Saturday, June 7, 2014

പ്രതീക്ഷിക്കുന്ന ചില ചോദ്യങ്ങൾ..!

പത്തുമാസം ഗർഭം ചുമന്നു 
നൊന്തു പ്രസവിച്ചു 
കുഞ്ഞിനെ മാറോടു ചേർത്ത് 
മുലയൂട്ടുന്ന ഇന്നത്തെ..
ഓരോ അമ്മയും പ്രതീക്ഷിക്കുന്നുണ്ടാവും..
നിങ്ങൾ എന്തിനു എന്നെ പ്രസവിച്ചു 
എന്ന മക്കളുടെ ചോദ്യം...!

പകലന്തിയോളം വെയിലത്ത്‌ പണിയെടുത്തു 
നട്ടപാതിരക്കു വീടണഞ്ഞു 
ഉറങ്ങുന്ന മക്കളെ 
നെഞ്ചോടു ചേർത്ത് ഉമ്മ വെക്കുന്ന 
ഓരോ അച്ഛനും പ്രതീക്ഷിക്കുന്നുണ്ടാവും 
ഒരിക്കലും നങ്ങളെ സ്നേഹിച്ചില്ല 
എന്ന മക്കളുടെ ചോദ്യം...!

ജീവിതത്തിന്റെ യൗവനം 
മരുഭൂമിയിൽ ഉരുകി തീർക്കുന്ന
ഓരോ പ്രവാസിയും പ്രതീക്ഷിക്കുന്നുണ്ടാവും 
നിങ്ങൾ ഇതുവരെ എന്ത് ചെയ്തു 
എന്ന ഉറ്റവരുടെ ചോദ്യം..!

വിവാഹ പ്രായമെത്തി മകൾ 
പുര നിറഞ്ഞു നിൽക്കുന്ന 
ഓരോ മതാപിതാകളും പ്രതീക്ഷിക്കുന്നുണ്ടാവും 
മകളെ കെട്ടിക്കുന്നില്ലേ..
എന്ന ബന്ധുകളുടെ ചോദ്യം..!

കല്യാണം കഴിഞ്ഞു 
കുഞ്ഞികാല് കാണാതിരിക്കുന്ന 
ഓരോ ദമ്പതികളും പ്രതീക്ഷിക്കുന്നുണ്ടാവും 
വിശേഷം ഒന്നുമായില്ലേ 
എന്ന നാട്ടുക്കാരുടെ ചോദ്യം...!

പ്രതീക്ഷിക്കുന്ന ചോദ്യങ്ങൾ ഏറെയുണ്ട് 
എങ്കിലും ജീവിതത്തിലധികവും 
നാം പ്രതീക്ഷിക്കാത്ത ചോദ്യങ്ങളാണ് 
ചോദ്യങ്ങൾ തന്നെയാണ് 
നമ്മിൽ ചിലരുടെയെങ്കിലും ജീവിതം..!

- സഹർ അഹമ്മദ് 

ഞാൻ ആരായിരുന്നു..?

ഓർമ്മകൾ ഒന്നും തന്നെ നശിച്ചിട്ടില്ല
എങ്കിലും ഞാൻ മറന്നിരിക്കുന്നു
ഞാൻ ആരായിരുന്നു എന്ന്
എന്നെ തന്നെ ബോധ്യപ്പെടുത്തുവാൻ
ആരോട് ചോദിക്കണം
എവിടെ അന്വേഷിക്കണം
ജന്മം തന്നവരോട് ചോദിക്കുവാൻ
അവരിന്ന് ജീവിച്ചിരിപ്പില്ല.. പിന്നെ ആരോട്...?
കൂടെ പിറപ്പുകളോട്..!
അവരെ പണ്ടേ അകറ്റിയത് അല്ലെ
അങ്ങനെയാണ് പൊളിക്കാതെ
ബാക്കിവെച്ച തറവാടിന്റെ മുറ്റത്ത്‌ എത്തിയത്
ഉമ്മാന്റെ ഉപ്പയാണ് പണിതത്
ഉപ്പാന്റെ ഓർമ്മയ്ക്ക്‌ ഉമ്മ നിലനിർത്തി
ഇന്ന് ഉമ്മയുടെ നോവുള്ള ഓർമ്മയാണ്
കാടുപിടിച്ച് കിടക്കുന്ന ഈ തറവാട്
തെക്കെത്തൊടിയിലെ മുത്തശ്ശി മാവ്
എന്നെ നോക്കി കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു
ഈ മാവിന്റെ ചുവട്ടിൽ ആണ്
എന്റെ പൊക്കിൾകൊടി മറവു
ചെയ്തതെന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്
ഉമ്മയുടെ മടിയിൽ തലവെച്ചു
ജിന്നിന്റെ മായികകഥകൾ
പുലരുവോളം ഉറങ്ങാതെ കേട്ടിരുന്നതും
തറവാടിന്റെ വരാന്തയിൽ ഇരുന്നാണ്
കൊന്തലക്കിൽ നിന്ന് ഉമ്മ എടുത്തു തന്ന
നാരങ്ങ മിടായിയുടെ മധുരം
നാവിൽ മറക്കാതെ ബാക്കിയിരിപ്പുണ്ട് ഇപ്പോഴും
ഉമ്മയുടെ കൈ ചുവപ്പിച്ച മൈലാഞ്ചി ആണ്
ഉമ്മയുടെ കബറിൻ മേലും
ഇപ്പോഴും വാടാതെ തളർത്തു നിൽക്കുന്ന
മൈലാഞ്ചി ചെടിയുടെ ചാരെ നിൽക്കുമ്പോൾ
അറിയാതെ എങ്കിലും കണ്ണ് നിറയാറുണ്ട്
ഉമ്മയുടെ സ്നേഹം എന്തെന്ന് അറിഞ്ഞത്
ഉമ്മ പോയതിൽ പിന്നെയാണ്
ജീവിതത്തിൽ ഒറ്റപ്പെടുമ്പോൾ ഒക്കെ
കൊതിക്കാറുണ്ട് ആ മടിയിൽ
തലവെച്ചു ഒന്ന് കിടക്കുവാൻ
ഞാൻ ആരാണ് എന്ന് തിരിച്ചറിയുന്നത്‌
ഉമ്മയോട് ചേർന്ന് നിൽക്കുമ്പോഴാണ്
മുറിച്ചു മാറ്റിയിട്ടും കുഴിച്ചിട്ടിട്ടും
ഒരിക്കലും അറ്റുപോവാതെ ബാക്കിയുണ്ട്
ഉമ്മയെ എന്നോട് ചേർത്തുവെക്കുന്ന
എന്റെ പൊക്കിൾകൊടി
 
- സഹർ അഹമ്മദ്