Sunday, November 25, 2012

കഥ :: യാത്ര...

ബീച്ച് റിസോര്‍ട്ടിന്റെ എന്റെ റൂമിന്റെ വരാന്തയില്‍ നിന്ന് രാത്രിയിലെ ആകാശകാഴ്ചകളിലേക്ക് എന്റെ കണ്ണുകളെ ഞാന്‍ തുറന്നു വിട്ടു. പൗര്‍ണമി നിലാവില്‍ കടലിനോടു കിന്നാരം പറഞ്ഞു ഉമ്മ വെക്കുന്ന മാനവും മിന്നാമിനുങ്ങ്‌ പോലെ മിന്നുന്ന ആയിരാമായിരം താരകങ്ങളും, പക്ഷെ എന്റെ കണ്ണുകളില്‍ ഉറക്ക് വല്ലാതെ അലട്ടി. എന്റെ കണ്ണുകളിലേക്കു ഉറക്കിന്റെ ജാലകങ്ങള്‍ തുറന്നു...എന്നില്‍ സ്വപ്‌നങ്ങള്‍ വിരുന്നു വന്നു...അവ യാഗ അശ്വത്തിനെ പോലെ നിയന്ത്രണമില്ലാതെ ഓടി., അതിന്റെ പിന്നാലെ ആകസ്മികത നിറഞ്ഞ മനസ്സുമായി ഞാനും ഓടി... ആ ഓട്ടത്തിനിടയില്‍ ആ പെണ്‍കുട്ടിയെ അല്ലാതെ ഞാന്‍ കണ്ടില്ല...

കലങ്ങിയ കണ്ണുകളില്‍ പ്രതിക്ഷകള്‍ വിരിയിച്ച്‌ ഒരു ചാണ്‍ വയറിനായി യാചാനപാത്രവും എടുത്തു ആരാധനാലയങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും ഞാന്‍ അവളെ കണ്ടിട്ടുണ്ട്. ഒരിക്കലും ഞാന്‍ അവളെ കുറിച്ച് ആരോടും അന്വേഷിച്ചില്ല. മറ്റുള്ളവരെ പോലെ അവളെയും ഞാന്‍ വേഷം കെട്ടുന്ന ചൂഷകന്മാരിലാണ് കണ്ടത്. ഞാന്‍ ഉള്‍പ്പെടുന്ന സമൂഹം എന്നും യാചകരെ കണ്ടു വന്നിട്ടുള്ള ചിന്താഗതി കൊണ്ടാണോ അതെന്നു അറിയത്തില്ല..എങ്കിലും ഞാന്‍ അവളില്‍ എന്തോ ഒരു ദയനീയ ഭാവവും അതിനെ പ്രതിരോധിച്ചു മുന്നേറാനുള്ള തന്റേടവും കണ്ടു. ചിരിയുടെ മൂടുപടവും അണിഞ്ഞു അവള്‍ ചിരിക്കും. അന്നൊന്നും അത് എന്നില്‍ യാതൊരു ഭാവവും സൃഷ്ടിച്ചില്ല....

കുറെ ദിവസങ്ങള്‍ക്കു ശേഷം എന്റെ സുഹൃത്തായ ഡോക്ടറെ തേടി മെഡിക്കല്‍ കോളേജില്‍ ഞാന്‍ ചെന്നു. അവിടെ അവന്നുമായി സംസാരിച്ചിരിക്കുമ്പോള്‍ നുര്‍സിന്റെ ഫോണ്‍ വന്നു, " ഡോക്ടര്‍ ജനറല്‍ വാര്‍ഡിലെ നഫീസക്കു കഠിനമായ നെഞ്ച് വേദനയാണ്". ഡോക്ടര്‍ക്ക്‌ ഉടനെ തന്നെ അവിടേക്ക് പോവണമായിരുന്നു, അതിനാല്‍ തന്നെ എന്നെയും ഒപ്പം കൂട്ടി..
അവിടെ ചെന്നപ്പോള്‍ ഞാന്‍ അവളെ കണ്ടു. ഡോക്ടറോട് ഉമ്മയുടെ രോഗങ്ങള്‍ വിശദീകരിക്കുകയായിരുന്നു അവള്‍. ഡോക്ടര്‍ മരുന്ന് നല്‍കിയ ശേഷം ഞങ്ങള്‍ അവിടുന്ന് മടങ്ങി. എന്റെ സുഹൃത്തിനോട്‌ അവളെ കുറിച്ച് ഞാന്‍ അന്വേഷിച്ചു. അവന്‍ പറഞ്ഞു: അവളും ഉമ്മയും ഇവിടെ വന്നിട്ട് നാല് വര്‍ഷമായി, അവള്‍ കടപ്പുറത്താണ് താമസിച്ചിരുന്നത്, ഒരു മണ്‍സൂണ്‍ കാലത്ത് കടലില്‍ പോയ അവളുടെ ഉപ്പ കടലാക്രമണത്തില്‍ മരിച്ചു.. പിന്നെ കൂറെ കാലം ഉമ്മ പല വീടുകളിലും വീട്ടു ജോലി ചെയ്തു ജീവിച്ചു, രോഗ നില ഉമ്മ എല്ലാവരില്‍ നിന്നും മറച്ചു വെച്ച്, അതിനാല്‍ തന്നെ രോഗം മൂര്‍ച്ചതിനു ശേഷമാണ് ഇവിടെ എത്തിയത്. കുറെ കാലം ആരൊക്കെയോ സഹായഹസ്തവുമായി വന്നു. പിന്നെ അവരെ കുറിച്ചൊന്നും യാതൊരു വിവരമില്ല. ഇപ്പോള്‍ അവള്‍ എവിടെ നിന്നൊക്കെ യാചന നടത്തിയാണ് മരുന്നിനുള്ള കാശ് സ്വരിപ്പികുന്നത്.

അപ്പോഴാണ്‌ ടെലിഫോണ്‍ ശബ്ദിച്ചത്, അവന്‍ ചെന്ന് റിസീവര്‍ എടുത്തു. " നഫീസ മരണപ്പെട്ടു...". അത് എന്നില്‍ എന്തെന്നറിയാത്ത ദുഃഖം തളം കെട്ടി. അവനില്‍ അത് യാതൊരു ഭാവമാറ്റവും സൃഷ്ടിച്ചില്ല.. എത്രയോ പേരെ അവന്‍ ദിവസവും കാണുന്നതല്ലേ, അതാവാം അവനില്‍ യാതൊരു ഭാവമാറ്റവും സൃഷ്ടിക്കാതിരുന്നത്.

ഞാന്‍ അവിടെ നിന്ന് എന്റെ ഹോട്ടല്‍ റൂമിലേക്ക്‌ ചെന്നു. കണ്ണ് ചിമ്മുമ്പോള്‍ അവളെ കുറിച്ചുള്ള ഒരുപ്പാട്‌ ചോദ്യങ്ങള്‍ എന്നെ തേടി വന്നു. അവളുടെ മാനസിക അവസ്ഥ എന്ത്..? അവള്‍ ഇനി എങ്ങോട്ട്..? തുടങ്ങിയ ചോദ്യങ്ങള്‍. അവയ്ക്ക് ഉത്തരം കണ്ടെത്തുവാന്‍ ഞാന്‍ ആവുന്നതും ശ്രമിച്ചു. പക്ഷെ എനിക്കതിനു കഴിഞ്ഞില്ല.. രാവിലെ റൂം ബോയ്‌ ബെഡ് കോഫിയുമായി വന്നപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. കാരണം ഇന്നലെ ഞാന്‍ ഉറങ്ങുവാന്‍ വൈകിയിരുന്നു. റൂം ബോയ്‌ പത്രവും ബെഡ് കോഫിയും അവിടെ വെച്ചിട്ട് പോയി. ഞാന്‍ പത്രത്താളുകളിലേക്ക് കണ്ണോടിച്ചു. ആഗോള വാര്‍ത്തകളും മറ്റും വായിച്ചു. അവസാനമായി പത്രത്താളുകള്‍ മറിക്കുന്നതിനിടെ ചരമ വാര്‍ത്തകളിലെ ആ ഫോട്ടോ ഞാന്‍ കണ്ടത്. ഉമ്മയുടെ മരണ കാരണം മാനസിക നില തെറ്റിയ പെണ്‍കുട്ടി മെഡിക്കല്‍ കോളേജില്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. 

ഞാന്‍ യാത്രക്കൊരുങ്ങി, എന്റെ അവിടുത്തെ പ്രവര്‍ത്തനം പൂര്‍ണമായിരുന്നു. നാളെ മറ്റൊരു നഗരത്തിലേക്ക്.. നാടോടിയെ പോലെ.. ഒരു വിത്യാസം മാത്രം കടത്തിണ്ണകള്‍ക്ക് പകരം അമ്പരച്ചുംബിയെന്നു മാത്രം... യാത്ര തുടരുന്നു, യാത്ര ദൃശ്യങ്ങളും തുടരുന്നു...പക്ഷെ അവയില്‍ ചിലത് മാത്രം ഓര്‍മ്മകളുടെ ഏടുകളിലേക്ക് കയറിപ്പറ്റുന്നു , മറ്റുള്ളവ പ്രധാന്യം നേടാനാവാതെ തള്ളപ്പെടുന്നു...

- സഹര്‍ അഹമ്മദ്‌ 

No comments:

Post a Comment