സ്കൂളിൽ കൂട്ടുക്കാർ എന്നെ
പല പേരുകൾ വിളിച്ചു പരിഹസിച്ചപ്പോൾ
ടീച്ചറാണ് ആദ്യം പറഞ്ഞത്
ഒരു പേരിൽ എന്തിരിക്കുന്നുവെന്ന്..?
തെരഞ്ഞെടുപ്പിൽ പാർട്ടി മാറി
മത്സരിച്ച സുഹൃത്ത്
തെരുവ് നീളെ പ്രസംഗിച്ചതും
പാർട്ടിയുടെ പേരിൽ എന്തിരിക്കുന്നുവെന്നാണ് .
നഴ്സറിയിൽ പഠിക്കുന്ന മകൾ
എന്നെ പപ്പയെന്നും അവളെ മമ്മിയെന്നും
ഉമ്മയെ ഗ്രാൻഡ് മദർ എന്നും
വിളിച്ചപ്പോൾ ഉമ്മ ചോദിച്ചതാണ്
എന്തിനാണ് ഈ പേരു മാറ്റങ്ങളെന്നു
ഉമ്മാനോട് ഞാൻ പറഞ്ഞതും
ഈ പേരിലൊക്കെ എന്തിരിക്കുന്നുവെന്നാണ്..
ഇതും പറഞ്ഞു തർക്കിച്ചപ്പോൾ ആണ്
ഉമ്മ ഉപ്പു പാത്രത്തിനു പഞ്ചസാര
എന്ന് എഴുതിയത്...
അന്ന് മുതലാണ്
പേരിൽ എന്തിരിക്കുന്നുവെന്നു
ഞാനും അറിഞ്ഞത്..!
- സഹർ അഹമ്മദ്
No comments:
Post a Comment