Sunday, January 27, 2013

കഥ :: കന്യാകുമാരിയില്‍ ഒരു സൂര്യോദയം...


           
    സുഹൃത്തിന്റെ വീട്ടില്‍ നിന്നും മരുന്ന് വാങ്ങുവാനാണ്‌ തിരുവനന്തപുരത്ത് എത്തിയത്. അവിടെ എത്തിയപ്പോള്‍ ഒന്ന് കന്യാകുമാരി വരെ ചെന്ന് സൂര്യോദയവും കാണുവാന്‍ ആഗ്രഹം. പക്ഷെ സുഹൃത്തിന്റെ അമ്മ അവന്റെ വിവരങ്ങള്‍ അന്വേഷിച്ചു, ഭക്ഷണവും കഴിക്കാതെ അവിടെ നിന്ന് ഇറങ്ങുവാന്‍ വിട്ടില്ല...തിരിച്ചു തിരുവനന്തപുരം ബസ്‌സ്റ്റാന്‍ഡില്‍ എത്തുമ്പോള്‍ സമയം വൈകിയിരുന്നു... കന്യകുമാരിയിലേക്കുള്ള ബസ്‌ ഞാന്‍ എത്തുന്നതിനു ഏതാനും മിനുട്ടുകള്‍ മുന്‍പ് പുറപ്പെട്ടതെയുള്ളൂ, അടുത്ത ബസ്‌ പുറപ്പെടുവാന്‍ ഒരു മണികൂറെങ്കിലും കഴിയണം. അതിനിടയില്‍ ചിലരോട് തിരക്കിയപ്പോള്‍ നാഗര്‍കോവിലേക്ക് ഉടനെ ബസ്‌ ഉണ്ടെന്നും അവിടെ നിന്ന് കന്യാകുമാരിയിലേക്ക് എല്ലാ പത്തു മിനുട്ടിലും ബസ്‌ കിട്ടുമെന്ന് പറഞ്ഞു.. അങ്ങനെ ഞാന്‍ നാഗര്‍കോവിലേക്ക് പുറപ്പെട്ടു.... അവിടെ നിന്ന് അടുത്ത ബസിനു കന്യകുമരിയിലേക്കും ...

              കന്യാകുമാരിയില്‍ എത്തിയപ്പോള്‍ സമയം പതിനൊന്നു മണി ആയിരുന്നു.. താമസിക്കുവാന്‍ മുറി അന്വേഷിച്ചു ഓരോ ഹോട്ടലിലും ചെന്നു. തനിച്ചു ചെന്നതിനാല്‍ മുറി തരുവാന്‍ ആരും കൂട്ടാക്കിയില്ല.. അവരോടു കൂടുതല്‍ അന്വേഷിച്ചപ്പോള്‍, ഈയ്യിടെയായി അവിടെ ആത്മഹത്യ വര്‍ദ്ധിച്ചിട്ടുണ്ടെന്നും പലരും തനിച്ചു വന്നു ആത്മഹത്യ ചെയ്യാറാണ് പതിവെന്നും അവര്‍ പറഞ്ഞു. അതിലൊരാള്‍ വീട്ടുക്കാരുമായി സംസാരിക്കണമെന്നും എന്നാല്‍ മുറി തരാമെന്നു പറഞ്ഞു, പക്ഷെ വീട്ടുക്കാരുമായി സംസാരിക്കാമെന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ അതിനും തയ്യാറായില്ല.. അവസാനം വിശന്നു ഞാന്‍ അടുത്തുള്ള ഒരു രസ്ടോരന്റില്‍ കയറി നല്ല ചുടുള്ള മസാലദോശ കഴിച്ചു, പിന്നെ എങ്ങോട്ടെന്ന് ഇല്ലാതെ നടന്നു...

          ഒടുവില്‍ നടന്നു നടന്നു കരിങ്കല്‍ മണ്ഡപത്തില്‍ എത്തി. അവിടെ കിടന്നുറങ്ങമെന്നു വെച്ചു. മൂന്നു ഭാഗം കടലാല്‍ ചുറ്റപ്പെട്ട ആ കരിങ്കല്‍ മണ്ഡപത്തില്‍ ഒരു പുതപ്പിലാതെ കിടന്നുറങ്ങുക അസഹ്യമായിരുന്നു.. പക്ഷെ യാത്ര ക്ഷീണത്താല്‍ ഞാന്‍ കിടന്നുറങ്ങി. മൂന്നു മണി കഴിഞ്ഞപ്പോള്‍ അവിടെ കിടന്നുറങ്ങുക എന്നത് അസഹ്യമായി. വീണ്ടും തിരിച്ചു നടന്നു. ഒരു paid parking ലെ toilet ല്‍ ചെന്ന് പ്രഭാത കര്‍മ്മങ്ങള്‍ നിര്‍വഹിച്ചു, സൈക്കിളില്‍ ചായ വില്‍ക്കുന്നവന്റെ അടുത്ത് നിന്ന് ഒരു ചായയും വാങ്ങി... സൂര്യോദയം കാണുവാനായി കാത്തു നിന്നു. പതിയെ പതിയെ ആളുകള്‍ വരുന്നുണ്ടായിരുന്നു. ജീവിതത്തില്‍ ആദ്യമായാണ്‌ ഒരു സൂര്യോദയം കാണുവാന്‍ ഇങ്ങനെ കാത്തു നില്‍ക്കുന്നത്. ഇതിനു മുന്‍പ് എത്രയോ ദിവസങ്ങളില്‍ സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഒരു സൂര്യോദയത്തിനും ഇത്രയേറെ പ്രാധാന്യം കല്പ്പിക്കുകയോ.. കാത്തിരിക്കുകയോ ചെയ്തിട്ടില്ല.. എങ്കിലും ഇന്ന് സൂര്യോദയം കാണുവാനുള്ള ഈ കാത്തിരിപ്പിന് ഒരു സുഖമുണ്ട്, അതിലേറെ മനസ്സിന് ഒരു ഉണര്‍വ് അനുഭവിക്കുന്നുണ്ട്.

      അങ്ങനെ കാത്തിരിപ്പിനൊടുവില്‍ വിവേകാനന്ദ മഠത്തില്‍ നിന്ന് ശംഖുവിളി ഉയര്‍ന്നു, കൂടെ പതാക ഉയര്‍ത്തുകയും ചെയ്തു. എല്ലാവരുടെയും ആകാംഷ ഒന്നു കൂടെ വര്‍ദ്ധിച്ചു.. എല്ലാവരും അവരുടെ ക്യാമറ തയ്യാറാക്കുകയാണ്.. ഏതാനും നിമിഷങ്ങള്‍ക്കകം സൂര്യന്‍ ഉദിച്ചുയര്‍ന്നു... ജീവിതത്തില്‍ ആദ്യമായാണ്‌ ഇത്രയും മനോഹരമായ ദൃശ്യം കാണുന്നതിനാല്‍ തന്നെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ക്യാമറയില്‍ ആവുന്നത്ര ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നെ വിവേകാനന്ദപ്പാറയിലേക്ക് പോകുവാനായി ബോട്ട് ജെട്ടിയിലേക്ക് നടന്നു. ആ നടത്തത്തിനിടയില്‍ അവിടെയുള്ള കടകളില്‍ നിന്ന് ശംഖുകളും മറ്റും വാങ്ങിച്ചു..കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവില്‍ വിവേകാനന്ദ പാറയിലേക്ക് ബോട്ട് പുറപ്പെട്ടു.. അവിടെ നിന്ന് തിരുവള്ളുവരിന്റെ സ്മാരകത്തിലേക്കും ... അതിന്റെയിടയില്‍ എന്റെ മൊബൈലിന്റെ ബാറ്ററി ചാര്‍ജ് തിരുവാനായതിനാല്‍ വീട്ടില്‍ വിളിച്ചു നാളെ രാവിലെ ആവുമ്പോഴേക്കും വീട്ടില്‍ തിരിചെത്തു മെന്നു ഉറപ്പു പറഞ്ഞു. അല്ലെങ്കില്‍ അതു മതി എന്റെ ഉമ്മാക്ക് ഞാന്‍ എത്തുവോളം എന്നെ കുറിച്ച് ആശങ്കപ്പെടുവാന്‍. അങ്ങനെ കണ്ടു കൊതിതീരാത്ത, ഞാന്‍ ഏറെ മോഹിപ്പിച്ച കന്യാകുമാരിയോട്‌ വിടപറഞ്ഞു ഞാന്‍ വീട്ടിലേക്കു യാത്ര തിരിച്ചു...

- സഹര്‍ അഹമ്മദ്‌  

No comments:

Post a Comment