Saturday, June 7, 2014

പ്രതീക്ഷിക്കുന്ന ചില ചോദ്യങ്ങൾ..!

പത്തുമാസം ഗർഭം ചുമന്നു 
നൊന്തു പ്രസവിച്ചു 
കുഞ്ഞിനെ മാറോടു ചേർത്ത് 
മുലയൂട്ടുന്ന ഇന്നത്തെ..
ഓരോ അമ്മയും പ്രതീക്ഷിക്കുന്നുണ്ടാവും..
നിങ്ങൾ എന്തിനു എന്നെ പ്രസവിച്ചു 
എന്ന മക്കളുടെ ചോദ്യം...!

പകലന്തിയോളം വെയിലത്ത്‌ പണിയെടുത്തു 
നട്ടപാതിരക്കു വീടണഞ്ഞു 
ഉറങ്ങുന്ന മക്കളെ 
നെഞ്ചോടു ചേർത്ത് ഉമ്മ വെക്കുന്ന 
ഓരോ അച്ഛനും പ്രതീക്ഷിക്കുന്നുണ്ടാവും 
ഒരിക്കലും നങ്ങളെ സ്നേഹിച്ചില്ല 
എന്ന മക്കളുടെ ചോദ്യം...!

ജീവിതത്തിന്റെ യൗവനം 
മരുഭൂമിയിൽ ഉരുകി തീർക്കുന്ന
ഓരോ പ്രവാസിയും പ്രതീക്ഷിക്കുന്നുണ്ടാവും 
നിങ്ങൾ ഇതുവരെ എന്ത് ചെയ്തു 
എന്ന ഉറ്റവരുടെ ചോദ്യം..!

വിവാഹ പ്രായമെത്തി മകൾ 
പുര നിറഞ്ഞു നിൽക്കുന്ന 
ഓരോ മതാപിതാകളും പ്രതീക്ഷിക്കുന്നുണ്ടാവും 
മകളെ കെട്ടിക്കുന്നില്ലേ..
എന്ന ബന്ധുകളുടെ ചോദ്യം..!

കല്യാണം കഴിഞ്ഞു 
കുഞ്ഞികാല് കാണാതിരിക്കുന്ന 
ഓരോ ദമ്പതികളും പ്രതീക്ഷിക്കുന്നുണ്ടാവും 
വിശേഷം ഒന്നുമായില്ലേ 
എന്ന നാട്ടുക്കാരുടെ ചോദ്യം...!

പ്രതീക്ഷിക്കുന്ന ചോദ്യങ്ങൾ ഏറെയുണ്ട് 
എങ്കിലും ജീവിതത്തിലധികവും 
നാം പ്രതീക്ഷിക്കാത്ത ചോദ്യങ്ങളാണ് 
ചോദ്യങ്ങൾ തന്നെയാണ് 
നമ്മിൽ ചിലരുടെയെങ്കിലും ജീവിതം..!

- സഹർ അഹമ്മദ് 

ഞാൻ ആരായിരുന്നു..?

ഓർമ്മകൾ ഒന്നും തന്നെ നശിച്ചിട്ടില്ല
എങ്കിലും ഞാൻ മറന്നിരിക്കുന്നു
ഞാൻ ആരായിരുന്നു എന്ന്
എന്നെ തന്നെ ബോധ്യപ്പെടുത്തുവാൻ
ആരോട് ചോദിക്കണം
എവിടെ അന്വേഷിക്കണം
ജന്മം തന്നവരോട് ചോദിക്കുവാൻ
അവരിന്ന് ജീവിച്ചിരിപ്പില്ല.. പിന്നെ ആരോട്...?
കൂടെ പിറപ്പുകളോട്..!
അവരെ പണ്ടേ അകറ്റിയത് അല്ലെ
അങ്ങനെയാണ് പൊളിക്കാതെ
ബാക്കിവെച്ച തറവാടിന്റെ മുറ്റത്ത്‌ എത്തിയത്
ഉമ്മാന്റെ ഉപ്പയാണ് പണിതത്
ഉപ്പാന്റെ ഓർമ്മയ്ക്ക്‌ ഉമ്മ നിലനിർത്തി
ഇന്ന് ഉമ്മയുടെ നോവുള്ള ഓർമ്മയാണ്
കാടുപിടിച്ച് കിടക്കുന്ന ഈ തറവാട്
തെക്കെത്തൊടിയിലെ മുത്തശ്ശി മാവ്
എന്നെ നോക്കി കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു
ഈ മാവിന്റെ ചുവട്ടിൽ ആണ്
എന്റെ പൊക്കിൾകൊടി മറവു
ചെയ്തതെന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്
ഉമ്മയുടെ മടിയിൽ തലവെച്ചു
ജിന്നിന്റെ മായികകഥകൾ
പുലരുവോളം ഉറങ്ങാതെ കേട്ടിരുന്നതും
തറവാടിന്റെ വരാന്തയിൽ ഇരുന്നാണ്
കൊന്തലക്കിൽ നിന്ന് ഉമ്മ എടുത്തു തന്ന
നാരങ്ങ മിടായിയുടെ മധുരം
നാവിൽ മറക്കാതെ ബാക്കിയിരിപ്പുണ്ട് ഇപ്പോഴും
ഉമ്മയുടെ കൈ ചുവപ്പിച്ച മൈലാഞ്ചി ആണ്
ഉമ്മയുടെ കബറിൻ മേലും
ഇപ്പോഴും വാടാതെ തളർത്തു നിൽക്കുന്ന
മൈലാഞ്ചി ചെടിയുടെ ചാരെ നിൽക്കുമ്പോൾ
അറിയാതെ എങ്കിലും കണ്ണ് നിറയാറുണ്ട്
ഉമ്മയുടെ സ്നേഹം എന്തെന്ന് അറിഞ്ഞത്
ഉമ്മ പോയതിൽ പിന്നെയാണ്
ജീവിതത്തിൽ ഒറ്റപ്പെടുമ്പോൾ ഒക്കെ
കൊതിക്കാറുണ്ട് ആ മടിയിൽ
തലവെച്ചു ഒന്ന് കിടക്കുവാൻ
ഞാൻ ആരാണ് എന്ന് തിരിച്ചറിയുന്നത്‌
ഉമ്മയോട് ചേർന്ന് നിൽക്കുമ്പോഴാണ്
മുറിച്ചു മാറ്റിയിട്ടും കുഴിച്ചിട്ടിട്ടും
ഒരിക്കലും അറ്റുപോവാതെ ബാക്കിയുണ്ട്
ഉമ്മയെ എന്നോട് ചേർത്തുവെക്കുന്ന
എന്റെ പൊക്കിൾകൊടി
 
- സഹർ അഹമ്മദ് 

Wednesday, April 30, 2014

കഥ :: നാളത്തെ കേരള

ജീവൻ താമരശ്ശേരിക്ക് അടുത്ത് പുനൂരാണ് വീട്. കണ്ണൂരിലെ ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. ആഴ്ചയിൽ ഒരിക്കൽ നാട്ടിലേക്ക് പോവും. ശനിയാഴ്ച ജോലി കഴിഞ്ഞു വീട്ടിലേക്കു പോവാനായി കണ്ണൂർ ബസ്‌ സ്റ്റാന്റിൽ എത്തിയതാണ്. ശനിയാഴ്ച ആയതിനാൽ നല്ല തിരക്ക് ആയിരുന്നു, കൂടാതെ പുസ്തകവും കടല മിടായിയും ലോട്ടറിയും കറ കളയുന്നതുമൊക്കെ വിൽക്കുന്നവരും...

താമരശ്ശേരിയിലേക്കുള്ള പ്രകാശ് ബസിൽ കയറി ഇരുന്നു... ബസ്‌ പുറപ്പെടുവാൻ ഒത്തിരി നേരം ഉണ്ടായിരുന്നു. അവന്റെ മുൻപിലേക്ക് ഒരു കൊച്ചു പയ്യൻ വന്നു. ചേട്ടാ നാളത്തെ കേരള.. നാളത്തെ കേരള.. ജീവൻ അവനെ നോക്കി പുഞ്ചിരിച്ചു പറഞ്ഞു ഞാൻ ലോട്ടറി എടുക്കാറില്ല. ആ പയ്യൻ അപേക്ഷ ഭാവത്തോടെ ജീവന്റെ കണ്ണിലേക്കു നോക്കി ചേട്ടാ ഒന്നേയുള്ളൂ... പയ്യന്റെ നോട്ടം ജീവന്റെ മനസ്സ് മാറ്റി. അവൻ ആ ലോട്ടറി വാങ്ങിച്ചു. ആ പയ്യന്റെ മുഖത്ത് ഒരായിരം നക്ഷത്രങ്ങൾ മിന്നി, അവൻ പാൽ പുഞ്ചിരി തൂകി.

ജീവൻ ആ പയ്യനോട് പറഞ്ഞു.. മോനു എനിക്ക് ഈ ലോട്ടറി വേണ്ട.. ഞാൻ പൊതുവെ ലോട്ടറി എടുക്കാറില്ല ഇത് നിനക്ക് വേണ്ടി എടുത്തുതാണ്.. ആ പയ്യൻ വാങ്ങിക്കുവാൻ ഒന്ന് മടിച്ചു.. ജീവൻ അവനെ ഒത്തിരി നിർബന്ധിച്ചു ഒടുവിൽ അത് അവൻ വാങ്ങി. അത് വേറെ ആർക്കും വിൽക്കില്ല എന്ന് സമ്മതിച്ചു പയ്യൻ ബസിൽ നിന്ന് ഇറങ്ങി.

ബസ്‌ പുറപ്പെടുവാൻ പിന്നെയും സമയം ഉണ്ടായിരുന്നു. ജീവൻ പുറത്തെ തിരക്കുകൽക്കിടയിലേക്ക് കണ്ണോടിച്ചു. ആ കൊച്ചു പയ്യൻ വീണ്ടും ജീവന്റെ കണ്ണുകളിൽ ഉടക്കി. ബസ് കാത്തു മരച്ചുവട്ടിൽ നിൽക്കുന്നവർക്കിടയിൽ ലോട്ടറി വിൽക്കുകയാണ് അവൻ. അവനെ കുറിച്ച് ഓർത്തപ്പോൾ ജീവനു ചിരി വന്നു. നാളത്തെ കേരളയെക്കാൾ വില ഇന്നത്തെ അത്താഴത്തിനു ഉണ്ടാവും എന്നോർത്ത് അവൻ ചിരിച്ചു.



- സഹർ അഹമ്മദ് 

Monday, April 21, 2014

കഥ :: അവർ ഉറങ്ങി കാണുമോ...?

സലാം അവൻ ഗൾഫിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുകയാണ്. ജോലിക്ക് കയറിയിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ എങ്കിലും വളരെ ആത്മാർത്ഥമായിട്ടാണ് അവൻ ജോലി ചെയ്തിരുന്നത്. 

ഒരു ദിവസം ബേക്കറി ഉടമ സലാമിനെ വിളിച്ചു അവനോടു നാട്ടിലെ കുശലങ്ങളൊക്കെ ചോദിച്ചു. കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചും പറഞ്ഞപ്പോൾ സലാമിന്റെ കണ്ണ് നിറഞ്ഞു. ഉടമ അവനോടു പറഞ്ഞു എനിക്കും രണ്ടു മക്കളുണ്ട് ഞാൻ വരുന്നതും കാത്തു അവർ ഉറങ്ങാതെ ഇരിക്കും. അതിനാൽ നീ എനിക്കെന്നും അവർക്കായി എന്തെങ്കിലും പലഹാരൻ മാറ്റിവെക്കണം.

ആറുമാസത്തിലേറെയായി.. സലാം അതിനു യാതൊരു മുടക്കവും വരുത്തിയിട്ടില്ല. ഉടമ മറന്നാലും സലാം ഓടിച്ചെന്നു അയാളുടെ വണ്ടിയിൽ പലഹാരങ്ങൾ വെച്ച് കൊടുക്കും. അന്ന് പതിവ് പോലെ സലാം ഓടിചെന്നു ഉടമക്ക് പലഹാരങ്ങൾ കൊടുത്തു. ഉടമ വേണ്ടെന്നു പറഞ്ഞു. 
എങ്കിലും സലാം ചോദിച്ചു.. അർബാബു് മക്കൾക്ക്‌ വേണമെന്ന് പറഞ്ഞിരുന്നു. 
ഉടമ  പെട്ടെന്ന് ചൂടായി.. നിന്നോട് അല്ലെ വേണ്ടെന്നു പറഞ്ഞത്..!
അതും പറഞ്ഞു അയാൾ ധൃതിയിൽ വണ്ടിയിൽ കയറി പോയി.

സലാമിന്റെ കണ്ണ് നിറഞ്ഞു.. ഉടമ കഴിഞ്ഞ ആഴ്ച ജോലിക്ക് വന്ന ജോർദാനി പെണ്ണിനെ വിവാഹം ചെയ്തുവെന്നും ഇന്ന് അങ്ങോട്ട്‌ ആയിരിക്കാം പോവുന്നതെന്നും കൂടെ ജോലി ചെയ്യുന്നവർ സലാമിനെ ആശ്വസിപ്പിച്ചു.

അന്ന് ഏറെ വൈകിയിട്ടും സലാമിന് ഉറങ്ങുവാൻ ആയില്ല.. ഉടമയുടെ മക്കൾ ഉറങ്ങി കാണുമോ..? അതായിരുന്നു സലാമിന്റെ മനസ്സ് നിറയെ.. അവരുടെ പ്രായത്തിലുള്ള മക്കൾ തനിക്കും ഉണ്ടല്ലോ.. അതോർത്തു സലാം നെടുവീർപ്പിട്ടു..

- സഹർ അഹമ്മദ് 

Thursday, April 10, 2014

കഥ :: തെരഞ്ഞെടുപ്പ് കാഴ്ച

കുമാരേട്ടൻ കിടപ്പിലായിട്ടു വർഷങ്ങളായി.. അദ്ദേഹത്തിനു വേണ്ടി ബന്ധുകൾ കയറി ചെല്ലാത്ത സർക്കാർ ഓഫിസുകളൊ കാണാത്ത രാഷ്ട്രിയ നേതാകന്മാരോ ഇല്ല. നേതാവിന്റെ ജനസമ്പർക്ക പരിപ്പാടിയിൽ വെയിലേറ്റു കാത്തു കിടന്നിട്ടും പോലും നിഷേധിക്കപ്പെട്ടത് ആയിരുന്നു അദ്ദേഹത്തിന്റെ ആനുകൂല്യങ്ങൾ... 

എന്നിട്ടും തെരഞ്ഞെടുപ്പു ദിവസം രാഷ്ട്രിയ പ്രവർത്തകർ എത്തി പൊക്കിയെടുത്തു പോളിങ്ങ് ബൂത്തിൽ എത്തിച്ചാണ് അദ്ദേഹത്തെ വോട്ടു ചെയ്യിച്ചത്.

- സഹർ അഹമ്മദ്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സ് നിറയെ അവനാണ് 

ആൾകൂട്ടത്തിൽ തനിച്ചായവൻ..

അവന്റെ മുടികൾ ജഡ പിടിച്ചിരുന്നില്ല 
വസ്ത്രങ്ങൾ കീറി പറഞ്ഞതല്ല..
ചുണ്ടുകൾ വറ്റി വരണ്ടതോ..
ശരീരം മെലിഞ്ഞുണങ്ങിയതോ അല്ല.
അവന്റെ കീശയിൽ ദിർഹമുകൾ നിറഞ്ഞിരുന്നു.
വയറു നിറയെ നല്ല ഭക്ഷണം കഴിക്കുകയും
നല്ല വസ്ത്രങ്ങൾ അണിയുകയും
നല്ല പാർപ്പിടത്തിൽ താമസിക്കുകയും ചെയ്തു.
അവൻ അനാഥൻ ആയിരുന്നില്ല..

എങ്കിലും അവൻ ഏതു ആൾകൂട്ടത്തിലും.. തനിച്ചായിരുന്നു.
അവനു പറയുവാൻ ഏറെയുണ്ടായിരുന്നു
അവൻ ആരോടും ഒന്നും പറഞ്ഞില്ല..
ഒന്നും പങ്കുവെച്ചില്ല..
ആരും അവനെ തനിച്ചാക്കിയത് അല്ല
അവൻ അവന്റെ ചുറ്റിലും ഉയർന്ന മതിലുകൾ...
കെട്ടിപൊക്കി എല്ലാവരിലും നിന്നും അകന്നു.
ഇന്ന് അവനു പൊളിച്ചു നീക്കുവാൻ
ആവാത്തവണ്ണം ആ മതിലുകൾ
അവന്റെ മനസ്സിൽ ശക്തിപ്പെട്ടിരിക്കുന്നു
ഇപ്പോൾ അവന്റെ ജീവിതം കൽതുറങ്കിൽ ഒറ്റപ്പെട്ടവനെ പോലെയാണ്
എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് അവൻ അശക്തൻ ആയിരിക്കുന്നു..

അവൻ കെട്ടിപൊക്കിയ മതിലിനു അപ്പുറം എല്ലാവരും ഉണ്ട്
അവന്റെ മതാപിതാകൾ, ഭാര്യ, മക്കൾ, കൂടെപിറപ്പുകൾ, സുഹൃത്തുകൾ..
അങ്ങനെ എല്ലാവരും..

അവനെ ആ മതിൽകെട്ടുകൾ തകർത്തു നമ്മുക്ക് രക്ഷിച്ചുകൂടെ..?
നമ്മിൽ ഒരാളായി നമ്മുടെ കൂടെ അവനെ കൈപിടിച്ച് നടത്തി കൂടെ?
അവനെ അന്വേഷിച്ചു നമ്മൾ മരുഭൂമികളിൽ അലയേണ്ട..!
അവൻ ഉണ്ട്.. നമ്മൾ ഓരോരുത്തരുടെ ഉള്ളിലും.. നമ്മുടെ ചുറ്റുപ്പാടിലും..

- സഹർ അഹമ്മദ്

കവിത :: കശുവണ്ടി


മഴ കൊണ്ടിട്ടും മുളക്കാതെ പോയ 
കശുവണ്ടി ആയിരുന്നു എന്റെ പ്രണയം...!

- സഹർ അഹമ്മദ്

Thursday, March 27, 2014

കവിത :: ചിലന്തി

തെരഞ്ഞെടുപ്പിൽ അവളുടെ ചിഹ്നം 
ചിലന്തി ആയിരുന്നു..
എതിർ സ്ഥാനാർഥി പറഞ്ഞത് 
ചിലന്തി ഫെമിനിസ്റ്റ് ആണെന്നാണ്‌..

ഇണചേർന്ന ശേഷം 
ആണ്‍ചിലന്തിയെ കൊല്ലുന്ന 
പെണ്‍ചിലന്തി ഫെമിനിസ്റ്റ് ആണെന്നാണ്‌..

മുട്ടവിരിഞ്ഞതിനു ശേഷം 
കുഞ്ഞുങ്ങൾക്ക്‌ സ്വയം ഭക്ഷണമാവാറുള്ള 
പെണ്‍ചിലന്തി ത്യാഗിയായ അമ്മയാണ് 
എന്നാണ് അവൾ മറുപടി കൊടുത്തത്...

- സഹർ അഹമ്മദ് 

Wednesday, March 26, 2014

ജീവിതവും മരണവും

അവൻ ജീവിച്ചിരുന്നപ്പോൾ 
അവൻ സ്നേഹിച്ചതൊക്കെയും 
ഉമ്മാനെയും ഉപ്പാനെയും 
ഭാര്യയെയും മക്കളെയും 
കൂടെപിറപ്പുകളെയും 
സുഹൃത്തുകളെയും ആയിരുന്നു 
ഇന്ന് അവൻ മരിച്ചപ്പോൾ 
അവനെ ഒന്ന് ഓർക്കുവാൻ പോലും 
ആർക്കും നേരമില്ലാതായി..

- സഹർ അഹമ്മദ് 

Tuesday, March 25, 2014

രാത്രിമഴയും.. ഉമ്മയുടെ മുത്തവും..

പുറത്തു ഇപ്പോഴും മഴ പെയ്യുകയാണ് 
കുട ചൂടാതെ മഴ നനയുവാൻ ആണ് 
മനസ്സ് കൊതിക്കുന്നത് 
ഒടുവിൽ റൂമിന്റെ വരാന്തയിൽ നിന്ന് 
മഴ അസ്വദിക്കുന്നു..
രാത്രിമഴ വല്ലാത്തൊരു അനുഭൂതിയാണ് 
നിശബ്ദമായി അമ്മ കുഞ്ഞിനു മുത്തം 
നൽക്കുന്നത് പോലെയാണ് 
ഓരോ  മഴത്തുള്ളിയും 
മണ്ണിലേക്ക് പെയ്തിറങ്ങുന്നത് 
എന്റെ കവിളിൽ പതിച്ച മഴത്തുള്ളിക്ക് 
എന്റെ ഉമ്മയുടെ മണം ആയിരുന്നു,
കുഞ്ഞു നാളിൽ ഉമ്മ തന്ന മുത്തത്തിന്റെ മണം..

- സഹർ അഹമ്മദ് 

Friday, March 14, 2014

കഥ ::: കൃഷി

ഉണ്ണികുട്ടനോട് മാഷ്‌ ചോദിച്ചു കേരളത്തിൽ ഏറ്റവും കൃഷി ചെയ്യുന്നത് എന്താണ് ? ഉണ്ണികുട്ടൻ ഉത്തരം കിട്ടാതെ വിരലുകടിച്ചു ചിന്തിച്ചു. മാഷ്‌ വീണ്ടും ചോദിച്ചു നെല്ല് ആണോ അതോ തേങ്ങയോ അതോ വേറെ എന്തെങ്കിലും..? ഒത്തിരി ചിന്തിച്ചിട്ട് ഉണ്ണികുട്ടൻ പറഞ്ഞു വീട്. ഉണ്ണികുട്ടന്റെ നിഷ്കളങ്കമായ ഉത്തരം കേട്ടിട്ട് മാഷിനു ചിരി വന്നു, എങ്കീലും മാഷ് ചിന്തിച്ചു അവൻ പറഞ്ഞതും ശരിയല്ലെ...!

- സഹർ അഹമ്മദ്‌ 

Thursday, March 6, 2014

കവിത :: മിന്നാമിന്നുങ്ങ്

പകലിന്റെ സൂര്യപ്രഭയിൽ 
ഞാൻ തട്ടിയകറ്റിയ 
കുഞ്ഞുശലഭമേ...
ഈ കൂരിരുട്ടിൽ 
ഏകാന്തതയിൽ 
എനിക്ക് തുണയാകുന്നത് 
നിൻ നുറുങ്ങുവെട്ടം മാത്രം...

- സഹർ അഹമ്മദ് 

Monday, February 24, 2014

കവിത :: ഗാന്ധിജി തിരിച്ചു വന്നാൽ

ബംഗാൽ വിഭജനത്തിലെ 
ഉണങ്ങാത്ത മുറിവിൽ മനം നൊന്തു 
ഡൽഹിയിലെ ലങ്കുന്ന വെളിച്ചത്തിലേക്ക് 
ഞാനില്ലയെന്നു പറഞ്ഞ ഗാന്ധിജിക്ക് 
ഗുജറാത്തിനെയും മുസാഫറബാദിനെയും 
അസാമിനെയും ആന്ധ്രയെയും 
കുറിച്ച് മനം നൊന്തു 
മാരത്തോണ്‍ സത്യാഗ്രഹം 
ഇരിക്കുവാനെ ഇന്ന് നേരം കാണു..

തലസ്ഥാന നഗരിയിൽ സത്യാഗ്രഹം
ഇരുന്നാലും അനുരന്ജനത്തിനായി 
ഒരു ഭരണകൂടവും വരില്ല 
പകരം വിലപേശലുമായി 
കോർപ്പറേറ്റ് ദലാളുകളെത്തും 
അവർക്കു വേണ്ടി മുപ്പതു വെള്ളി കാശിനു 
ഒറ്റി കൊടുക്കുവാൻ വല്ല യൂദാസുമുണ്ടാവും 

സത്യാഗ്രഹം പാർട്ടി നയരേഖയിൽ 
ഇല്ലെന്നു പറഞ്ഞായിരിക്കും 
അദ്ദേഹം വളർത്തിയ ദേശിയ പ്രസ്ഥാനം 
അദ്ദേഹത്തെ പുറത്താക്കുക 

താൻ ഉപ്പു സത്യാഗ്രഹം നടത്തിയ 
ദണ്ഡി കടപ്പുറം പോലും 
വിദേശികൾക്കു പകത്തു കൊടുത്തതു 
കണ്ടു അദ്ദേഹം നെടുവീർപ്പിടും 

തന്റെ പേരകുട്ടികൾ ബലാത്സംഗത്തിനു 
ഇരയാവുന്നതും 
അഴിമതിയും വിലവർദ്ദനവും 
അനവശ്യ നികുതികളും 
ജനജീവിതം ദുസഹമാവുന്നതു കണ്ടു 
അദ്ദേഹത്തിന്റെ നെഞ്ചു തകരും 

അദ്ദേഹത്തെ വധിക്കുവാൻ 
ഒരു ഗോഡ്സക്കു പകരം 
ഒരായിരം പേരുണ്ടാവും 
അവർക്കു പാരിതോഷികം നല്കുവാൻ 
സംരക്ഷിക്കുവാൻ അതിലേറെപ്പേരും 

നവഭാരതത്തിൽ തിരിച്ചുവന്നതിനെ 
കുറിച്ചോർത്തായിരിക്കും 
അന്ന് അദ്ദേഹം ലജ്ജിക്കുക.

- സഹർ അഹമ്മദ് 

Saturday, February 8, 2014

കവിത :: പേരിൽ എന്തിരിക്കുന്നു..?

സ്കൂളിൽ കൂട്ടുക്കാർ എന്നെ 
പല പേരുകൾ വിളിച്ചു പരിഹസിച്ചപ്പോൾ 
ടീച്ചറാണ് ആദ്യം പറഞ്ഞത് 
ഒരു പേരിൽ എന്തിരിക്കുന്നുവെന്ന്..?

തെരഞ്ഞെടുപ്പിൽ പാർട്ടി മാറി 
മത്സരിച്ച സുഹൃത്ത്‌ 
തെരുവ് നീളെ പ്രസംഗിച്ചതും 
പാർട്ടിയുടെ പേരിൽ എന്തിരിക്കുന്നുവെന്നാണ് .

നഴ്സറിയിൽ പഠിക്കുന്ന മകൾ 
എന്നെ പപ്പയെന്നും അവളെ മമ്മിയെന്നും 
ഉമ്മയെ ഗ്രാൻഡ്‌ മദർ എന്നും 
വിളിച്ചപ്പോൾ ഉമ്മ ചോദിച്ചതാണ് 
എന്തിനാണ് ഈ പേരു മാറ്റങ്ങളെന്നു 
ഉമ്മാനോട് ഞാൻ പറഞ്ഞതും 
ഈ പേരിലൊക്കെ എന്തിരിക്കുന്നുവെന്നാണ്..

ഇതും പറഞ്ഞു തർക്കിച്ചപ്പോൾ ആണ്
ഉമ്മ ഉപ്പു പാത്രത്തിനു പഞ്ചസാര 
എന്ന് എഴുതിയത്...
അന്ന് മുതലാണ്‌ 
പേരിൽ എന്തിരിക്കുന്നുവെന്നു 
ഞാനും അറിഞ്ഞത്..!

- സഹർ അഹമ്മദ്‌ 

Saturday, February 1, 2014

കഥ :: ഭാര്യയും മക്കളും

അയാൾ ഭാര്യയെ സ്നേഹിച്ചത് പോലെ ആരും ഭാര്യയെ സ്നേഹിച്ചിട്ടുണ്ടാവില്ല.. ബന്ധുകളുമായി തല്ലുകൂടിയതും അവരെ പിരിഞ്ഞതും പ്രവാസിയായതും എല്ലാം ഭാര്യക്കും മക്കൾക്കും വേണ്ടിയായിരുന്നു.

പക്ഷെ അവൾ സ്നേഹിച്ചതത്രയും മക്കളെയായിരുന്നു. ഒടുവിൽ പ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയ അയാളെ അവൾ ഉപേക്ഷിച്ചതും മക്കൾക്ക്‌ വേണ്ടിയായിരുന്നു.

- സഹർ അഹമ്മദ് 

Friday, January 24, 2014

കവിത :: മുഖം നഷ്ടപ്പെട്ടവർ

ചില മുഖങ്ങളുണ്ട് 
ഒരിക്കലും കണ്ടില്ലെങ്കിലും 
ഏതു ആൾക്കൂട്ടത്തിലും 
പരിചയം തോന്നുന്നവ 
കാണുന്നമാത്രയിൽ മനസ്സിൽ 
സന്തോഷപൂത്തിരി കത്തിക്കുന്നവ 
ഇന്ന് ഉച്ചയുറക്കത്തിൽ 
എന്നെ സ്വപ്നത്തിൽ നിന്നും 
ഉണർത്തിയതും
അങ്ങനെയൊരു മുഖമായിരുന്നു
കാണുവാൻ മോഹിച്ചപ്പോൾ
ഞാൻ തെരുവിലേക്ക് നടന്നു
ചുറ്റിലും എത്രയെത്ര മുഖങ്ങൾ
ഓരോന്നിനും ഒരായിരം മുഖമൂടികൾ
മുഖങ്ങൾ നഷ്ടപ്പെട്ടവർ
ആൾക്കൂട്ടത്തിൽ മുഖങ്ങൾ തിരയുന്നു
തൊട്ടടുത്ത കടയുടെ
കണ്ണാടിയിലേക്ക് ഞാൻ നോക്കി
എനിക്കും മുഖം നഷ്ടപ്പെട്ടിരിക്കുന്നു
പിന്നെ ഞാൻ അന്വേഷിച്ചതും
അലഞ്ഞതും എന്റെ മുഖത്തിനായിരുന്നു

- സഹർ അഹമ്മദ്‌

കവിത :: പ്രണയിതാവിന്റെ കവിതകൾ

പ്രണയിതാവിന്റെ കവിതകളിൽ 
പ്രണയം മാത്രമായിരുന്നില്ല 
എങ്കിലും അവർ പറയുന്നു 
പ്രണയമല്ലതൊന്നും വായിച്ചില്ലെന്ന്
കമ്മ്യൂണിസത്തിന്റെ നാട്ടിൽ പിറന്നിട്ടും
ചുവപ്പെന്നാൽ അവനു പ്രണയം മാത്രമെന്ന്
കലാപങ്ങളിലെ ചോരപ്പുഴ കണ്ടാലും
പ്രണയത്തെ കുറിച്ചേ എഴുതുവെന്നു
പാതി വെന്ത, മുറിവേറ്റ ശവങ്ങൾ കണ്ടാലും
മാംസങ്ങൾക്കിടയിൽ ഈച്ചകൾ
ഇണചേരുന്നതിനെ കുറിച്ചേ എഴുതുവെന്നു
വായിച്ചവർ പറയുന്നു
പ്രണയിതാവ് ഭ്രാന്തനെന്ന്
പ്രണയിതാവ് പറയുന്നു
പ്രണയവും ഭ്രാന്തെന്ന്..

- സഹർ അഹമ്മദ്‌

Friday, January 10, 2014

കവിത :: പെണ്ണെ, നിന്നെ അറിയാതെ...!

ജീവിതമാം ഈ യാത്രയിൽ 
ഒരേ ലക്ഷ്യത്തിലേക്കല്ലെങ്കിലും 
ഒരുമിച്ചു യാത്ര ചെയ്യേണ്ടി വരുന്ന 
സഹയാത്രികരെങ്കിലും അന്യരെത്രയോ...
അവരിൽ ചിലരിന്ന് പെണ്ണെ,
നീയൊന്നും അറിയുന്നില്ലെന്ന ധാരണയിൽ 
സ്വാതന്ത്രത്തിന്റെ സീമകൾ ലംഘിച്ചു...

കാർകൂന്തലിൽ രാക്ഷസകരങ്ങൾ തലോടിയും
കണ്ണുകളിലും ചുണ്ടുകളിലും ചുംബിച്ചും
നിൻ കവളിലെ അരുണിമ കവർന്നെടുത്തും
മേനിയിലും മനസ്സിലും
കൂർത്ത നഖങ്ങൾ കൊണ്ട്
അനേകായിരം ചിത്രങ്ങൾ പോറിയും

എത്രമേൽ രുചിച്ചിട്ടും മതിവരാതെ
എന്തിനോ തിരയുന്ന കഴുകൻ കണ്ണുകൾ
കൊത്തിപറിക്കുന്നു നിന്നുടെ മാംസവും
എന്നിട്ടുമൊടുങ്ങാത്ത കാമദാഹവുമായി
ഊറ്റികുടിക്കുന്നു നിന്നുടെ ചോരയും...

പെണ്ണെ നീ അറിയുന്നുവെന്നറിയാതെ
നിന്നെ അറിയാതെ..
എത്രയെത്ര അന്യരാം സഹയാത്രികരാണ്
നിന്റെ ചൂടേറ്റു കാമത്തിൻ ശമനം തേടുന്നത്.

- സഹർ അഹമ്മദ്‌

Wednesday, December 25, 2013

കവിത :: പ്രാസിംഗകൻ

അമ്മയെ തെരുവിൽ ഉപേക്ഷിച്ചവൻ 
തെരുവിൽ നിന്ന് ഉറക്കെ പ്രസംഗിക്കുന്നു 
പുഴയും നദിയും കടലും 
ഭൂമിയും പ്രകൃതിയും പിറന്ന നാടും 
അവനു അമ്മയാണത്രെ..!

- സഹർ അഹമ്മദ്‌

കവിത :: കനൽ

തെരുവിൽ ആരോ ഉപേക്ഷിച്ച 
സിഗരറ്റിലെ എറിഞ്ഞു തീരാത്ത 
കനലായിരുന്നു അവൾ 
എങ്കിലും അവർ അവളെ ചവിട്ടിമെതിച്ചു..

- സഹർ അഹമ്മദ്‌