Friday, January 24, 2014

കവിത :: മുഖം നഷ്ടപ്പെട്ടവർ

ചില മുഖങ്ങളുണ്ട് 
ഒരിക്കലും കണ്ടില്ലെങ്കിലും 
ഏതു ആൾക്കൂട്ടത്തിലും 
പരിചയം തോന്നുന്നവ 
കാണുന്നമാത്രയിൽ മനസ്സിൽ 
സന്തോഷപൂത്തിരി കത്തിക്കുന്നവ 
ഇന്ന് ഉച്ചയുറക്കത്തിൽ 
എന്നെ സ്വപ്നത്തിൽ നിന്നും 
ഉണർത്തിയതും
അങ്ങനെയൊരു മുഖമായിരുന്നു
കാണുവാൻ മോഹിച്ചപ്പോൾ
ഞാൻ തെരുവിലേക്ക് നടന്നു
ചുറ്റിലും എത്രയെത്ര മുഖങ്ങൾ
ഓരോന്നിനും ഒരായിരം മുഖമൂടികൾ
മുഖങ്ങൾ നഷ്ടപ്പെട്ടവർ
ആൾക്കൂട്ടത്തിൽ മുഖങ്ങൾ തിരയുന്നു
തൊട്ടടുത്ത കടയുടെ
കണ്ണാടിയിലേക്ക് ഞാൻ നോക്കി
എനിക്കും മുഖം നഷ്ടപ്പെട്ടിരിക്കുന്നു
പിന്നെ ഞാൻ അന്വേഷിച്ചതും
അലഞ്ഞതും എന്റെ മുഖത്തിനായിരുന്നു

- സഹർ അഹമ്മദ്‌

കവിത :: പ്രണയിതാവിന്റെ കവിതകൾ

പ്രണയിതാവിന്റെ കവിതകളിൽ 
പ്രണയം മാത്രമായിരുന്നില്ല 
എങ്കിലും അവർ പറയുന്നു 
പ്രണയമല്ലതൊന്നും വായിച്ചില്ലെന്ന്
കമ്മ്യൂണിസത്തിന്റെ നാട്ടിൽ പിറന്നിട്ടും
ചുവപ്പെന്നാൽ അവനു പ്രണയം മാത്രമെന്ന്
കലാപങ്ങളിലെ ചോരപ്പുഴ കണ്ടാലും
പ്രണയത്തെ കുറിച്ചേ എഴുതുവെന്നു
പാതി വെന്ത, മുറിവേറ്റ ശവങ്ങൾ കണ്ടാലും
മാംസങ്ങൾക്കിടയിൽ ഈച്ചകൾ
ഇണചേരുന്നതിനെ കുറിച്ചേ എഴുതുവെന്നു
വായിച്ചവർ പറയുന്നു
പ്രണയിതാവ് ഭ്രാന്തനെന്ന്
പ്രണയിതാവ് പറയുന്നു
പ്രണയവും ഭ്രാന്തെന്ന്..

- സഹർ അഹമ്മദ്‌

Friday, January 10, 2014

കവിത :: പെണ്ണെ, നിന്നെ അറിയാതെ...!

ജീവിതമാം ഈ യാത്രയിൽ 
ഒരേ ലക്ഷ്യത്തിലേക്കല്ലെങ്കിലും 
ഒരുമിച്ചു യാത്ര ചെയ്യേണ്ടി വരുന്ന 
സഹയാത്രികരെങ്കിലും അന്യരെത്രയോ...
അവരിൽ ചിലരിന്ന് പെണ്ണെ,
നീയൊന്നും അറിയുന്നില്ലെന്ന ധാരണയിൽ 
സ്വാതന്ത്രത്തിന്റെ സീമകൾ ലംഘിച്ചു...

കാർകൂന്തലിൽ രാക്ഷസകരങ്ങൾ തലോടിയും
കണ്ണുകളിലും ചുണ്ടുകളിലും ചുംബിച്ചും
നിൻ കവളിലെ അരുണിമ കവർന്നെടുത്തും
മേനിയിലും മനസ്സിലും
കൂർത്ത നഖങ്ങൾ കൊണ്ട്
അനേകായിരം ചിത്രങ്ങൾ പോറിയും

എത്രമേൽ രുചിച്ചിട്ടും മതിവരാതെ
എന്തിനോ തിരയുന്ന കഴുകൻ കണ്ണുകൾ
കൊത്തിപറിക്കുന്നു നിന്നുടെ മാംസവും
എന്നിട്ടുമൊടുങ്ങാത്ത കാമദാഹവുമായി
ഊറ്റികുടിക്കുന്നു നിന്നുടെ ചോരയും...

പെണ്ണെ നീ അറിയുന്നുവെന്നറിയാതെ
നിന്നെ അറിയാതെ..
എത്രയെത്ര അന്യരാം സഹയാത്രികരാണ്
നിന്റെ ചൂടേറ്റു കാമത്തിൻ ശമനം തേടുന്നത്.

- സഹർ അഹമ്മദ്‌