Wednesday, June 20, 2012

സുഹൃത്തേ..,തനിച്ചല്ല നീ..

മണലാരണ്യത്തിലെ മരുപ്പച്ച തേടിയുള്ള മനുഷ്യന്റെ യാത്രക്ക് 
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കൂട്ടമായും ഒറ്റക്കും അവന്‍ യാത്ര ചെയ്തിരുന്നു.
ചിലര്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നു, മറ്റു ചിലരാകട്ടെ കൂട്ടം തെറ്റി മണലാരണ്യത്തില്‍ ഒറ്റപ്പെട്ടു.
തന്റെ നിലവിളിക്ക്‌ ആരെങ്കിലും കാതോര്‍ക്കുമെന്നു കരുതി അവന്‍ അട്ടഹസിച്ചു..,
പലപ്പോഴും അവന്‍റെ അട്ടഹാസങ്ങള്‍ നേര്‍ത്തു നേര്‍ത്തു നിശബ്ദമായ മരണത്തിനു വഴിമാറുകയായിരുന്നു..

നൂറ്റാണ്ടുകള്‍ ഏറെ പിന്നിട്ടു. മണലാരണ്യത്തിന്റെ രൂപവും ഭാവവും ഒക്കെ മാറി.
മണല്‍ കൂനകള്‍ക്ക് പകരം കോണ്‍ക്രീറ്റ് സൗധങ്ങളും ജലാശയങ്ങളും പുല്‍മേടുകളും വന്നു.
പക്ഷെ ജീവന്റെ ഉറവ തേടിയുള്ള മനുഷ്യന്റെ യാത്രകള്‍ക്ക് മാത്രം വലിയ മാറ്റമൊന്നും വന്നില്ല..
വര്‍ഷങ്ങള്‍ക്കു മുന്‍പ് മണലാരണ്യത്തിന്റെ വിജനതയാണ് അവനെ ഭയപ്പെടുത്തിയതെങ്കില്‍,
ഇന്ന് പരസ്പരം കാതോര്‍ക്കാതെ എങ്ങോട്ടോ ഓടുന്ന ഈ ആള്കൂട്ടമാണ് അവനെ ഭയപ്പെടുത്തുന്നത്‌..
ഈ ആള്‍കൂട്ടത്തില്‍ എല്ലാവരെയും എന്ന പോലെ അവനും തനിച്ചാണ്...അവനു കൂട്ടായി അവന്‍റെ
സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും മാത്രം.. പലപ്പോഴും അവന്‍റെ സ്വപ്നഭംഗങ്ങള്‍ അവന്‍റെ മനസ്സില്‍
വിഷാദത്തിന്റെയും ഏകാന്തതയുടെയും തിരയിളകങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, അവന്‍റെ മുന്‍ഗാമികളെ
പോലെ അവനും നിലവിളിക്കുന്നുണ്ട്‌. ആരെങ്കിലും തന്നെ സഹായിക്കും എന്നോര്‍ത്തല്ല പലപ്പോഴും ആ നിലവിളികള്‍.
മറിച്ച്‌, തന്റെ വാക്കുകള്‍ക്കു ആരെങ്കിലും കാതോര്‍ക്കുമെനും, തന്റെ മനസ്സിന്റെ ഭാരം ഇത്തിരിയെങ്കിലും പങ്കുവെക്കുവാന്‍..
ആരെങ്കിലും വരുമെന്നും ഓര്‍ത്താണ് ആ നിലവിളികള്‍. പക്ഷെ ആ നിലവിളികള്‍ പലപ്പോഴും നാം കേള്‍ക്കാറില്ല..
ഒടുവില്‍, തന്റെ നിലവിളികള്‍ക്കു കാതോര്‍ക്കാത്ത ഈ ആള്‍കൂട്ടത്തില്‍ നിന്നും ഓടി മറയുവാന്‍ അവന്‍ ആഗ്രഹിക്കുന്നു..
അതിനായി അവന്‍ മരണത്തെ സ്വയം തെരഞ്ഞെടുക്കുന്നു..

അവന്‍റെ മരണം നമ്മോടു പലതും ചോദിക്കുന്നില്ലേ..? ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങള്‍..അതില്‍ നിന്നും ഒളിചോടുവാന്‍
നമ്മുക്കാവുമോ..? നമ്മള്‍ കാതോര്‍ക്കാതിരുന്ന അവന്‍റെ നിലവിളികള്‍ ഇപ്പോഴും ഈ അന്തരിക്ഷത്തില്‍ മുഴുങ്ങി നില്‍പ്പുണ്ട്..
ഒന്ന് കാതുക്കൂര്‍പ്പിച്ചാല്‍ ആ നിലവിളികള്‍ നമ്മുക്ക് കേള്‍ക്കാം.. അതിനാല്‍ നമ്മുക്ക് അവനോടു പറയാം...
ഈ ആള്‍ക്കൂട്ടത്തില്‍ സുഹൃത്തേ... തനിച്ചല്ല നീ..നിന്റെ വാക്കുകള്‍ക്കു കാതോര്‍ക്കുവാന്‍, നിന്റെ നൊമ്പരങ്ങള്‍ പങ്കുവെക്കുവാന്‍..
നിന്റെ സുഹൃത്തായി ഞങ്ങളുണ്ട് നിന്റെ കൂടെ... എന്നും... എന്നെന്നും...

- സഹര്‍ അഹമ്മദ്‌..

No comments:

Post a Comment