ജീവിതത്തിൽ എന്തൊക്കെ ഉണ്ടെങ്കിലും നമ്മൾ എന്നും സംസാരിക്കാറുള്ളത് നമ്മുടെ നഷ്ടങ്ങളെ കുറിച്ചാണ്. പൂക്കാതെ പോയ വസന്തത്തെയും പാടാതെ പോയ കുരിവിയേയും പിറക്കാതെ പോയ കുഞ്ഞിനേയും കുറിച്ചുമാണ് നമ്മൾ എന്നും ഒത്തിരി സംസാരിക്കാറുള്ളത്.
ഞാൻ ഇന്ന് നിങ്ങളോട് പങ്കുവെക്കുന്നത് അങ്ങനെയൊരു നഷ്ടത്തെ കുറിച്ചാണ്. എന്റെ ജീവിതത്തിൽ ഉമ്മയും ഉപ്പയും ഉപ്പൂപ്പയും ഉമ്മൂമ്മയും അമ്മാവന്മാരും ഇളയുമ്മമാരും അനിയന്മാരും അനിയത്തിമാരും ഒക്കെ ഉണ്ടെങ്കിലും എന്നും ആഗ്രഹിച്ചതും മോഹിച്ചതും ഒരു ഇത്താത്തയുടെയൊ ഇക്കാക്കയുടെയൊ സ്നേഹവും വാത്സല്യവും ആണ്. അവരുടെ വിരൽത്തുമ്പ് പിടിച്ചു നടക്കുവാനും അവരോടു തല്ലു കൂടുവാനും അവരുടെ ശകാരങ്ങൾ ഏറ്റു വാങ്ങുവാനും ഞാൻ ഏറെ കൊതിച്ചിട്ടുണ്ട്. ബന്ധുകളിൽ പലരേയും, മുതിർന്ന സുഹൃത്തുകളേയും ഇക്കാക്കയെന്നും ഇത്താത്തയെന്നും വിളിച്ചുമാണ് അതിൽ നിന്ന് ഇത്തിരിയെങ്കിലും ആശ്വാസം കണ്ടത്..
അതിൽ ചിലർ ജീവിതയാത്രയിൽ എന്നിൽ നിന്ന് അകന്നു പോയിട്ടുണ്ട്, എങ്കിലും അവർ എനിക്ക് തന്ന സ്നേഹവും വാത്സല്യവും മാർഗനിർദേശങ്ങളും ആണ് ഞാൻ എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിന് എന്നെ ഏറെ സഹായിച്ചിട്ടുള്ളത്.
എനിക്ക് സ്വന്തവും മറ്റുമായി ഒത്തിരി അനിയന്മാരും അനിയത്തിമാരുമുണ്ട്, ജീവിതത്തിൽ ഉടനീളം ഇക്കാക്കയുടെയും ഇത്താത്തയുടെയും സ്നേഹം ആഗ്രഹിച്ച ഞാൻ ആ സ്നേഹം എന്റെ അനിയന്മാര്ക്കോ അനിയത്തിമാർക്കോ കൊടുത്തു എന്ന് എനിക്ക് തോന്നിയിട്ടില്ല... ജീവിതത്തിൽ അവരെ കുറിച്ച് ഒത്തിരി സ്വപ്‌നങ്ങൾ കണ്ടിട്ടുണ്ട്. പക്ഷെ ആ സ്വപ്നങ്ങളേക്കാൾ അവരുടെ സ്വപ്‌നങ്ങൾ നിറവേറ്റുവാൻ ആണ് ഏറെ ആഗ്രഹിച്ചത്. എങ്കിലും ആ സ്വപ്‌നങ്ങൾ നിറവേറ്റുന്നതിന് തക്കതായ മാർഗനിർദേശങ്ങളൊ സഹായങ്ങളൊ എനിക്ക് ചെയ്യുവാൻ കഴിഞ്ഞിട്ടില്ല.. അത് കൊണ്ട് തന്നെ ജീവിതത്തിൽ എന്നും ഞാൻ വേവലാതിപ്പെട്ടിട്ടുള്ളത് എന്റെ അനിയന്മാരെയും അനിയത്തിമാരെയും അവരുടെ സ്വപ്നങ്ങളെയും ഭാവിയെയും കുറിച്ചാണ്.
കഴിഞ്ഞ കുറച്ചു നാളുകൾ ആയി എന്റെ ഒരു അനിയന്റെ മുഖം എന്നെ ഒത്തിരി വേട്ടയാടുന്നു. ജീവിതത്തിൽ ഇന്ന് വരെ എന്നോട് ഒന്നും ആവിശ്യപ്പെടാത്ത എന്റെ അനിയൻ, അവനോടു വളരെ സാദൃശ്യമുള്ള മുഖവുമായി ഒരാളെ ഞാൻ കണ്ടുമുട്ടി. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തൊട്ടടുത്തുള്ള ഒരു കാഫെത്തെരിയയിൽ ജോലി ചെയ്യുകയാണ് അവൻ. എന്റെ അനിയനും ഇന്ന് ഇത് പോലെ എവിടെയോ ജോലി ചെയ്യുകയാണ്..ഒത്തിരി വേദനയോടെ അല്ലാതെ എനിക്ക് അവനെ കുറിച്ച് ചിന്തിക്കുവാൻ ആവില്ല. നമ്മൾ മുതിർന്നവർ നമ്മൾ അറിയാതെ ആ കുരുന്നു ഹൃദയങ്ങളിൽ തീർക്കുന്ന ചില മുറിവുകള അവരുടെ മനസ്സിനെ എത്ര മാത്രം സ്വാധീനിക്കുന്നു എന്ന് നമ്മൾ ചിന്തിക്കാറില്ല.. അങ്ങനെ ചില മുറിവുകള എന്റെ അനിയന്റെ മനസ്സിനെയും ഒത്തിരി മുറിവേൽപ്പിച്ചിട്ടുണ്ട്. അവന്റെ കൈ പിടിച്ചു അവന്റെ സ്വപ്നങ്ങളിലേക്ക് അവനെ നയിക്കുവാൻ നാഥൻ തുണക്കട്ടെ.. എന്ന പ്രാർത്ഥനയോടെ..
നിങ്ങളുടെ സ്വന്തം
സഹർ അഹമ്മദ്
No comments:
Post a Comment