Thursday, March 27, 2014

കവിത :: ചിലന്തി

തെരഞ്ഞെടുപ്പിൽ അവളുടെ ചിഹ്നം 
ചിലന്തി ആയിരുന്നു..
എതിർ സ്ഥാനാർഥി പറഞ്ഞത് 
ചിലന്തി ഫെമിനിസ്റ്റ് ആണെന്നാണ്‌..

ഇണചേർന്ന ശേഷം 
ആണ്‍ചിലന്തിയെ കൊല്ലുന്ന 
പെണ്‍ചിലന്തി ഫെമിനിസ്റ്റ് ആണെന്നാണ്‌..

മുട്ടവിരിഞ്ഞതിനു ശേഷം 
കുഞ്ഞുങ്ങൾക്ക്‌ സ്വയം ഭക്ഷണമാവാറുള്ള 
പെണ്‍ചിലന്തി ത്യാഗിയായ അമ്മയാണ് 
എന്നാണ് അവൾ മറുപടി കൊടുത്തത്...

- സഹർ അഹമ്മദ് 

Wednesday, March 26, 2014

ജീവിതവും മരണവും

അവൻ ജീവിച്ചിരുന്നപ്പോൾ 
അവൻ സ്നേഹിച്ചതൊക്കെയും 
ഉമ്മാനെയും ഉപ്പാനെയും 
ഭാര്യയെയും മക്കളെയും 
കൂടെപിറപ്പുകളെയും 
സുഹൃത്തുകളെയും ആയിരുന്നു 
ഇന്ന് അവൻ മരിച്ചപ്പോൾ 
അവനെ ഒന്ന് ഓർക്കുവാൻ പോലും 
ആർക്കും നേരമില്ലാതായി..

- സഹർ അഹമ്മദ് 

Tuesday, March 25, 2014

രാത്രിമഴയും.. ഉമ്മയുടെ മുത്തവും..

പുറത്തു ഇപ്പോഴും മഴ പെയ്യുകയാണ് 
കുട ചൂടാതെ മഴ നനയുവാൻ ആണ് 
മനസ്സ് കൊതിക്കുന്നത് 
ഒടുവിൽ റൂമിന്റെ വരാന്തയിൽ നിന്ന് 
മഴ അസ്വദിക്കുന്നു..
രാത്രിമഴ വല്ലാത്തൊരു അനുഭൂതിയാണ് 
നിശബ്ദമായി അമ്മ കുഞ്ഞിനു മുത്തം 
നൽക്കുന്നത് പോലെയാണ് 
ഓരോ  മഴത്തുള്ളിയും 
മണ്ണിലേക്ക് പെയ്തിറങ്ങുന്നത് 
എന്റെ കവിളിൽ പതിച്ച മഴത്തുള്ളിക്ക് 
എന്റെ ഉമ്മയുടെ മണം ആയിരുന്നു,
കുഞ്ഞു നാളിൽ ഉമ്മ തന്ന മുത്തത്തിന്റെ മണം..

- സഹർ അഹമ്മദ് 

Friday, March 14, 2014

കഥ ::: കൃഷി

ഉണ്ണികുട്ടനോട് മാഷ്‌ ചോദിച്ചു കേരളത്തിൽ ഏറ്റവും കൃഷി ചെയ്യുന്നത് എന്താണ് ? ഉണ്ണികുട്ടൻ ഉത്തരം കിട്ടാതെ വിരലുകടിച്ചു ചിന്തിച്ചു. മാഷ്‌ വീണ്ടും ചോദിച്ചു നെല്ല് ആണോ അതോ തേങ്ങയോ അതോ വേറെ എന്തെങ്കിലും..? ഒത്തിരി ചിന്തിച്ചിട്ട് ഉണ്ണികുട്ടൻ പറഞ്ഞു വീട്. ഉണ്ണികുട്ടന്റെ നിഷ്കളങ്കമായ ഉത്തരം കേട്ടിട്ട് മാഷിനു ചിരി വന്നു, എങ്കീലും മാഷ് ചിന്തിച്ചു അവൻ പറഞ്ഞതും ശരിയല്ലെ...!

- സഹർ അഹമ്മദ്‌ 

Thursday, March 6, 2014

കവിത :: മിന്നാമിന്നുങ്ങ്

പകലിന്റെ സൂര്യപ്രഭയിൽ 
ഞാൻ തട്ടിയകറ്റിയ 
കുഞ്ഞുശലഭമേ...
ഈ കൂരിരുട്ടിൽ 
ഏകാന്തതയിൽ 
എനിക്ക് തുണയാകുന്നത് 
നിൻ നുറുങ്ങുവെട്ടം മാത്രം...

- സഹർ അഹമ്മദ് 

Monday, February 24, 2014

കവിത :: ഗാന്ധിജി തിരിച്ചു വന്നാൽ

ബംഗാൽ വിഭജനത്തിലെ 
ഉണങ്ങാത്ത മുറിവിൽ മനം നൊന്തു 
ഡൽഹിയിലെ ലങ്കുന്ന വെളിച്ചത്തിലേക്ക് 
ഞാനില്ലയെന്നു പറഞ്ഞ ഗാന്ധിജിക്ക് 
ഗുജറാത്തിനെയും മുസാഫറബാദിനെയും 
അസാമിനെയും ആന്ധ്രയെയും 
കുറിച്ച് മനം നൊന്തു 
മാരത്തോണ്‍ സത്യാഗ്രഹം 
ഇരിക്കുവാനെ ഇന്ന് നേരം കാണു..

തലസ്ഥാന നഗരിയിൽ സത്യാഗ്രഹം
ഇരുന്നാലും അനുരന്ജനത്തിനായി 
ഒരു ഭരണകൂടവും വരില്ല 
പകരം വിലപേശലുമായി 
കോർപ്പറേറ്റ് ദലാളുകളെത്തും 
അവർക്കു വേണ്ടി മുപ്പതു വെള്ളി കാശിനു 
ഒറ്റി കൊടുക്കുവാൻ വല്ല യൂദാസുമുണ്ടാവും 

സത്യാഗ്രഹം പാർട്ടി നയരേഖയിൽ 
ഇല്ലെന്നു പറഞ്ഞായിരിക്കും 
അദ്ദേഹം വളർത്തിയ ദേശിയ പ്രസ്ഥാനം 
അദ്ദേഹത്തെ പുറത്താക്കുക 

താൻ ഉപ്പു സത്യാഗ്രഹം നടത്തിയ 
ദണ്ഡി കടപ്പുറം പോലും 
വിദേശികൾക്കു പകത്തു കൊടുത്തതു 
കണ്ടു അദ്ദേഹം നെടുവീർപ്പിടും 

തന്റെ പേരകുട്ടികൾ ബലാത്സംഗത്തിനു 
ഇരയാവുന്നതും 
അഴിമതിയും വിലവർദ്ദനവും 
അനവശ്യ നികുതികളും 
ജനജീവിതം ദുസഹമാവുന്നതു കണ്ടു 
അദ്ദേഹത്തിന്റെ നെഞ്ചു തകരും 

അദ്ദേഹത്തെ വധിക്കുവാൻ 
ഒരു ഗോഡ്സക്കു പകരം 
ഒരായിരം പേരുണ്ടാവും 
അവർക്കു പാരിതോഷികം നല്കുവാൻ 
സംരക്ഷിക്കുവാൻ അതിലേറെപ്പേരും 

നവഭാരതത്തിൽ തിരിച്ചുവന്നതിനെ 
കുറിച്ചോർത്തായിരിക്കും 
അന്ന് അദ്ദേഹം ലജ്ജിക്കുക.

- സഹർ അഹമ്മദ് 

Saturday, February 8, 2014

കവിത :: പേരിൽ എന്തിരിക്കുന്നു..?

സ്കൂളിൽ കൂട്ടുക്കാർ എന്നെ 
പല പേരുകൾ വിളിച്ചു പരിഹസിച്ചപ്പോൾ 
ടീച്ചറാണ് ആദ്യം പറഞ്ഞത് 
ഒരു പേരിൽ എന്തിരിക്കുന്നുവെന്ന്..?

തെരഞ്ഞെടുപ്പിൽ പാർട്ടി മാറി 
മത്സരിച്ച സുഹൃത്ത്‌ 
തെരുവ് നീളെ പ്രസംഗിച്ചതും 
പാർട്ടിയുടെ പേരിൽ എന്തിരിക്കുന്നുവെന്നാണ് .

നഴ്സറിയിൽ പഠിക്കുന്ന മകൾ 
എന്നെ പപ്പയെന്നും അവളെ മമ്മിയെന്നും 
ഉമ്മയെ ഗ്രാൻഡ്‌ മദർ എന്നും 
വിളിച്ചപ്പോൾ ഉമ്മ ചോദിച്ചതാണ് 
എന്തിനാണ് ഈ പേരു മാറ്റങ്ങളെന്നു 
ഉമ്മാനോട് ഞാൻ പറഞ്ഞതും 
ഈ പേരിലൊക്കെ എന്തിരിക്കുന്നുവെന്നാണ്..

ഇതും പറഞ്ഞു തർക്കിച്ചപ്പോൾ ആണ്
ഉമ്മ ഉപ്പു പാത്രത്തിനു പഞ്ചസാര 
എന്ന് എഴുതിയത്...
അന്ന് മുതലാണ്‌ 
പേരിൽ എന്തിരിക്കുന്നുവെന്നു 
ഞാനും അറിഞ്ഞത്..!

- സഹർ അഹമ്മദ്‌ 

Saturday, February 1, 2014

കഥ :: ഭാര്യയും മക്കളും

അയാൾ ഭാര്യയെ സ്നേഹിച്ചത് പോലെ ആരും ഭാര്യയെ സ്നേഹിച്ചിട്ടുണ്ടാവില്ല.. ബന്ധുകളുമായി തല്ലുകൂടിയതും അവരെ പിരിഞ്ഞതും പ്രവാസിയായതും എല്ലാം ഭാര്യക്കും മക്കൾക്കും വേണ്ടിയായിരുന്നു.

പക്ഷെ അവൾ സ്നേഹിച്ചതത്രയും മക്കളെയായിരുന്നു. ഒടുവിൽ പ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയ അയാളെ അവൾ ഉപേക്ഷിച്ചതും മക്കൾക്ക്‌ വേണ്ടിയായിരുന്നു.

- സഹർ അഹമ്മദ് 

Friday, January 24, 2014

കവിത :: മുഖം നഷ്ടപ്പെട്ടവർ

ചില മുഖങ്ങളുണ്ട് 
ഒരിക്കലും കണ്ടില്ലെങ്കിലും 
ഏതു ആൾക്കൂട്ടത്തിലും 
പരിചയം തോന്നുന്നവ 
കാണുന്നമാത്രയിൽ മനസ്സിൽ 
സന്തോഷപൂത്തിരി കത്തിക്കുന്നവ 
ഇന്ന് ഉച്ചയുറക്കത്തിൽ 
എന്നെ സ്വപ്നത്തിൽ നിന്നും 
ഉണർത്തിയതും
അങ്ങനെയൊരു മുഖമായിരുന്നു
കാണുവാൻ മോഹിച്ചപ്പോൾ
ഞാൻ തെരുവിലേക്ക് നടന്നു
ചുറ്റിലും എത്രയെത്ര മുഖങ്ങൾ
ഓരോന്നിനും ഒരായിരം മുഖമൂടികൾ
മുഖങ്ങൾ നഷ്ടപ്പെട്ടവർ
ആൾക്കൂട്ടത്തിൽ മുഖങ്ങൾ തിരയുന്നു
തൊട്ടടുത്ത കടയുടെ
കണ്ണാടിയിലേക്ക് ഞാൻ നോക്കി
എനിക്കും മുഖം നഷ്ടപ്പെട്ടിരിക്കുന്നു
പിന്നെ ഞാൻ അന്വേഷിച്ചതും
അലഞ്ഞതും എന്റെ മുഖത്തിനായിരുന്നു

- സഹർ അഹമ്മദ്‌

കവിത :: പ്രണയിതാവിന്റെ കവിതകൾ

പ്രണയിതാവിന്റെ കവിതകളിൽ 
പ്രണയം മാത്രമായിരുന്നില്ല 
എങ്കിലും അവർ പറയുന്നു 
പ്രണയമല്ലതൊന്നും വായിച്ചില്ലെന്ന്
കമ്മ്യൂണിസത്തിന്റെ നാട്ടിൽ പിറന്നിട്ടും
ചുവപ്പെന്നാൽ അവനു പ്രണയം മാത്രമെന്ന്
കലാപങ്ങളിലെ ചോരപ്പുഴ കണ്ടാലും
പ്രണയത്തെ കുറിച്ചേ എഴുതുവെന്നു
പാതി വെന്ത, മുറിവേറ്റ ശവങ്ങൾ കണ്ടാലും
മാംസങ്ങൾക്കിടയിൽ ഈച്ചകൾ
ഇണചേരുന്നതിനെ കുറിച്ചേ എഴുതുവെന്നു
വായിച്ചവർ പറയുന്നു
പ്രണയിതാവ് ഭ്രാന്തനെന്ന്
പ്രണയിതാവ് പറയുന്നു
പ്രണയവും ഭ്രാന്തെന്ന്..

- സഹർ അഹമ്മദ്‌

Friday, January 10, 2014

കവിത :: പെണ്ണെ, നിന്നെ അറിയാതെ...!

ജീവിതമാം ഈ യാത്രയിൽ 
ഒരേ ലക്ഷ്യത്തിലേക്കല്ലെങ്കിലും 
ഒരുമിച്ചു യാത്ര ചെയ്യേണ്ടി വരുന്ന 
സഹയാത്രികരെങ്കിലും അന്യരെത്രയോ...
അവരിൽ ചിലരിന്ന് പെണ്ണെ,
നീയൊന്നും അറിയുന്നില്ലെന്ന ധാരണയിൽ 
സ്വാതന്ത്രത്തിന്റെ സീമകൾ ലംഘിച്ചു...

കാർകൂന്തലിൽ രാക്ഷസകരങ്ങൾ തലോടിയും
കണ്ണുകളിലും ചുണ്ടുകളിലും ചുംബിച്ചും
നിൻ കവളിലെ അരുണിമ കവർന്നെടുത്തും
മേനിയിലും മനസ്സിലും
കൂർത്ത നഖങ്ങൾ കൊണ്ട്
അനേകായിരം ചിത്രങ്ങൾ പോറിയും

എത്രമേൽ രുചിച്ചിട്ടും മതിവരാതെ
എന്തിനോ തിരയുന്ന കഴുകൻ കണ്ണുകൾ
കൊത്തിപറിക്കുന്നു നിന്നുടെ മാംസവും
എന്നിട്ടുമൊടുങ്ങാത്ത കാമദാഹവുമായി
ഊറ്റികുടിക്കുന്നു നിന്നുടെ ചോരയും...

പെണ്ണെ നീ അറിയുന്നുവെന്നറിയാതെ
നിന്നെ അറിയാതെ..
എത്രയെത്ര അന്യരാം സഹയാത്രികരാണ്
നിന്റെ ചൂടേറ്റു കാമത്തിൻ ശമനം തേടുന്നത്.

- സഹർ അഹമ്മദ്‌

Wednesday, December 25, 2013

കവിത :: പ്രാസിംഗകൻ

അമ്മയെ തെരുവിൽ ഉപേക്ഷിച്ചവൻ 
തെരുവിൽ നിന്ന് ഉറക്കെ പ്രസംഗിക്കുന്നു 
പുഴയും നദിയും കടലും 
ഭൂമിയും പ്രകൃതിയും പിറന്ന നാടും 
അവനു അമ്മയാണത്രെ..!

- സഹർ അഹമ്മദ്‌

കവിത :: കനൽ

തെരുവിൽ ആരോ ഉപേക്ഷിച്ച 
സിഗരറ്റിലെ എറിഞ്ഞു തീരാത്ത 
കനലായിരുന്നു അവൾ 
എങ്കിലും അവർ അവളെ ചവിട്ടിമെതിച്ചു..

- സഹർ അഹമ്മദ്‌

Thursday, December 19, 2013

കവിത :: ഒഴുക്ക്

ജീവിതത്തിന്റെ മഴവെള്ളപാച്ചലിൽ 
ഒഴുക്കിനൊത്തു  നീന്തി കരകയറുവനാവും 
എന്നിട്ടും ഒഴുക്കിനെതിരെ നീന്തി 
കരകയറിയതാണവൽ 
പടച്ചവൻ പൊറുത്താലും 
പൊറുക്കാത്ത പടപ്പുകൾ 
ക്രൂശിക്കുകയാണ് ഇന്നവളെ..!

- സഹർ അഹമ്മദ്‌ 

Sunday, December 8, 2013

കഥ :: പകരം

രക്തസാക്ഷിയുടെ മകൾ നേതാവിനോട് ചോദിച്ചു: എന്റെ അച്ഛനു പകരം നിങ്ങൾ അയൽപക്കത്തെ കുമാരേട്ടന്റെ ജീവനെടുത്തു, പക്ഷെ എന്റെ അച്ഛന് പകരം നിങ്ങൾ എനിക്കെന്ത് തന്നു...!

- സഹർ അഹമ്മദ്‌

Thursday, December 5, 2013

കവിത :: പങ്കു വെക്കൽ

ഒരു അമ്മയുടെ ഗർഭപാത്രത്തിൽ 
ഒരുമിച്ചു കിടന്നിട്ടും..
നിമിഷങ്ങളുടെ വ്യത്യാസത്തിൽ 
പിറന്നു വീണിട്ടും..
ബാല്യവും കൗമരവും 
ഒന്നിച്ചു ജീവിച്ചിട്ടും..
അവർക്ക് ഇന്ന് ഒരു വീട് 
പങ്കുവെക്കുവാൻ ആവില്ലെന്ന്..!

- സഹർ അഹമ്മദ്‌ 

Sunday, December 1, 2013

കഥ :: കൈയേറ്റം

തെക്കേ തൊടിയിലെ മാവിൽ വവ്വാലുകൾ കൂട് വെച്ച് കലപില കൂട്ടിയപ്പോൾ ഞാൻ ആ മാവ് മുറിച്ചു. ഇന്ന് അവർ എന്റെ വീട് കൈയേറുന്നു.

- സഹർ അഹമ്മദ്‌ 

Saturday, November 30, 2013

" പ്രവാസം ഒരു ഒളിച്ചോട്ടമാണ്..
പിറന്ന നാട്ടിൽ നിന്ന്,
ജന്മം തന്ന മാതാപിതാകളിൽ നിന്ന്,
ജീവിതം പങ്കുവെക്കുന്ന പ്രിയതമയിൽ നിന്ന്,
ജന്മം നല്കിയ മക്കളിൽ നിന്ന്,
നമ്മുടെ കൂടെപിറപ്പുകളിൽ നിന്ന്,
സ്വന്തം ബന്ധുകളിൽ നിന്ന്,
ഉറ്റ സുഹൃത്തുകളിൽ നിന്ന്, 
അങ്ങനെ അങ്ങനെ എല്ലാത്തിൽ നിന്നുള്ള ഒരു ഒളിച്ചോട്ടം...
ഒടുവിൽ നമ്മൾ നമ്മുക്ക് തന്നെ അന്യനായി തീരുന്ന ഒളിച്ചോട്ടം.."

- സഹർ അഹമ്മദ്‌ 

Monday, November 4, 2013

ആരാധനാലയങ്ങളുടെ ബാഹുല്യവും ആത്മീയ ചൂഷണവും..

കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ നാട്ടിൽ കണ്ടുവരുന്ന ഒരു പ്രവണതയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുവാനാണ് ഈ എഴുത്ത് കൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്.

ഈ എഴുത്തിന്റെ പേരിൽ ചിലര് എന്നെ മതവിരോധിയെന്നോ ദൈവവിരോധിയെന്നോ മുദ്രകുത്തിയേക്കാം എങ്കിലും അവയൊന്നും തന്നെ എന്നെ വേദനിപ്പിക്കില്ല.

ഇന്ന് നമ്മുടെ നാട്ടിൽ കണ്ടു വരുന്ന പ്രവണത ആരാധനാലയങ്ങളുടെ ബാഹുല്യവും അവയുടെ നവീകരണവും വിപുലീകരണവും ആണ്. എന്തിനാണ് നമ്മുക്ക് ഇത്രയേറെ ആരാധനാലയങ്ങൾ..? കോടികൾ ചിലവാക്കി അവയെ നവീകരികേണ്ടതോ.. വിപുലികരികേണ്ടതോ ഉണ്ടോ..? ഈ ചോദ്യം പ്രസക്തമാവുന്നത് കോടാനുകോടി ദരിദ്രർ അടിസ്ഥാന സൗകര്യങ്ങൾ ആയ ഭക്ഷണവും വസ്ത്രവും പാർപ്പിടവും ശൗചലായങ്ങളും ഇല്ലാതെ കഷ്ടപ്പെടുമ്പോൾ ആണ്. അതിലുപരിയാണ് വിവാഹപ്രായമെത്തിയ നമ്മുടെ സഹോദരികൾ, ചികത്സക്ക് പണമില്ലാതെ വിഷമിക്കുന്ന നിത്യ രോഗികൾ, കളിച്ചു പഠിച്ചു ഉത്സിച്ചു നടക്കേണ്ട പ്രായത്തിൽ ജീവിത ഭാരം പേറേണ്ടി വരികയും വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരികയും ചെയ്യുന്ന നമ്മുടെ കുഞ്ഞു അനുജന്മാരും അനുജത്തിമാരും..! 

ഇത്രയേറെ കോടികൾ ചിലവാക്കി ആരാധനാലയങ്ങൾ കെട്ടിപൊക്കുന്ന അവ നവീകരിക്കുന്ന വിപുലികരിക്കുന്ന പുരോഹിത പണ്ഡിതർ ഇവിടെ നടത്തുന്നത് ധൂർത്തും ആത്മീയ ചൂഷണവും അല്ലെ...? അവരെ ചോദ്യം ചെയ്യുവാൻ ആർക്കും അധികാരമില്ലേ..?

ആരാധനാലയങ്ങളെക്കാൾ നമ്മുക്ക് വേണ്ടത് ശൗചലായങ്ങൾ ആണെന്ന് നമ്മുടെ കേന്ദ്ര മന്ത്രിമാർ പോലും നാഴിക്ക് നാല്പതുവട്ടം പറഞ്ഞിട്ടും നമ്മൾ അതിന്റെ ഗൗരവം ഉൽക്കൊളാത്തത് തികച്ചും ഖേദകരമാണ്. ലോകത്ത് അഞ്ചു വയസിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കിൽ നമ്മുടെ ഭാരതം മറ്റു രാജ്യങ്ങളെക്കാൾ ഏറെ മുൻപിലാണ്. അതിനു പ്രധാന കാരണം അടിസ്ഥാന സൗകര്യമായ ശൗചലായങ്ങളുടെ അഭാവവും ഉള്ളവയുടെ ശുചിത്യം ഇല്ലാത്തതുമാണ്..

കോടാനുകോടികൾ ആരാധനാലയങ്ങളുടെ നിർമ്മിതിക്കും അവയുടെ നവീകരണത്തിനും വിപുലികരണത്തിനും ചിലവഴിക്കുന്ന ഇവിടുത്തെ പുരോഹിത പണ്ഡിതരും ധനികരും അതിനു മൗനാനുവാദം നല്കുന്ന ഞാൻ ഉൾപ്പെടുന്ന ഈ സമൂഹവും ഈ ചെയ്തികൾക്ക് സൃഷ്ടാവിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും..!

നമ്മുടെ ഈ തെറ്റുകൾ തിരുത്തുവാൻ ഇനിയും നാം ഏറെ വൈകിയിട്ടില്ല... ഈ തെറ്റുകൽ തിരുത്തി നമ്മുടെ ഈ സമൂഹത്തെ മുന്നോട്ടു നയിക്കുവാൻ സൃഷ്ടാവ് നമ്മെ തുണക്കട്ടെ.. ആമീൻ .

- സഹർ അഹമ്മദ്‌ 

Tuesday, October 1, 2013

കഥ :: മുറിമൂക്കൻ രാജാവ്..

ലക്ഷ്യമില്ലാത്ത മരുഭൂമിയിലെ മരുപ്പച്ച തേടി അലക്ഷ്യനായി അവൻ നടന്നു. അലക്ഷ്യനായ അവനു മരീചീകകൾ ലക്ഷ്യങ്ങളായി. കണ്ണ് ചിമ്മുന്ന താരങ്ങളെ അവൻ കണ്ടിലെന്ന് നടച്ചു. അവർ ചൊല്ലുന്നതൊന്നും അവന്റെ കാതുകളിൽ എത്തിയതുമില്ല. മണൽത്തരികളുടെ കൊച്ചു സംഭാഷണങ്ങൾക്കായി അവൻ കാതോർത്തു. പക്ഷെ, അവർ മൗനികളായി. പിന്നെ മരുഭൂമിയിൽ അവന്റെ അട്ടഹാസങ്ങളായി.. അവൻ നുണകഥകൾ ഉണ്ടാക്കി അതിലെ വന്ന മറ്റു യാത്രക്കാരുടെ ലക്ഷ്യങ്ങളും തകർത്തു. അവിടെ അലക്ഷ്യന്മാർ കൂടിയപ്പോൾ അവൻ അവരുടെ രാജാവായി...

" മൂക്കിലാത്ത രാജ്യത്തെ മുറിമൂക്കൻ രാജാവ്..."

- സഹർ അഹമ്മദ്‌