Thursday, March 27, 2014

കവിത :: ചിലന്തി

തെരഞ്ഞെടുപ്പിൽ അവളുടെ ചിഹ്നം 
ചിലന്തി ആയിരുന്നു..
എതിർ സ്ഥാനാർഥി പറഞ്ഞത് 
ചിലന്തി ഫെമിനിസ്റ്റ് ആണെന്നാണ്‌..

ഇണചേർന്ന ശേഷം 
ആണ്‍ചിലന്തിയെ കൊല്ലുന്ന 
പെണ്‍ചിലന്തി ഫെമിനിസ്റ്റ് ആണെന്നാണ്‌..

മുട്ടവിരിഞ്ഞതിനു ശേഷം 
കുഞ്ഞുങ്ങൾക്ക്‌ സ്വയം ഭക്ഷണമാവാറുള്ള 
പെണ്‍ചിലന്തി ത്യാഗിയായ അമ്മയാണ് 
എന്നാണ് അവൾ മറുപടി കൊടുത്തത്...

- സഹർ അഹമ്മദ് 

Wednesday, March 26, 2014

ജീവിതവും മരണവും

അവൻ ജീവിച്ചിരുന്നപ്പോൾ 
അവൻ സ്നേഹിച്ചതൊക്കെയും 
ഉമ്മാനെയും ഉപ്പാനെയും 
ഭാര്യയെയും മക്കളെയും 
കൂടെപിറപ്പുകളെയും 
സുഹൃത്തുകളെയും ആയിരുന്നു 
ഇന്ന് അവൻ മരിച്ചപ്പോൾ 
അവനെ ഒന്ന് ഓർക്കുവാൻ പോലും 
ആർക്കും നേരമില്ലാതായി..

- സഹർ അഹമ്മദ് 

Tuesday, March 25, 2014

രാത്രിമഴയും.. ഉമ്മയുടെ മുത്തവും..

പുറത്തു ഇപ്പോഴും മഴ പെയ്യുകയാണ് 
കുട ചൂടാതെ മഴ നനയുവാൻ ആണ് 
മനസ്സ് കൊതിക്കുന്നത് 
ഒടുവിൽ റൂമിന്റെ വരാന്തയിൽ നിന്ന് 
മഴ അസ്വദിക്കുന്നു..
രാത്രിമഴ വല്ലാത്തൊരു അനുഭൂതിയാണ് 
നിശബ്ദമായി അമ്മ കുഞ്ഞിനു മുത്തം 
നൽക്കുന്നത് പോലെയാണ് 
ഓരോ  മഴത്തുള്ളിയും 
മണ്ണിലേക്ക് പെയ്തിറങ്ങുന്നത് 
എന്റെ കവിളിൽ പതിച്ച മഴത്തുള്ളിക്ക് 
എന്റെ ഉമ്മയുടെ മണം ആയിരുന്നു,
കുഞ്ഞു നാളിൽ ഉമ്മ തന്ന മുത്തത്തിന്റെ മണം..

- സഹർ അഹമ്മദ് 

Friday, March 14, 2014

കഥ ::: കൃഷി

ഉണ്ണികുട്ടനോട് മാഷ്‌ ചോദിച്ചു കേരളത്തിൽ ഏറ്റവും കൃഷി ചെയ്യുന്നത് എന്താണ് ? ഉണ്ണികുട്ടൻ ഉത്തരം കിട്ടാതെ വിരലുകടിച്ചു ചിന്തിച്ചു. മാഷ്‌ വീണ്ടും ചോദിച്ചു നെല്ല് ആണോ അതോ തേങ്ങയോ അതോ വേറെ എന്തെങ്കിലും..? ഒത്തിരി ചിന്തിച്ചിട്ട് ഉണ്ണികുട്ടൻ പറഞ്ഞു വീട്. ഉണ്ണികുട്ടന്റെ നിഷ്കളങ്കമായ ഉത്തരം കേട്ടിട്ട് മാഷിനു ചിരി വന്നു, എങ്കീലും മാഷ് ചിന്തിച്ചു അവൻ പറഞ്ഞതും ശരിയല്ലെ...!

- സഹർ അഹമ്മദ്‌ 

Thursday, March 6, 2014

കവിത :: മിന്നാമിന്നുങ്ങ്

പകലിന്റെ സൂര്യപ്രഭയിൽ 
ഞാൻ തട്ടിയകറ്റിയ 
കുഞ്ഞുശലഭമേ...
ഈ കൂരിരുട്ടിൽ 
ഏകാന്തതയിൽ 
എനിക്ക് തുണയാകുന്നത് 
നിൻ നുറുങ്ങുവെട്ടം മാത്രം...

- സഹർ അഹമ്മദ്