Wednesday, April 30, 2014

കഥ :: നാളത്തെ കേരള

ജീവൻ താമരശ്ശേരിക്ക് അടുത്ത് പുനൂരാണ് വീട്. കണ്ണൂരിലെ ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. ആഴ്ചയിൽ ഒരിക്കൽ നാട്ടിലേക്ക് പോവും. ശനിയാഴ്ച ജോലി കഴിഞ്ഞു വീട്ടിലേക്കു പോവാനായി കണ്ണൂർ ബസ്‌ സ്റ്റാന്റിൽ എത്തിയതാണ്. ശനിയാഴ്ച ആയതിനാൽ നല്ല തിരക്ക് ആയിരുന്നു, കൂടാതെ പുസ്തകവും കടല മിടായിയും ലോട്ടറിയും കറ കളയുന്നതുമൊക്കെ വിൽക്കുന്നവരും...

താമരശ്ശേരിയിലേക്കുള്ള പ്രകാശ് ബസിൽ കയറി ഇരുന്നു... ബസ്‌ പുറപ്പെടുവാൻ ഒത്തിരി നേരം ഉണ്ടായിരുന്നു. അവന്റെ മുൻപിലേക്ക് ഒരു കൊച്ചു പയ്യൻ വന്നു. ചേട്ടാ നാളത്തെ കേരള.. നാളത്തെ കേരള.. ജീവൻ അവനെ നോക്കി പുഞ്ചിരിച്ചു പറഞ്ഞു ഞാൻ ലോട്ടറി എടുക്കാറില്ല. ആ പയ്യൻ അപേക്ഷ ഭാവത്തോടെ ജീവന്റെ കണ്ണിലേക്കു നോക്കി ചേട്ടാ ഒന്നേയുള്ളൂ... പയ്യന്റെ നോട്ടം ജീവന്റെ മനസ്സ് മാറ്റി. അവൻ ആ ലോട്ടറി വാങ്ങിച്ചു. ആ പയ്യന്റെ മുഖത്ത് ഒരായിരം നക്ഷത്രങ്ങൾ മിന്നി, അവൻ പാൽ പുഞ്ചിരി തൂകി.

ജീവൻ ആ പയ്യനോട് പറഞ്ഞു.. മോനു എനിക്ക് ഈ ലോട്ടറി വേണ്ട.. ഞാൻ പൊതുവെ ലോട്ടറി എടുക്കാറില്ല ഇത് നിനക്ക് വേണ്ടി എടുത്തുതാണ്.. ആ പയ്യൻ വാങ്ങിക്കുവാൻ ഒന്ന് മടിച്ചു.. ജീവൻ അവനെ ഒത്തിരി നിർബന്ധിച്ചു ഒടുവിൽ അത് അവൻ വാങ്ങി. അത് വേറെ ആർക്കും വിൽക്കില്ല എന്ന് സമ്മതിച്ചു പയ്യൻ ബസിൽ നിന്ന് ഇറങ്ങി.

ബസ്‌ പുറപ്പെടുവാൻ പിന്നെയും സമയം ഉണ്ടായിരുന്നു. ജീവൻ പുറത്തെ തിരക്കുകൽക്കിടയിലേക്ക് കണ്ണോടിച്ചു. ആ കൊച്ചു പയ്യൻ വീണ്ടും ജീവന്റെ കണ്ണുകളിൽ ഉടക്കി. ബസ് കാത്തു മരച്ചുവട്ടിൽ നിൽക്കുന്നവർക്കിടയിൽ ലോട്ടറി വിൽക്കുകയാണ് അവൻ. അവനെ കുറിച്ച് ഓർത്തപ്പോൾ ജീവനു ചിരി വന്നു. നാളത്തെ കേരളയെക്കാൾ വില ഇന്നത്തെ അത്താഴത്തിനു ഉണ്ടാവും എന്നോർത്ത് അവൻ ചിരിച്ചു.



- സഹർ അഹമ്മദ് 

No comments:

Post a Comment