സലാം അവൻ ഗൾഫിലെ ഒരു ബേക്കറിയിൽ ജോലി ചെയ്യുകയാണ്. ജോലിക്ക് കയറിയിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളൂ എങ്കിലും വളരെ ആത്മാർത്ഥമായിട്ടാണ് അവൻ ജോലി ചെയ്തിരുന്നത്.
ഒരു ദിവസം ബേക്കറി ഉടമ സലാമിനെ വിളിച്ചു അവനോടു നാട്ടിലെ കുശലങ്ങളൊക്കെ ചോദിച്ചു. കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചും പറഞ്ഞപ്പോൾ സലാമിന്റെ കണ്ണ് നിറഞ്ഞു. ഉടമ അവനോടു പറഞ്ഞു എനിക്കും രണ്ടു മക്കളുണ്ട് ഞാൻ വരുന്നതും കാത്തു അവർ ഉറങ്ങാതെ ഇരിക്കും. അതിനാൽ നീ എനിക്കെന്നും അവർക്കായി എന്തെങ്കിലും പലഹാരൻ മാറ്റിവെക്കണം.
ആറുമാസത്തിലേറെയായി.. സലാം അതിനു യാതൊരു മുടക്കവും വരുത്തിയിട്ടില്ല. ഉടമ മറന്നാലും സലാം ഓടിച്ചെന്നു അയാളുടെ വണ്ടിയിൽ പലഹാരങ്ങൾ വെച്ച് കൊടുക്കും. അന്ന് പതിവ് പോലെ സലാം ഓടിചെന്നു ഉടമക്ക് പലഹാരങ്ങൾ കൊടുത്തു. ഉടമ വേണ്ടെന്നു പറഞ്ഞു.
എങ്കിലും സലാം ചോദിച്ചു.. അർബാബു് മക്കൾക്ക് വേണമെന്ന് പറഞ്ഞിരുന്നു.
ഉടമ പെട്ടെന്ന് ചൂടായി.. നിന്നോട് അല്ലെ വേണ്ടെന്നു പറഞ്ഞത്..!
അതും പറഞ്ഞു അയാൾ ധൃതിയിൽ വണ്ടിയിൽ കയറി പോയി.
സലാമിന്റെ കണ്ണ് നിറഞ്ഞു.. ഉടമ കഴിഞ്ഞ ആഴ്ച ജോലിക്ക് വന്ന ജോർദാനി പെണ്ണിനെ വിവാഹം ചെയ്തുവെന്നും ഇന്ന് അങ്ങോട്ട് ആയിരിക്കാം പോവുന്നതെന്നും കൂടെ ജോലി ചെയ്യുന്നവർ സലാമിനെ ആശ്വസിപ്പിച്ചു.
അന്ന് ഏറെ വൈകിയിട്ടും സലാമിന് ഉറങ്ങുവാൻ ആയില്ല.. ഉടമയുടെ മക്കൾ ഉറങ്ങി കാണുമോ..? അതായിരുന്നു സലാമിന്റെ മനസ്സ് നിറയെ.. അവരുടെ പ്രായത്തിലുള്ള മക്കൾ തനിക്കും ഉണ്ടല്ലോ.. അതോർത്തു സലാം നെടുവീർപ്പിട്ടു..
- സഹർ അഹമ്മദ്
No comments:
Post a Comment