Saturday, April 27, 2013

കഥ :: കാത്തിരിപ്പ്...

കഴിഞ്ഞ കുറച്ചു നാളുകളായി അയാള്‍ മരണത്തോട് മല്ലിടുകയാണ്...
വൃദ്ധസദനത്തിന്റെ അധികൃതര്‍ മകനെ വിവരം അറിയിച്ചിട്ടുണ്ട്..
ഇന്ന് വരും നാളെ വരും എന്ന് പറയുന്നുണ്ടെങ്കിലും തിരക്കുകള്‍ ഇടയില്‍...
അവനു എത്തിച്ചേരുവാന്‍ ആവുന്നില്ല..തന്റെ മകന്റെ മടിയില്‍ കിടന്നു, അവന്‍റെ കയ്യില്‍
നിന്ന് ഒരു തുള്ളി വെള്ളം കുടിച്ചു മരിക്കുവാന്‍ അയാള്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു..
പക്ഷെ അതിനു മുന്‍പേ അയാള്‍ യാത്രയായി..എന്നിട്ടും ചടങ്ങുകള്‍ക്കായി അധികൃതര്‍
മകനെ കാത്തുനിന്നു..തണുത്തുറക്കുന്ന ആ ശരിരം കണ്ടു കണ്ടുനിന്നവര്‍ അടക്കം പറഞ്ഞു:
" ഇങ്ങനെയൊക്കെ ഏറ്റുവാങ്ങുവാന്‍ അയാള്‍ എന്ത് പാപമാണ് ചെയ്തത്.."


- സഹർ അഹമ്മദ്‌ 

Saturday, March 30, 2013

പ്രവാസികളുടെ പ്രത്യാശകൾ


നാം എല്ലാം പ്രവാസികൾ, നാടും വീടും വിട്ടു സ്വപ്നം തേടി യാത്ര തിരിച്ചവർ, ജീവിതം ഒരു മെഴുകുതിരി കണക്കെ ഉരുകി തീരുമ്പോഴും കൂടപിറപ്പുകളെയും ബന്ധുകളെയും കുറിച്ച് സ്വപ്നം കണ്ടവർ... ആ സ്വപ്നങ്ങൽക്കായി ഒരു പുരുഷായുസ്സ് മരുഭൂമിയിൽ തീർത്തവർ... എന്നാലും ഈ മരുഭൂമിയിൽ നിന്ന് ഒരുനാൾ നാട്ടിലേക്ക് പറിച്ചു നടേണ്ടി വരുമെന്ന് നമ്മുക്കറിയാം ആയിരുന്നു.. ആ പറിച്ചു നടലിനേക്കാൾ ഏറെ നാട്ടുക്കാരും വീട്ടുക്കാരും ഒന്നിച്ചുള്ള ജീവിതം ഒരുപ്പാട്‌ സ്വപ്നം കണ്ടിട്ടുണ്ട് നമ്മൾ... 

ഇന്ന് നമ്മളിൽ പലരും കൊതിക്കാതെ തന്നെ ആ യാത്രയ്ക്കായി ഒരുങ്ങേടി വന്നിരിക്കയാണ്.. അറബ് നാടുകളിൽ ഉണ്ടാവുന്ന വിപ്ലവകരമായ മാറ്റങ്ങൾ നാം മനസ്സിലകേണ്ടിയിരിക്കുന്നു. അവരുടെ ജനങ്ങളോടുള്ള കടമങ്ങൾ നിറവേറ്റുവാൻ അവിടുത്തെ ഭരണാധികാരികൾ ബാധ്യസ്ഥരാണ്.. അത് കൊണ്ട് തന്നെയാണ് നാം സ്വദേശിവത്കരണത്തെ കുറിച്ച് നെടുവീര്പ്പിടുന്നത്.. 

പക്ഷെ അതിനെകാൽ ഏറെ ഖേദകരം നമ്മുടെ ഭരണാധികാരികളുടെ നമ്മോടുള്ള പെരുമാറ്റം ആണ്.. അവർ മറന്നു പോവുകയാണ് നമ്മെ.. വെറും വിദേശ നാണയങ്ങൾക്കും രാഷ്ട്രിയ പാർട്ടികളുടെ സംഭാവനകൾക്കും അല്ലാതെ അവർ നമ്മെ കുറിച്ച് വേവലാതിപ്പെടാറില്ല.. 

സാമ്പത്തിക മാന്ദ്യത്തിന്റെ പേരില് ജോലി നഷ്ടപ്പെട്ടു നാടുകളിലേക്ക് തിരിച്ചു ചെന്ന നമ്മുടെ പ്രവാസി സുഹൃത്തുകൾക്കു എന്ത് ഉപകാരമാണ് നമ്മുടെ സർക്കാരുകൾ ചെയ്തത്. ഇന്ന് സ്വദേശിവത്കരണത്തിന്റെ പേരില് നമ്മിൽ പലരുടെയും ജോലി നഷ്ടമാവുമെന്ന് കേട്ടപ്പോൾ അവർ നെടുവീർപ്പിടുകയാണ്. അറബിനാടുകളിലെ സ്വദേശിവത്കരണത്തിൽ ഇടപ്പെടണമെന്നു ആവിശ്യപ്പെട്ടു നമ്മുടെ മുഖ്യൻ പ്രധാനമന്ത്രിക്ക് കത്ത് അയച്ചുവത്രേ.. എനിക്ക് ഇവരോട് ചോദിക്കുവാൻ ഉള്ളത് അറബുനാടുകളിലെ സ്വദേശിവത്കരണത്തിൽ ഇടപ്പെടുവാൻ, മറ്റൊരു രാജ്യം അവരുടെ പ്രജകൽക്കായി നടത്തുന്ന ക്ഷേമ പ്രവർത്തനങ്ങളിൽ ഇടപ്പെടുവാൻ എന്ത് യോഗ്യതയാണ് നിങ്ങൾക്കുള്ളത്‌.. 

ഈ ആവിശ്യപ്പെടുന്നവർ ഓർക്കേണ്ടത് നമ്മളും ഈ നാട്ടിലെ പൗരന്മാരാണ്.. നിങ്ങൾ ഇതുവരെ ഞങ്ങൾക്കായി എന്ത് ചെയ്തു..? അടുത്ത ഒരു തലമുറയിൽ എങ്കിലും പ്രവാസികളെ സൃഷ്ടിക്കാതിരിക്കുവാൻ നിങ്ങള്ക്ക് സാധിക്കുമോ..? വികസനങ്ങൾക്ക് നേരെ മുഖം തിരിച്ചു, അഴിമതികളിൽ ആർത്തുലസിച്ചു, നശീകരണ സമര മുറകളിലൂടെ നാട് നശിപ്പിച്ചു നടക്കുന്ന നിങ്ങൾക്ക് നേരെ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി നേരിന്റെ ഒരായിരം വിരലുകൾ ഉയർത്തപ്പെടും.. ആ മഹാപ്രളയത്തിനു മുന്പെങ്കിലും കണ്ണ് തുറക്കുവാൻ നേരിന്റെ ഇത്തിരി വെട്ടമെങ്കിലും കണ്ടെത്തുവാൻ നമ്മുടെ സർക്കാറുകൾക്കും രാഷ്ട്രിയ പാർട്ടികൾക്കും ആയെങ്കിൽ എന്ന് പ്രത്യാശിക്കുന്നു.. 

- സഹർ അഹമ്മദ്‌ 

Thursday, March 28, 2013

കവിത :: സ്വപ്‌നങ്ങൾ


എന്റെ സ്വപ്നങ്ങളൊന്നും തന്നെ 
നിന്റേത് ആയിരുന്നില്ല... 
നിന്റെ സ്വപ്നങ്ങളൊന്നും തന്നെ 
എന്റേതും ആയിരുന്നില്ല... 
അറിയില്ല എനിക്ക് സഖി,
എന്നാണ്‌ എന്റെയും നിന്റെയും സ്വപ്‌നങ്ങൾ 
നമ്മുടെ സ്വപ്‌നങ്ങൾ ആവുന്നത് എന്ന് ... 

- സഹർ അഹമ്മദ്‌ 

Monday, March 25, 2013

സുഹൃത്ത്‌...



അവന് എന്നോട് പറയുവാൻ ഉണ്ടായിരുന്നതൊക്കെയും 
അവന്റെ സുഹൃത്തിനെ കുറിച്ചായിരുന്നു... 
അവരുടെ സൗഹൃദത്തെ കുറിച്ച്,
സുഹൃത്തിന്റെ കുസൃതികളെ കുറിച്ച്.. 
അങ്ങനെ.. അങ്ങനെ.. അവന്റെ സുഹൃത്തിനെ കുറിച്ച് 
അവൻ പറഞ്ഞു കൊണ്ടേയിരുന്നു... 

ഒരിക്കൽ അവന്റെ സുഹൃത്തിനെ കാണുവാൻ 
ആഗ്രഹം പറഞ്ഞപ്പോൾ അവൻ വിതുമ്പി.. 
പിന്നെ സംസാരിച്ചതൊക്കെയും അവന്റെ കണ്ണുകളായിരുന്നു.. 
ആ കണ്ണുകൾ നിറഞ്ഞു ഒഴുക്കുകയായിരുന്നു.. 

ഒരിക്കലും തിരിച്ചു വരാതെ മരണത്തിന്റെ 
കൈ പിടിച്ചു കണ്ണെത്താ മറയത്തേക്ക് 
മറഞ്ഞ അവന്റെ സുഹൃത്തിനെ കുറിച്ച് 
അവൻ പറഞ്ഞു കൊണ്ടേയിരുന്നു.. 

മരണം നമ്മുക്ക് പ്രിയപ്പെട്ട പലരേയ്യും 
നമ്മിൽ നിന്ന് അടർത്തി മാറ്റിയേക്കാം.. 
പക്ഷെ, അവർ ജീവിക്കും നമ്മുടെ ജീവിതങ്ങളിൽ... 
നമ്മുടെ വാക്കുകളിൽ.. 
നമ്മുടെ സൗഹൃദങ്ങളിൽ... 

- സഹർ അഹമ്മദ്‌ 

Friday, March 15, 2013

കഥ :: ഇങ്ങനെയും ചിലര്


മുനീറയും രംലത്തും നല്ല സുഹൃത്തുകൾ ആണ്, അത് കൊണ്ട് തന്നെയാണ് റംലത്ത് അടുത്ത ബന്ധുവിന്റെ കല്യാണത്തിനു പോകുവാൻ സ്വർണ്ണാഭരണം ചോദിച്ചപ്പോൾ കൊടുക്കാം എന്നേറ്റതും... പക്ഷെ വീട്ടില് വന്നപ്പോഴാണ് അറിയുന്നത്....  രംലത്തിനു വേണ്ടത് കഴിഞ്ഞ മാസം വിവാഹവാർഷികത്തിനു ഭര്ത്താവ് വാങ്ങിച്ചു തന്ന പുതിയ സ്വർണ്ണമാലയാണെന്ന്... ഒരുപ്പാട്‌ ഒഴിവുകഴിവുകൾ പറഞ്ഞു നോക്കിയെങ്കിലും ഒടുവിൽ ആ മാല തന്നെ കൊടുക്കേണ്ടി വന്നു.... 

രംലത്തിന്റെ ബന്ധുവിന്റെ കല്യാണം കഴിഞ്ഞിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു... ഇതുവരെ റംലത്ത് സ്വർണ്ണാഭരണം തിരിച്ചു തന്നിട്ടില്ല... ഓരോ തവണ വിളിക്കുമ്പോഴും ഇന്ന് കൊണ്ട് തരാം ... നാളെ കൊണ്ട് തരാം എന്ന് പറഞ്ഞു ഒഴിയും.. ഒടുവിൽ രംലത്തിന്റെ വീട്ടില് ചെന്ന് ചോദിക്കുവാൻ തീരുമാനിച്ചു... അതിനായി അവളുടെ വീട്ടില് ചെന്ന് സ്വർണ്ണാഭരണത്തിനു ചോദിച്ചപ്പോൾ ബാങ്കിൽ പണയം വെച്ചുവെന്നു പരഞ്ഞു... ഏതു ബാങ്കിൽ ആണെങ്കിലും ആ പണയം വെച്ചത് താൻ തന്നെ തിരിച്ചെടുക്കാം എന്ന് പറഞ്ഞുവെങ്കിലും റംലത്ത് ഒന്നും മിണ്ടിയില്ല.. 

ഏറെ ചോദിച്ചപ്പോൾ ആ സ്വർണ്ണാഭരണം വിറ്റുവെന്ന് അവൾ സത്യം പറഞ്ഞു.. ആകാശം മുഴുക്കെ തന്റെ തലയിലേക്ക് തകർന്നു വീഴുന്നതായി മുനീറക്ക്‌ തോന്നി.. ഇനി ഞാൻ എന്റെ ഭർത്താവിനോട് എന്ത് പറയും... അവൾ രംലത്തിനോട് ഉറക്കെ ഒരുപ്പാട്‌ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.. റംലത്ത് അതിലും ഉറക്കെ തന്റെ പ്രവർത്തികൾക്ക് ന്യായങ്ങൾ നിരത്തുന്നുണ്ടായിരുന്നു.. 

തന്നോടു കാണിച്ച വിശ്വാസ വഞ്ചനയിൽ മുനീറയും തന്നെ മുനീറ മനസ്സിലാകിയില്ല എന്ന പരാതിയിൽ രംലത്തും പരിഭവിച്ചു... അങ്ങനെ ആ സുഹൃത്തുകൾ എന്നേക്കുമായി പിരിഞ്ഞു.. ഇപ്പോൾ അവർ കണ്ടാൽ മിണ്ടാറില്ല... 

- സഹർ അഹമ്മദ്‌ 

Sunday, February 24, 2013

കവിത :: പേര്...


ഉദ്യാനങ്ങളിലെ മുള്‍ച്ചെടികളില്‍.. 
നിന്‍റെ പേരിനേക്കാളേറെ... 
നീ കുറിച്ചിട്ടത്‌ എന്‍റെ പേരായിരുന്നു... 
കടല്‍ത്തീരത്ത്‌ പേരെഴുതി തിരയെ.... 
വെല്ലുവിളിച്ചപ്പോഴും നീ കുറിച്ചിട്ടത്‌... 
എന്‍റെ പേരായിരുന്നു... 
എന്നിട്ടും എന്തേ സഖി...
നീ എന്നെ നിന്‍റെ മനസ്സില്‍.. 
കുറിച്ചിട്ടില്ല...?

- സഹര്‍ അഹമ്മദ്‌ 

Thursday, February 21, 2013

കവിത :: എന്റെ വരികള്‍..

പറയാതെ പോയതൊക്കെയും
ഞാനിന്നു കുറിച്ചിടുമ്പോള്‍... 
നീ ഭയക്കുന്നു.. 
അതൊക്കെയും നിന്നെ കുറിച്ചാണ് എന്നോര്‍ത്ത്.. 
പക്ഷെ, എന്‍റെ വരികളൊക്കെയും.. 
എന്നെ കുറിച്ച് മാത്രമാണ്... 
എങ്കിലും നിന്നെ കുറിച്ച് പറയാതെ.. 
ഞാന്‍ എങ്ങനെ പൂര്‍ണമാകും... 

- സഹര്‍ അഹമ്മദ്‌ 

Monday, February 11, 2013

നമ്മുടെ ഇടയില്‍ ജീവിക്കട്ടെ....!

നമ്മുടെ ജീവിതത്തില്‍ നമ്മള്‍ പലര്‍ക്കും പല വേഷങ്ങളുമുണ്ട്..
മകനും, മകളും, അച്ഛനും, അമ്മയും, ഭാര്യയും, ഭര്‍ത്താവും, 
സഹോദരനും, സഹോദരിയും, സുഹൃത്തും, സഹപാഠിയും,
സഹപ്രവര്‍ത്തകരും ഒക്കെയായി പല വേഷങ്ങള്‍..
ഇത്രയേറെ വേഷങ്ങള്‍ കേട്ടിയാടുമ്പോഴും നമ്മള്‍ ഒരു വ്യക്തിത്വം മാത്രമേ സൂക്ഷിക്കാറുള്ളൂ...!

പക്ഷെ, ഈ കാലഘട്ടത്തില്‍ ചിലരുണ്ട്... ഇരട്ട വ്യക്തിത്വങ്ങള്‍ സൂക്ഷിക്കുന്നവര്‍..
മാതാപിതാകളുടെയും സഹോദരങ്ങളുടെയും സുഹൃത്തുകളുടെയും മുന്‍പില്‍...
ഒരു വ്യക്തിത്വം പ്രകടിപ്പിക്കുകയും അതില്‍ നിന്നും തികച്ചും വിഭിന്നമായി മുഖപുസ്തകത്തില്‍ 
പേരും വ്യക്തിത്വവും പ്രകടിപ്പിക്കുന്നവര്‍..

അവരെ നമ്മുക്ക് കുറ്റപ്പെടുത്താം പല കാരണങ്ങളും പറഞ്ഞ്..
അതിലേറെ നാം ചിന്തിക്കേണ്ടിയിരികുന്നു...
എന്ത് കൊണ്ട് അവര്‍ ഒരേ സമയം രണ്ടു വ്യക്തികളായി ജീവിക്കുന്നുവെന്ന്...
അതിനു ഉത്തരം തേടി നാം ചെല്ലുമ്പോള്‍... അവര്‍ വിരല്‍ ചൂണ്ടുന്നത് നമ്മിലേക്കാണ്...
അവര്‍ ഭയക്കുന്നത് നമ്മളെയാണ്...
നമ്മള്‍ അവര്‍ക്ക് നിഷേദ്ധിക്കുന്ന അഭിപ്രായ സ്വാതന്ത്രമാണ്...
പലരും പലപ്പോഴായി ഈ ഇരട്ട വ്യക്തിത്വത്തിലൂടെ പ്രകടിപ്പിക്കുന്നത്...
അതിനാല്‍ നമ്മുക്ക് നമ്മള്‍ അവര്‍ക്ക് നഷ്ടപ്പെടുത്തുന്ന അഭിപ്രായസ്വാതന്ത്രം നല്‍ക്കാം.. 
അവര്‍ അവരുടെ മുഖമൂടികള്‍ അഴിച്ചു വെച്ച് നമ്മുടെ സുഹൃത്തുകള്‍ ആയി...
നമ്മുടെ ഇടയില്‍ ജീവിക്കട്ടെ....!

- സഹര്‍ അഹമ്മദ്‌ 

Sunday, February 10, 2013

കവിത :: എന്‍റെ പ്രാര്‍ത്ഥന

" നിങ്ങള്‍ക്കു എന്‍റെ നാവ് മുദ്ര ചെയ്യാം..
എന്‍റെ കൈക്കാലുക്കളില്‍ വിലങ്ങു തീര്‍ക്കാം...
തീവ്രവാദിയെന്നൊ.. ഭീകരവാദിയെന്നൊ...
പറഞ്ഞു... തൂക്കിലേറ്റാം..
പക്ഷെ, എന്‍റെ മനസ്സിനെ എങ്ങനെ നിങ്ങള്‍ തോല്‍പ്പിക്കും...
എന്‍റെ മരണം എന്നെ മഹാന്‍ ആക്കിയേക്കാം...
എന്‍റെ പിന്‍ഗാമികള്‍ നിങ്ങളെ ചോദ്യം ചെയ്തേക്കാം...
എങ്കിലും.. ഞാന്‍ പ്രാര്‍ത്ഥിക്കുക...
ഒരു നിരപരാധി പ്പോലും തൂക്കിലേറ്റരുത് എന്നാണു...."

- സഹര്‍ അഹമ്മദ്‌

വേഷങ്ങള്‍.....

"നമ്മുടെ നിത്യജീവിതത്തിനിടയില്‍ നമ്മള്‍ പലരേയും കണ്ടുമുട്ടുന്നു...
അതില്‍ പലര്‍ക്കും നമ്മുടെ ജീവിതത്തില്‍ ചില വേഷങ്ങളുണ്ട്...,
അവരുടേതായ ചില വേഷങ്ങള്‍......എങ്കിലും ഞാന്‍ ഈ ജീവിതത്തെ 
നാടകം എന്ന് വിളിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല... കാരണം, ആരോ എഴുതിയ 
തിരക്കഥയിലെ കഥാപാത്രങ്ങള്‍ അല്ല നമ്മള്‍...ജീവിതം ജീവിക്കുവാനാണ്...
അഭിനയിക്കുവാനല്ല.."

- സഹര്‍ അഹമ്മദ്‌

ഈ രാത്രിയില്‍...


ഈ രാത്രിയില്‍ ഞാന്‍ ഉറങ്ങാതിരിക്കുവാന്‍ ആണ് ആഗ്രഹിക്കുന്നത്...
ഈ നിലവില്‍ ഞാന്‍ കൊതിക്കുന്നത് നിന്റെ സാമിപ്യമാണ്...
എന്നെ തലോടുന്ന കുളിര്‍കാറ്റിനേക്കാള്‍ ഞാന്‍ ആഗ്രഹിക്കുന്നത്...
നിന്റെ മുടിയിഴകളില്‍ തലോടുവാന്‍ ആണ്...
എന്നെ നോക്കിയിരിക്കുന്ന കുഞ്ഞു താരകങ്ങളേക്കാള്‍ ഞാന്‍ ആശിക്കുന്നത്...
നിന്റെ കണ്ണുകളില്‍ നോക്കിയിരിക്കുവാന്‍ ആണ്..
എനിക്കായി പാടുന്ന രാക്കിളികളേക്കാള്‍ ഞാന്‍ കാതോര്‍ക്കുന്നത്...
നിന്റെ വാക്കുകള്‍ക്കാണ്...
എന്നെ അകലുന്ന മേഘ ശകലങ്ങളേക്കാള്‍ ഞാന്‍ മോഹിക്കുന്നത്...
നിന്റെ സഹവാസമാണ്...
അതെ ഞാന്‍ പൂര്‍ണമാകുന്നത് നിന്നിലൂടെയാണ്....

- സഹര്‍ അഹമ്മദ്‌ 

അവരെ നാം എന്തു വിളിക്കും....

നമ്മുടെ ജീവിതത്തില്‍ ചിലരുണ്ട്....
ഒരു രാത്രി മഴ പോലെ...
നമ്മള്‍ ഒരിക്കല്‍ പോലും പ്രതിക്ഷിക്കാതെ...
നമ്മുടെ ജീവിതത്തില്‍ കടന്നു വരുന്നവര്‍...
കുറച്ചു നിമിഷങ്ങള്‍ കൊണ്ട്....
അവര്‍ നമ്മില്‍ ഒരുപ്പാട്‌ നന്മകള്‍ തീര്‍ക്കും...
എന്നിട്ട് എല്ലാ നന്മയും നമ്മില്‍ ഉപേക്ഷിച്ചു..
നമ്മോടു യാത്ര ചോദിക്കാതെ..
ഒരു ദിനം നമ്മെ അകന്നുപ്പോവും...
അതെ, അവരെ നാം എന്തു വിളിക്കും....
സുഹൃത്തെന്നോ...? അതോ....?

- സഹര്‍ അഹമ്മദ്‌ 

Sunday, January 27, 2013

കഥ :: കന്യാകുമാരിയില്‍ ഒരു സൂര്യോദയം...


           
    സുഹൃത്തിന്റെ വീട്ടില്‍ നിന്നും മരുന്ന് വാങ്ങുവാനാണ്‌ തിരുവനന്തപുരത്ത് എത്തിയത്. അവിടെ എത്തിയപ്പോള്‍ ഒന്ന് കന്യാകുമാരി വരെ ചെന്ന് സൂര്യോദയവും കാണുവാന്‍ ആഗ്രഹം. പക്ഷെ സുഹൃത്തിന്റെ അമ്മ അവന്റെ വിവരങ്ങള്‍ അന്വേഷിച്ചു, ഭക്ഷണവും കഴിക്കാതെ അവിടെ നിന്ന് ഇറങ്ങുവാന്‍ വിട്ടില്ല...തിരിച്ചു തിരുവനന്തപുരം ബസ്‌സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ സമയം വൈകിയിരുന്നു... കന്യകുമാരിയിലേക്കുള്ള ബസ്‌ ഞാന്‍ എത്തുന്നതിനു ഏതാനും മിനുട്ടുകള്‍ മുന്‍പ് പുറപ്പെട്ടതെയുള്ളൂ, അടുത്ത ബസ്‌ പുറപ്പെടുവാന്‍ ഒരു മണികൂറെങ്കിലും കഴിയണം. അതിനിടയില്‍ ചിലരോട് തിരക്കിയപ്പോള്‍ നാഗര്‍കോവിലേക്ക് ഉടനെ ബസ്‌ ഉണ്ടെന്നും അവിടെ നിന്ന് കന്യാകുമാരിയിലേക്ക് എല്ലാ പത്തു മിനുട്ടിലും ബസ്‌ കിട്ടുമെന്ന് പറഞ്ഞു.. അങ്ങനെ ഞാന്‍ നാഗര്‍കോവിലേക്ക് പുറപ്പെട്ടു.... അവിടെ നിന്ന് അടുത്ത ബസിനു കന്യകുമരിയിലേക്കും ...

              കന്യാകുമാരിയില്‍ എത്തിയപ്പോള്‍ സമയം പതിനൊന്നു മണി ആയിരുന്നു.. താമസിക്കുവാന്‍ മുറി അന്വേഷിച്ചു ഓരോ ഹോട്ടലിലും ചെന്നു. തനിച്ചു ചെന്നതിനാല്‍ മുറി തരുവാന്‍ ആരും കൂട്ടാക്കിയില്ല.. അവരോടു കൂടുതല്‍ അന്വേഷിച്ചപ്പോള്‍, ഈയ്യിടെയായി അവിടെ ആത്മഹത്യ വര്‍ദ്ധിച്ചിട്ടുണ്ടെന്നും പലരും തനിച്ചു വന്നു ആത്മഹത്യ ചെയ്യാറാണ് പതിവെന്നും അവര്‍ പറഞ്ഞു. അതിലൊരാള്‍ വീട്ടുക്കാരുമായി സംസാരിക്കണമെന്നും എന്നാല്‍ മുറി തരാമെന്നു പറഞ്ഞു, പക്ഷെ വീട്ടുക്കാരുമായി സംസാരിക്കാമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ അതിനും തയ്യാറായില്ല.. അവസാനം വിശന്നു ഞാന്‍ അടുത്തുള്ള ഒരു രസ്ടോരന്റില്‍ കയറി നല്ല ചുടുള്ള മസാലദോശ കഴിച്ചു, പിന്നെ എങ്ങോട്ടെന്ന് ഇല്ലാതെ നടന്നു...

          ഒടുവില്‍ നടന്നു നടന്നു കരിങ്കല്‍ മണ്ഡപത്തില്‍ എത്തി. അവിടെ കിടന്നുറങ്ങമെന്നു വെച്ചു. മൂന്നു ഭാഗം കടലാല്‍ ചുറ്റപ്പെട്ട ആ കരിങ്കല്‍ മണ്ഡപത്തില്‍ ഒരു പുതപ്പിലാതെ കിടന്നുറങ്ങുക അസഹ്യമായിരുന്നു.. പക്ഷെ യാത്ര ക്ഷീണത്താല്‍ ഞാന്‍ കിടന്നുറങ്ങി. മൂന്നു മണി കഴിഞ്ഞപ്പോള്‍ അവിടെ കിടന്നുറങ്ങുക എന്നത് അസഹ്യമായി. വീണ്ടും തിരിച്ചു നടന്നു. ഒരു paid parking ലെ toilet ല്‍ ചെന്ന് പ്രഭാത കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു, സൈക്കിളില്‍ ചായ വില്‍ക്കുന്നവന്റെ അടുത്ത് നിന്ന് ഒരു ചായയും വാങ്ങി... സൂര്യോദയം കാണുവാനായി കാത്തു നിന്നു. പതിയെ പതിയെ ആളുകള്‍ വരുന്നുണ്ടായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ്‌ ഒരു സൂര്യോദയം കാണുവാന്‍ ഇങ്ങനെ കാത്തു നില്‍ക്കുന്നത്. ഇതിനു മുന്‍പ് എത്രയോ ദിവസങ്ങളില്‍ സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഒരു സൂര്യോദയത്തിനും ഇത്രയേറെ പ്രാധാന്യം കല്പ്പിക്കുകയോ.. കാത്തിരിക്കുകയോ ചെയ്തിട്ടില്ല.. എങ്കിലും ഇന്ന് സൂര്യോദയം കാണുവാനുള്ള ഈ കാത്തിരിപ്പിന് ഒരു സുഖമുണ്ട്, അതിലേറെ മനസ്സിന് ഒരു ഉണര്‍വ് അനുഭവിക്കുന്നുണ്ട്.

      അങ്ങനെ കാത്തിരിപ്പിനൊടുവില്‍ വിവേകാനന്ദ മഠത്തില്‍ നിന്ന് ശംഖുവിളി ഉയര്‍ന്നു, കൂടെ പതാക ഉയര്‍ത്തുകയും ചെയ്തു. എല്ലാവരുടെയും ആകാംഷ ഒന്നു കൂടെ വര്‍ദ്ധിച്ചു.. എല്ലാവരും അവരുടെ ക്യാമറ തയ്യാറാക്കുകയാണ്.. ഏതാനും നിമിഷങ്ങള്‍ക്കകം സൂര്യന്‍ ഉദിച്ചുയര്‍ന്നു... ജീവിതത്തില്‍ ആദ്യമായാണ്‌ ഇത്രയും മനോഹരമായ ദൃശ്യം കാണുന്നതിനാല്‍ തന്നെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ക്യാമറയില്‍ ആവുന്നത്ര ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നെ വിവേകാനന്ദപ്പാറയിലേക്ക് പോകുവാനായി ബോട്ട് ജെട്ടിയിലേക്ക് നടന്നു. ആ നടത്തത്തിനിടയില്‍ അവിടെയുള്ള കടകളില്‍ നിന്ന് ശംഖുകളും മറ്റും വാങ്ങിച്ചു..കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവില്‍ വിവേകാനന്ദ പാറയിലേക്ക് ബോട്ട് പുറപ്പെട്ടു.. അവിടെ നിന്ന് തിരുവള്ളുവരിന്റെ സ്മാരകത്തിലേക്കും ... അതിന്റെയിടയില്‍ എന്റെ മൊബൈലിന്റെ ബാറ്ററി ചാര്‍ജ് തിരുവാനായതിനാല്‍ വീട്ടില്‍ വിളിച്ചു നാളെ രാവിലെ ആവുമ്പോഴേക്കും വീട്ടില്‍ തിരിചെത്തു മെന്നു ഉറപ്പു പറഞ്ഞു. അല്ലെങ്കില്‍ അതു മതി എന്റെ ഉമ്മാക്ക് ഞാന്‍ എത്തുവോളം എന്നെ കുറിച്ച് ആശങ്കപ്പെടുവാന്‍. അങ്ങനെ കണ്ടു കൊതിതീരാത്ത, ഞാന്‍ ഏറെ മോഹിപ്പിച്ച കന്യാകുമാരിയോട്‌ വിടപറഞ്ഞു ഞാന്‍ വീട്ടിലേക്കു യാത്ര തിരിച്ചു...

- സഹര്‍ അഹമ്മദ്‌  

Saturday, January 26, 2013

കഥ :: ഒരു wallet കളഞ്ഞു കിട്ടിയ കഥ....


ഈ കഥക്കോ കഥാപ്പാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി വല്ല സാദൃശ്യവും ഉണ്ടെന്ക്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രമാണ്...

കണ്ണൂരില്‍ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ ദുബൈ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള അല്‍ സീഫ് സ്ട്രീറ്റിലെ കാര്‍ണിവല്‍ കാണുവാന്‍ ചെന്നു. കാര്‍ണിവലിന്റെ തിരക്കുകള്‍ക്കിടയില്‍ അവര്‍ക്ക് ഒരു wallet കളഞ്ഞു കിട്ടി. ആരുടേത് എന്ന് അറിയുവാനുള്ള ആകാംഷ കൊണ്ട് അവര്‍ അതിലെ id കാര്‍ഡ് എടുത്തു നോക്കി. അത് rona എന്നാ ഫിലിപ്പീനുടെതായിരുന്നു...അത് എല്ലാവരുടെയും മുഖത്ത് എന്തെന്നില്ലാത്ത പ്രകാശം പരത്തി...അവളെ വിളിച്ചു wallet തിരിച്ചു നല്ക്കുവാന്‍ അവളുടെ മൊബൈല്‍ നമ്പറിനായി wallet അവര്‍ അരിച്ചു പെറുക്കി...ഒടുവില്‍ ഒരു exchange ന്റെ reciept അവര്‍ക്ക് കിട്ടി.. 

കൂട്ടത്തില്‍ നിര്‍മ്മല്‍ എന്നാ പയ്യന്‍ അതില്‍ നിന്ന് കിട്ടിയ മൊബൈല്‍ നമ്പറില്‍ വിളിച്ചു...ഫോണ്‍ അറ്റന്‍ഡ് ചെയ്ത തരുണി ശബ്ദം കേട്ട് നിര്‍മ്മലിന്റെ മനസ്സില്‍ കുളിര് കോരി...അവള്‍ ഉടനെ തന്നെ നിര്‍മ്മല്‍ നല്‍കിയ landmark ല്‍ എത്തിച്ചേര്‍ന്നു...അവളുടെ വരവ് ദൂരെ നിന്ന് കണ്ട നിര്‍മ്മാലും കൂട്ടരും ആവേശം പൂണ്ടു...അവര്‍ അവളുടെ പേര് വിളിച്ചു..അവള്‍ ആവരുടെ അരികിലേക്ക് ചെന്നു... നിര്‍മ്മല്‍ അവളോട്‌ പറഞ്ഞു: ഞങ്ങള്‍ നിന്റെ wallet തിരിച്ചു തരാം, പക്ഷെ നിന്റെ facebook id തരണം. തനിക്ക് facebook id ഇല്ല എന്ന് അവള്‍ മറുപടി പറഞ്ഞു...ഒടുവില്‍ നിര്‍മ്മലിനു ഒരു shake hand ഉം കൊടുത്തു wallet ഉം തിരിച്ചു വാങ്ങി അവള്‍ നടന്നു..ഒരു സ്ത്രിയുടെ കരസ്പര്‍ശം ലഭിച്ചതില്‍ നിര്‍മ്മല്‍ നിര്‍വൃതി കൊണ്ടു... പക്ഷെ കൂട്ടുക്കാര്‍ അവനു ലഭിക്കാതെ പോയ facebook id യെ കുറിച്ച് പറഞ്ഞു അവനെ പരിഹസിച്ചു..

- സഹര്‍ അഹമ്മദ്‌ 

Thursday, January 3, 2013

കവിത :: എന്റെയീ മൗനം...


അരുത്താതൊക്കെയും കാണേണ്ടി വന്നപ്പോള്‍ 
ഞാന്‍ അവരെ ഒത്തിരി ഉപദേശിച്ചു...
എന്നിട്ടും മാറാത്തവരെ..
ഞാന്‍ കൈ കൊണ്ട് തടഞ്ഞു...
അവരെന്നെ ഇന്ന് തീവ്രവാദിയെന്നു വിളിക്കുന്നു...
എന്നിട്ടും നന്നാവാത്ത...
ഞാന്‍ ഉള്‍കൊള്ളുന്ന ഈ ജനതയോട്..
ഞാന്‍ മൗനം നടിക്കുന്നു...
എന്റെയീ മൗനം ഒരിക്കലും...
ഈ ജനതയുടെ ചെയ്തികള്‍ക്കുള്ള മൗനസമ്മതമല്ല...
മറിച്ച് പ്രാര്‍ത്ഥനയാണ്....
എന്നെങ്കിലും നന്നായേക്കാവുന്ന..
ഒരു ജനതയ്ക്കായുള്ള എന്റെ പ്രാര്‍ത്ഥന...

- സഹര്‍ അഹമ്മദ്‌ 

Saturday, December 22, 2012

മാപ്പ്.... ഈയുള്ളവന് പൊറുത്തുതരിക....

ജീവിതത്തില്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് നാളെ..
ആ സുദിനത്തില്‍ അവരോടൊപ്പം പങ്കുകൊള്ളുവാന്‍ ആവാതെ ദൂരെ നിന്ന് നോക്കി കാണേണ്ടിവരിക സഹിക്കാവുന്നതിലും അപ്പുറമാണ്.
അതിലേറെ ഞാന്‍ സ്നേഹിക്കുന്നവരാല്‍ വെറുക്കപ്പെടുകയും കൂടെ ആവുമ്പോള്‍....

എന്റെ ഈ പ്രവര്‍ത്തികള്‍ ശരി ആയിരുന്നില്ല എന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം....
അതിനാല്‍ മാപ്പ്.... ഈയുള്ളവന് പൊറുത്തുതരിക....

- സഹര്‍ അഹമ്മദ്‌ 

Sunday, December 16, 2012

അവര്‍ വളരട്ടെ....!


ഒരു ഭരണാധിപന് തന്റെ പ്രജകളോടുള്ള ധര്‍മ്മവും കര്‍ത്തവ്യവും നിര്‍വഹിക്കുവാന്‍ ആവുന്നില്ലെങ്കില്‍ അടുത്ത അവകാശിയെ കണ്ടെത്തി തന്റെ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാവുന്നതാണ്. അപ്രകാരം തന്നെ ഭാര്യക്കും ഭര്‍ത്താവിനും അവര്‍ തമ്മിലുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുവാന്‍ ആവുന്നില്ലെങ്കില്‍ വിവാഹമോചനത്തിലുടെ  വേര്‍പ്പിരിയാവുന്നതാണ്., അപ്പോഴും അവര്‍ക്ക് തന്റെ മക്കളോടുള്ള കടമകളില്‍ നിന്ന് ഒഴിഞ്ഞു മാറുവാന്‍ ആവില്ല...

ഖേദകരമെന്ന് പറയട്ടെ..., നമ്മുടെ ഇടയില്‍ ഇന്ന് വര്‍ധിച്ചു വരുന്ന വിവാഹമോചന നിരക്കുകള്‍ സൂചിപ്പിക്കുന്നത്, മാതാപിതാകള്‍ ഉണ്ടായിട്ടും അനാഥരാവുന്ന നമ്മുടെ കുട്ടിക്കളുടെ എണ്ണത്തെയാണ്‌ . മാതാപിതാകളുടെ വേര്‍പ്പിരിയല്‍ നമ്മുടെ കുട്ടികളുടെ മനസ്സില്‍ ഉണ്ടാകുന്ന മുറിവിന്റെ ആഴം എത്രമാത്രം വലുതാണ്‌ എന്ന് നമ്മള്‍ പലപ്പോഴും ആലോച്ചിക്കാറില്ല...

കഴിഞ്ഞ ദിവസം അമേരിക്കയില്‍ തന്റെ അമ്മയെയും സ്കൂള്‍ കുട്ടികളെയും കൊലപ്പെടുത്തിയ ഇരുപ്പതുക്കാരന്റെ മാനസ്സിക വിഭ്രാന്തിക്ക് കാരണം തന്റെ പത്താമത്തെ വയസ്സിലെ മാതാപിതാകളുടെ വേര്‍പ്പിരിയലാണ് എന്ന് നാം തിരിച്ചറിയുമ്പോഴും, അത് നമ്മില്‍ യാതൊരു മാറ്റവും സൃഷ്ടിക്കുന്നില്ല എന്നത് വേദനാജനകമാണ്...

എനിക്ക് മാതപിതാകളോട് പറയുവാനുള്ളത്.... നിങ്ങള്‍ മുറിവേല്‍പ്പിക്കുന്ന നിങ്ങളുടെ മക്കള്‍... നാളെയുടെ പ്രതിക്ഷകള്‍ ആണ്.. അതിനാല്‍ തന്നെ ആ കുരുന്നു മൊട്ടുകളെ നിങ്ങള്‍ മുറിവേല്‍പ്പിക്കാതിരിക്കുക... അവര്‍ വളരട്ടെ... വളര്‍ന്നു .... പുഷ്പ്പിച്ചു... ഈ ലോകത്തു സൗരഭം പരത്തട്ടെ....


- സഹര്‍ അഹമ്മദ്‌ 

Sunday, December 9, 2012

കഥ :: ഇങ്ങനെയും ഒരു അച്ചന്‍...



അബുദാബിയിലെ പ്രശസ്തമായ പഞ്ചനക്ഷത്ര ഹോട്ടലില്‍ രമേഷ് കൂട്ടുക്കാരുമൊത്ത് മദ്യപ്പിക്കുകയാണ്. തനിക്കു പുതുതായി കിട്ടിയ ക്രെഡിറ്റ്‌ കാര്‍ഡിന്റെ ആഘോഷത്തിലാണ് അയാള്‍. അതിനിടയില്‍ രമേഷിന്റെ മൊബൈല്‍ നിര്‍ത്താതെ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. ഓരോ തവണയും മൊബൈല്‍ റിംഗ് ചെയ്യുമ്പോഴും അയാള്‍ ആ കോളുകള്‍ ഓരോന്നായി കട്ട്‌ ചെയ്യുകയായിരുന്നു. അവസാനമായി ആ മൊബൈലില്‍ ഒരു SMS ശബ്ദിച്ചു. എന്നിട്ടും രമേഷ് അത് വായിച്ചു നോക്കുവാന്‍ കൂട്ടാക്കിയില്ല... കൂട്ടുക്കാരില്‍ ഒരാള്‍ മൊബൈല്‍ വാങ്ങി ആ സന്ദേശം വായിച്ചു. അത് രമേഷിന്റെ മകളുടെതായിരുന്നു ..." അച്ഛാ .., നാളെ പരിക്ഷ ഫീസ്‌ അടയ്കേണ്ട അവസാന തിയ്യതിയാണ്, അടച്ചില്ലെങ്കില്‍ ഈ വര്ഷം പരിക്ഷ എഴുതുവാന്‍ ആവില്ല...". രമേഷ് കൂട്ടുക്കാരന്റെ കയ്യില്‍ നിന്ന് മൊബൈല്‍ പിടിച്ചു വാങ്ങി, ആ SMS ഡിലീറ്റ് ചെയ്തു. കൂട്ടുക്കാരുമായുള്ള തന്റെ മദ്യപാനം അയാള്‍ തുടര്‍ന്നു...

- സഹര്‍ അഹമ്മദ്‌ 

Friday, December 7, 2012

ചോദ്യം ചെയ്യപ്പെടണം..!

" ചരിത്രം ലോകത്തിന്റെ കണ്ണാടിയാണത്രെ... പഠന കാലത്ത് എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയമായിരുന്നു ചരിത്രം. എങ്കിലും ഞാന്‍ ചരിത്രത്തില്‍ വിശ്വസിക്കുന്നില്ല..., കാരണം..ചരിത്രം പലപ്പോഴും ഏകപക്ഷിയമാണ്. ഒരു സംഭവത്തിന്റെയോ... വ്യക്തിയുടെയോ എല്ലാ വശങ്ങളെയും ചരിത്രം വിലയിരുത്തുന്നില്ല എന്നത് കൊണ്ട് തന്നെ ഞാന്‍ ചരിത്രത്തില്‍ വിശ്വസിക്കുന്നില്ല..., അതിലേറെ ചരിത്രം ചോദ്യം ചെയ്യപ്പെടണം എന്നും ആഗ്രഹിക്കുന്നു..."

- സഹര്‍ അഹമ്മദ്‌ 

Tuesday, November 27, 2012

ഇത് എന്റെ അപേക്ഷയാണ്

മാതപിതാകള്‍ക്കിടയിലെ കലഹങ്ങള്‍ക്കിടയില്‍ നമ്മള്‍ പല്ലപ്പോഴും മക്കളെ വലിച്ചിഴക്കാറുണ്ട്....
മാതാവ് പിതാവിനെയും, പിതാവ് മാതാവിനെയും വെറുക്കുവാന്‍ പ്രേരിപ്പിക്കും...
അവസാനം മാതാപിതാകള്‍ കലഹങ്ങള്‍ തീര്‍ത്തു ഒന്നാവും... അതിന്റെ ഇടയില്‍...
പലപ്പോഴും അവര്‍ക്ക് മക്കളെ നഷ്‌ടപ്പെട്ടിടുണ്ടാവും... മാതാപിതാകള്‍ കലഹങ്ങള്‍ തീര്‍ത്തു ഒന്നാവുമ്പോഴും...
അവര്‍ മക്കളുടെ മനസ്സില്‍ വിതച്ച വെറുപ്പിന്റെ വിത്തുകള്‍ അവശേഷിക്കുന്നുണ്ടാവും...
അതിന്റെ ഫലമായി മക്കള്‍ എന്നേക്കുമായും മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ രണ്ടു പെരേയ്യും വെറുത്തിട്ടുണ്ടാവും...
ഈ കലഹങ്ങളുടെ പേരില്‍ മാതാപിതാകള്‍ മക്കള്‍ക്ക്‌ നഷ്‌ടപ്പെടുത്തുന്നത്  അവരുടെ ബാല്യമോ, കൗമാരമോ, യുവത്വമോ ആയിരിക്കാം..
ഒരിക്കലും ആ നഷ്‌ടങ്ങള്‍ ഒന്നും തന്നെ തിരിച്ചു കൊടുക്കുവാന്‍ ആവാത്തതാണ്... അതിലുപരി ഈ കലഹങ്ങള്‍ കുടുംബത്തില്‍ സൃഷ്‌ടിക്കുന്ന സാഹചര്യങ്ങള്‍ മക്കളെ വല്ല തെമ്മാടിയും ആക്കിയാല്‍, അവ മാതാപിതാകളെ മരണത്തോളം വേട്ടയാടി കൊണ്ടിരിക്കും..

അതിനാല്‍ മാതപിതാകള്‍ക്കിടയിലെ കലഹങ്ങള്‍ക്കിടയില്‍ മക്കളെ വലിച്ചിഴക്കാതിരിക്കുക... ഇത് എന്റെ അപേക്ഷയാണ്... നിങ്ങള്‍ സ്വികരിക്കുമെന്ന പ്രതിക്ഷയോടെ .....

- സഹര്‍ അഹമ്മദ്‌