Saturday, June 30, 2012

കഥ :: അന്വേഷണം


ഓരോ പ്രണയവും ഓരോ അന്വേഷണമാണ്.. മനസ്സില്‍ മോഹിക്കുന്ന പ്രണയിനിയെ, അല്ലെങ്കില്‍ എന്നെങ്കിലും നഷ്ടമായ പ്രണയിനിയെ
കണ്ടെത്തുവാനുള്ള  അന്വേഷണം .. ഈ കഥയും അങ്ങനെയുള്ള ഒരു അന്വേഷണമാണ്...

ഡിസംബറിലെ തണുത്ത രാത്രിയില്‍ മദ്രസയിലെ ഉസ്താദിന് ഭക്ഷണം വാങ്ങിക്കുവാന്‍ ചെന്നപ്പോഴാണ്  അവളെ ആദ്യമായി കണ്ടത്...
ഇതുവരെ ആരോടും തോന്നാതിരുന്ന ഒരു ഇഷ്ടം ആദ്യമായി അവളോട്‌ തോന്നി.... പിന്നെ പ്രണയം തുറന്നു പറയാതിരുന്ന നീണ്ട ഏഴു വര്‍ഷങ്ങള്‍ 
അവളുടെ പാതയിലെ നിത്യ സന്ദര്‍ശകനായി.. അവളോട്‌ പറയുവാന്‍ കൊതിച്ചതൊക്കെ കവിതകളായി കുറിച്ചുവെച്ചു.. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം 
പ്രണയം തുറന്നു പറഞ്ഞപ്പോള്‍ അവളുടെ മറുപടിക്ക് പകരം അവളുടെ ഉപ്പ പറഞ്ഞു: " മോനെ ഈ പണി നിര്‍ത്തി കൊള്ളുവാന്‍...". അന്ന് മുതല്‍ അവള്‍ മുഖം തിരിച്ചു നടന്നു..അതോടെ ആ പ്രണയം കബറടക്കി...  

എങ്കിലും ഓരോ ആള്‍ കൂട്ടത്തിലും അന്വേഷിച്ചത് അവളെയായിരുന്നു.. അവളെ പോലെയുള്ളവളെ.. അവളുടെ കണ്ണുകളെ.. അവളുടെ പുഞ്ചിരിയെ... അങ്ങനെ...അങ്ങനെ...

അതിനു ശേഷം ജോലിക്കിടെ ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു... അതു നല്ല സുഹൃത്ത് ബന്ധത്തിലേക്ക് വളര്‍ന്നു.. ആ സുഹൃത്ത് ബന്ധം ഒഴിച്ചു കൂടുവാനാവത്തതാണ് എന്ന് തോന്നിയപ്പോള്‍ അവളോട്‌ വിവാഹ  അഭ്യര്‍ത്ഥന നടത്തി.. അവള്‍ സമ്മതിക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല..
അവളുടെ പിതാവ് പറഞ്ഞു, നിന്റെ മാതപിതാകള്‍ സമ്മതിച്ചാല്‍ നടത്താമെന്ന്.. എന്തോ കൊണ്ടോ എന്‍റെ മാതപിതാകള്‍ സമ്മതിച്ചില്ല...അതിലുപരി എനിക്ക് അവരോടു എന്‍റെ പ്രണയം ബോധ്യപ്പെടുത്തുവാന്‍ പറ്റിയില്ല എന്നതാണ് ശരി....

ഇനി ഒരിക്കലും ആരെയും പ്രണയിക്കില്ല എന്ന് തീരുമാനിച്ചുവെങ്കിലും..എന്നോട് ഒരുവള്‍ക്ക്‌ പ്രണയം തോന്നി.. അവളെ വിവാഹ അഭ്യര്‍ത്ഥന നടത്തുവാന്‍ താത്പര്യമുണ്ടോ എന്നവള്‍ ചോദിച്ചു.., ഒരിക്കലും അങ്ങനെയൊരു ഇഷ്ടം അവളോട്‌ തോന്നാതിരുന്നതിനാല്‍, അങ്ങനെ ഒരു ആഗ്രഹമില്ലെന്നും നല്ല സുഹൃത്തുകള്‍ മാത്രമായിരിക്കുമെന്നും തുറന്നു പറഞ്ഞു.. എന്നിട്ടും എന്റെ സുഹൃത്ത്‌ ബന്ധം അവളെ ശല്യപ്പെടുത്തുന്നു എന്നവള്‍ പറഞ്ഞതിനാല്‍..ആ സുഹൃത്ത്‌ ബന്ധം എന്നേക്കുമായി ഞങ്ങള്‍ അവസാനിപ്പിച്ചു...

ഇതിനിടയിലും എന്റെ പ്രണയിനിയെ തേടിയുള്ള അന്വേഷണം തുടരുന്നുണ്ടായിരുന്നുവെങ്കിലും ആരെയും കണ്ടെത്തുവാനായില്ല..അവസാനം മാതാപിതാകളുടെ നിര്‍ബന്ധത്തിനു വഴങ്ങി, ആ ശ്രമം ഉപേക്ഷിച്ചു ഒരിക്കലും കാണാത്ത ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു... ജീവിതസഖിയെ കുറിച്ച് ഒരുപാട് മോഹമുണ്ടായിരുന്നുവെങ്കിലും അതിലുപരി അവളിലെ നന്മയെ പ്രണയിക്കുവാന്‍ ഇഷ്ടപ്പെട്ടു.. ഞാന്‍ അന്വേഷിച്ചിരുന്ന എന്റെ പ്രണയിനിയെ തന്നെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത് എന്ന സത്യം അങ്ങനെ ഞാന്‍ അറിഞ്ഞു...

അതെ ഓരോ പ്രണയവും ഓരോ അന്വേഷണമാണ്, അതു പൂര്‍ണതയില്‍ എത്തുന്നത്‌ നമ്മള്‍ നമ്മുടെ ജീവിതസഖിയെ എന്നേക്കുമായി കണ്ടെത്തുന്നതിലൂടെയാണ്..., തിരിച്ചറിയുന്നതിലൂടെയാണ്  ...

- സഹര്‍ അഹമ്മദ്‌ 

Tuesday, June 26, 2012

ഞാന്‍ സ്വപ്നം കാണാറില്ല...!


എന്നെ കുറിച്ചുള്ള മറ്റുള്ളവരുടെ
സ്വപ്നങ്ങളൊന്നും തന്നെ 
ഞാന്‍ സാക്ഷാത്കരിച്ചിട്ടില്ല..,
അതിനാല്‍ മറ്റുള്ളവരെ കുറിച്ച്
ഞാന്‍ സ്വപ്നം കാണാറില്ല...!

- സഹര്‍ അഹമ്മദ്‌ 

Wednesday, June 20, 2012

സുഹൃത്തേ..,തനിച്ചല്ല നീ..

മണലാരണ്യത്തിലെ മരുപ്പച്ച തേടിയുള്ള മനുഷ്യന്റെ യാത്രക്ക് 
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൂട്ടമായും ഒറ്റക്കും അവന്‍ യാത്ര ചെയ്തിരുന്നു.
ചിലര്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു, മറ്റു ചിലരാകട്ടെ കൂട്ടം തെറ്റി മണലാരണ്യത്തില്‍ ഒറ്റപ്പെട്ടു.
തന്റെ നിലവിളിക്ക്‌ ആരെങ്കിലും കാതോര്‍ക്കുമെന്നു കരുതി അവന്‍ അട്ടഹസിച്ചു..,
പലപ്പോഴും അവന്‍റെ അട്ടഹാസങ്ങള്‍ നേര്‍ത്തു നേര്‍ത്തു നിശബ്ദമായ മരണത്തിനു വഴിമാറുകയായിരുന്നു..

നൂറ്റാണ്ടുകള്‍ ഏറെ പിന്നിട്ടു. മണലാരണ്യത്തിന്റെ രൂപവും ഭാവവും ഒക്കെ മാറി.
മണല്‍ കൂനകള്‍ക്ക് പകരം കോണ്‍ക്രീറ്റ് സൗധങ്ങളും ജലാശയങ്ങളും പുല്‍മേടുകളും വന്നു.
പക്ഷെ ജീവന്റെ ഉറവ തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ക്ക് മാത്രം വലിയ മാറ്റമൊന്നും വന്നില്ല..
വര്‍ഷങ്ങള്‍ക്കു മുന്‍പ് മണലാരണ്യത്തിന്റെ വിജനതയാണ് അവനെ ഭയപ്പെടുത്തിയതെങ്കില്‍,
ഇന്ന് പരസ്പരം കാതോര്‍ക്കാതെ എങ്ങോട്ടോ ഓടുന്ന ഈ ആള്കൂട്ടമാണ് അവനെ ഭയപ്പെടുത്തുന്നത്‌..
ഈ ആള്‍കൂട്ടത്തില്‍ എല്ലാവരെയും എന്ന പോലെ അവനും തനിച്ചാണ്...അവനു കൂട്ടായി അവന്‍റെ
സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും മാത്രം.. പലപ്പോഴും അവന്‍റെ സ്വപ്നഭംഗങ്ങള്‍ അവന്‍റെ മനസ്സില്‍
വിഷാദത്തിന്റെയും ഏകാന്തതയുടെയും തിരയിളകങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, അവന്‍റെ മുന്‍ഗാമികളെ
പോലെ അവനും നിലവിളിക്കുന്നുണ്ട്‌. ആരെങ്കിലും തന്നെ സഹായിക്കും എന്നോര്‍ത്തല്ല പലപ്പോഴും ആ നിലവിളികള്‍.
മറിച്ച്‌, തന്റെ വാക്കുകള്‍ക്കു ആരെങ്കിലും കാതോര്‍ക്കുമെനും, തന്റെ മനസ്സിന്റെ ഭാരം ഇത്തിരിയെങ്കിലും പങ്കുവെക്കുവാന്‍..
ആരെങ്കിലും വരുമെന്നും ഓര്‍ത്താണ് ആ നിലവിളികള്‍. പക്ഷെ ആ നിലവിളികള്‍ പലപ്പോഴും നാം കേള്‍ക്കാറില്ല..
ഒടുവില്‍, തന്റെ നിലവിളികള്‍ക്കു കാതോര്‍ക്കാത്ത ഈ ആള്‍കൂട്ടത്തില്‍ നിന്നും ഓടി മറയുവാന്‍ അവന്‍ ആഗ്രഹിക്കുന്നു..
അതിനായി അവന്‍ മരണത്തെ സ്വയം തെരഞ്ഞെടുക്കുന്നു..

അവന്‍റെ മരണം നമ്മോടു പലതും ചോദിക്കുന്നില്ലേ..? ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങള്‍..അതില്‍ നിന്നും ഒളിചോടുവാന്‍
നമ്മുക്കാവുമോ..? നമ്മള്‍ കാതോര്‍ക്കാതിരുന്ന അവന്‍റെ നിലവിളികള്‍ ഇപ്പോഴും ഈ അന്തരിക്ഷത്തില്‍ മുഴുങ്ങി നില്‍പ്പുണ്ട്..
ഒന്ന് കാതുക്കൂര്‍പ്പിച്ചാല്‍ ആ നിലവിളികള്‍ നമ്മുക്ക് കേള്‍ക്കാം.. അതിനാല്‍ നമ്മുക്ക് അവനോടു പറയാം...
ഈ ആള്‍ക്കൂട്ടത്തില്‍ സുഹൃത്തേ... തനിച്ചല്ല നീ..നിന്റെ വാക്കുകള്‍ക്കു കാതോര്‍ക്കുവാന്‍, നിന്റെ നൊമ്പരങ്ങള്‍ പങ്കുവെക്കുവാന്‍..
നിന്റെ സുഹൃത്തായി ഞങ്ങളുണ്ട് നിന്റെ കൂടെ... എന്നും... എന്നെന്നും...

- സഹര്‍ അഹമ്മദ്‌..