Friday, August 1, 2014

കവിത :: ഗാസ, എന്റെ മനസ്സിൽ

ഭാര്യയെ പുണർന്നു 
നെറ്റിയിൽ ഉമ്മവെക്കുമ്പോൾ 
മനസ്സിൽ...
ഭാര്യയുടെ മൃതദേഹത്തിൽ 
ഉമ്മവെക്കുന്ന ഗാസയിലെ 
സഹോദരന്മാരാണ്..

നെഞ്ചോടു ചേർത്തു 
കുഞ്ഞിനെ താരാട്ടു പാടി
ഉറക്കുമ്പോൾ മനസ്സിൽ
ഒരിക്കലും ഉണങ്ങാത്ത മുറിവുമായി
എന്നേക്കുമായി ഉറങ്ങുന്ന
പൈതങ്ങളാണ്..

കൂടെപിറപ്പുകളുടെ കൂടെ ഇരുന്നു
ഇഫ്ത്താറു കഴിക്കുമ്പോൾ
മനസ്സിൽ..
ഇഫ്ത്താറു കഴിക്കുന്നതിന്റെ
ഇടയിൽ ചിന്നിച്ചിതറിയ
ഗാസയിലെ സഹോദരങ്ങളുടെ
മൃതദേഹങ്ങളാണ്..

ഉപ്പയുടെ കൈ പിടിച്ചു
നടക്കുമ്പോൾ മനസ്സിൽ
ചിന്നഭിന്നമായ ഉപ്പയുടെ
മൃതദേഹത്തിനു അരികിൽ
ഇരുന്നു വാവിട്ടു കരയുന്ന
ഗാസയിലെ കുഞ്ഞു അനുജന്മാരാണ്..

ഉമ്മയുടെ മടിയിൽ തലവെച്ചു
കിടക്കുമ്പോൾ മനസ്സിൽ
മകന്റെ മൃതദേഹം മാറോടു ചേർത്തു
എല്ലാം റബ്ബിൽ അർപ്പിച്ചു
കണ്ണീരു വറ്റിയ
ഗാസയിലെ ഉമ്മമാരാണ്...

രക്തസാക്ഷികളുടെ ചോരയിൽ കുതിർന്ന
പ്രവാചകന്മാരും രക്തസാക്ഷികളും
അന്ത്യവിശ്രമം കൊള്ളുന്ന
ഫലസ്തീനിന്റെ മണ്ണിൽ മരിച്ചു വീണവരെ
ഈ മണ്ണിൽ മരിച്ചു, അലിഞ്ഞു ചേരുവാൻ
കൊതിക്കുന്നു എന്റെ മനാസവും..

- സഹർ അഹമ്മദ്

No comments:

Post a Comment