഹത്തെ പുറത്താക്കുക 

താൻ ഉപ്പു സത്യാഗ്രഹം നടത്തിയ 
ദണ്ഡി കടപ്പുറം പോലും 
വിദേശികൾക്കു പകത്തു കൊടുത്തതു 
കണ്ടു അദ്ദേഹം നെടുവീർപ്പിടും 

തന്റെ പേരകുട്ടികൾ ബലാത്സംഗത്തിനു 
ഇരയാവുന്നതും 
അഴിമതിയും വിലവർദ്ദനവും 
അനവശ്യ നികുതികളും 
ജനജീവിതം ദുസഹമാവുന്നതു കണ്ടു 
അദ്ദേഹത്തിന്റെ നെഞ്ചു തകരും 

അദ്ദേഹത്തെ വധിക്കുവാൻ 
ഒരു ഗോഡ്സക്കു പകരം 
ഒരായിരം പേരുണ്ടാവും 
അവർക്കു പാരിതോഷികം നല്കുവാൻ 
സംരക്ഷിക്കുവാൻ അതിലേറെപ്പേരും 

നവഭാരതത്തിൽ തിരിച്ചുവന്നതിനെ 
കുറിച്ചോർത്തായിരിക്കും 
അന്ന് അദ്ദേഹം ലജ്ജിക്കുക.

- സഹർ അഹമ്മദ് 

Saturday, February 8, 2014

കവിത :: പേരിൽ എന്തിരിക്കുന്നു..?

സ്കൂളിൽ കൂട്ടുക്കാർ എന്നെ 
പല പേരുകൾ വിളിച്ചു പരിഹസിച്ചപ്പോൾ 
ടീച്ചറാണ് ആദ്യം പറഞ്ഞത് 
ഒരു പേരിൽ എന്തിരിക്കുന്നുവെന്ന്..?

തെരഞ്ഞെടുപ്പിൽ പാർട്ടി മാറി 
മത്സരിച്ച സുഹൃത്ത്‌ 
തെരുവ് നീളെ പ്രസംഗിച്ചതും 
പാർട്ടിയുടെ പേരിൽ എന്തിരിക്കുന്നുവെന്നാണ് .

നഴ്സറിയിൽ പഠിക്കുന്ന മകൾ 
എന്നെ പപ്പയെന്നും അവളെ മമ്മിയെന്നും 
ഉമ്മയെ ഗ്രാൻഡ്‌ മദർ എന്നും 
വിളിച്ചപ്പോൾ ഉമ്മ ചോദിച്ചതാണ് 
എന്തിനാണ് ഈ പേരു മാറ്റങ്ങളെന്നു 
ഉമ്മാനോട് ഞാൻ പറഞ്ഞതും 
ഈ പേരിലൊക്കെ എന്തിരിക്കുന്നുവെന്നാണ്..

ഇതും പറഞ്ഞു തർക്കിച്ചപ്പോൾ ആണ്
ഉമ്മ ഉപ്പു പാത്രത്തിനു പഞ്ചസാര 
എന്ന് എഴുതിയത്...
അന്ന് മുതലാണ്‌ 
പേരിൽ എന്തിരിക്കുന്നുവെന്നു 
ഞാനും അറിഞ്ഞത്..!

- സഹർ അഹമ്മദ്‌ 

Saturday, February 1, 2014

കഥ :: ഭാര്യയും മക്കളും

അയാൾ ഭാര്യയെ സ്നേഹിച്ചത് പോലെ ആരും ഭാര്യയെ സ്നേഹിച്ചിട്ടുണ്ടാവില്ല.. ബന്ധുകളുമായി തല്ലുകൂടിയതും അവരെ പിരിഞ്ഞതും പ്രവാസിയായതും എല്ലാം ഭാര്യക്കും മക്കൾക്കും വേണ്ടിയായിരുന്നു.

പക്ഷെ അവൾ സ്നേഹിച്ചതത്രയും മക്കളെയായിരുന്നു. ഒടുവിൽ പ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയ അയാളെ അവൾ ഉപേക്ഷിച്ചതും മക്കൾക്ക്‌ വേണ്ടിയായിരുന്നു.

- സഹർ അഹമ്മദ്