Monday, May 27, 2013

നമ്മെ അനുഗ്രഹിക്കട്ടെ.. ആമീൻ...

ഞാൻ ജനിച്ചത്‌ മുതലാണ്‌ എന്റെ ഉമ്മ ഉമ്മയും ഉപ്പ ഉപ്പയും 
ഉമ്മാമ്മ ഉമ്മാമ്മയും ഉപ്പാപ്പ ഉപ്പാപ്പയും അമ്മാവൻമാർ അമ്മാവന്മാരും 
ഇളയുമ്മമാർ ഇളയുമ്മമാരും മൂത്താപ്പ മൂത്താപ്പയും ഒക്കെ ആയതു...
അത് കൊണ്ട് തന്നെ വളരെ ലാളനകൾ ഏറ്റു വാങ്ങി നിലം തൊടാതെ 
നടന്നതായിരുന്നു എന്റെ ബാല്യം. എന്റെ മാതാപിതാകളെക്കാൾ 
എന്റെ ഉമ്മാമ്മയും ഇളയുമ്മമാരുമാണ് എന്റെ കാര്യങ്ങൾ കൂടുതലായി ..
നോക്കിയിരുന്നത്. തറവാട്ടിലെ മൂത്ത പേരകുട്ടി എന്നാ നിലയിൽ എനിക്ക് 
ലഭിച്ച ലാളനകളും സ്നേഹവും എന്റെ അനിയത്തിമാർക്കോ അനിയന്മാർക്കോ ലഭിച്ചിട്ടില്ല...


വളരെയധികം ലാളനകൾ ഏറ്റുവാങ്ങിയത് കൊണ്ട് തന്നെ എനിക്ക് ശരി എന്ന് തോന്നുന്നത് മാത്രമേ 
ഞാൻ ചെയ്തിരുന്നുള്ളൂ. അതിനിടയിൽ പലരുടെയും മനസ്സുകൾ മുറിവേൽക്കുന്നത്‌ ഞാൻ ശ്രദ്ധിച്ചിരുന്നില്ല..
ഇന്ന് അവരില ചിലര് എന്നിൽ നിന്ന് മരണപ്പെട്ടിരിക്കുന്നു, മറ്റു ചിലര് ജീവിച്ചിരിക്കുന്നു...
അവരൊക്കെയും എന്നോടുള്ള സ്നേഹ കൂടുതൽ കാരണം എന്റെ പല തെറ്റുകളെയും 
പലപ്പോഴും ആയി എനിക്ക് പൊറുത്തു തന്നവർ ആണ്. അവർ എനിക്ക് തന്ന ലാളനകൾക്കും സ്നേഹത്തിനും 
പകരം അതിന്റെ നൂറിൽ ഒരംശം പോലും ഞാൻ അവർക്ക് തിരിച്ചു കൊടുത്തിട്ടില്ല...

അവരൊക്കെയും ഇന്ന് എന്നെ കുറിച്ച് എന്നെക്കാൾ ഏറെ സ്വപ്നം കാണുകയാണ്.
അറിയില്ല..! എനിക്ക് ഞാൻ ആരുടെയൊക്കെ സ്വപ്നങ്ങളെയാണ് തകർത്തു കളയുന്നതെന്ന്...

നിങ്ങൾ ചിന്തിക്കുന്നുണ്ടാവും എന്താണ് ഇത്രയൊക്കെ പറയുവാൻ എന്ന്.. കഴിഞ്ഞ രണ്ടു മാസമായി ജീവിതത്തിനു 
വല്ലാത്തൊരു വേഗത. വല്ലപ്പോഴും ഒരിക്കൽ ഫോണ്‍ വിളിച്ചു സുഖ അന്വേഷണങ്ങൾ നടത്തിയിരുന്ന 
എന്റെ ഉമ്മാമ്മയെയും ഇളയുമ്മമാരെയും അമ്മാവന്മാരേയും അനിയത്തിമാരെയും അനിയന്മാരെയും ഒക്കെ 
വിളിച്ചു സുഖ അന്വേഷണം നടത്തുവാൻ ആവാതെ..., കൂടെ നടക്കുന്ന എന്റെ സഹയാത്രികരോട്‌ 
ഒന്നും മിണ്ടാതെ, ഒന്നു പുഞ്ചിരിക്കാതെ തികച്ചും അപരിചിതരായുള്ള ഈ യാത്ര ഞാൻ ഏറെ വെറുക്കുന്നു...
അവരോടു എനിക്ക് പറയുവാൻ ഉള്ളത് മാപ്പ്... ഇയുള്ളവന് പൊറുത്തുത്തരിക.. നിങ്ങൾ എല്ലാവരോടും ചിരിച്ചും 
സംസാരിച്ചും ബന്ധങ്ങൾ ദൃഡമായി തന്നെ സൂക്ഷിക്കുവാൻ പടച്ചവൻ നമ്മെ അനുഗ്രഹിക്കട്ടെ.. ആമീൻ...

- സഹർ അഹമ്മദ്‌ 

Friday, May 24, 2013

ഞാൻ അവളോട്‌ പറഞ്ഞതൊക്കെയും 
അവളോടുള്ള പ്രണയത്തെ കുറിച്ചായിരുന്നു..
അവൾ എന്നോട് പറഞ്ഞതൊക്കെയും 
നമ്മുടെ സൗഹൃദത്തെ കുറിച്ചും...
ഒടുവിൽ എന്റെ പ്രണയത്തെ കബറടക്കി..
അവൾ സൗഹൃദത്തിന്റെ ഒരു ആൽമരം നട്ടു..
ഞാൻ ഇന്ന് ആ ആൽത്തറയിൽ ഇരുന്നു 
അവളുടെ സൗഹൃദത്തെ കുറിച്ച് വചാലമാകുന്നു..

നിങ്ങളെ കണ്ടുമുട്ടിയതു മുതൽ ഞാൻ 
സംസാരിച്ചതൊക്കെയും അവളെ കുറിച്ചായിരുന്നു..
അല്ല.., അവളെ കണ്ടുമുട്ടിയതു മുതൽ 
ഞാൻ സംസാരിച്ചതൊക്കെയും അവളെ കുറിച്ചായിരുന്നു..
എനിക്ക് അവളോട്‌ തോന്നിയ പ്രണയത്തെ കുറിച്ച് 
അവൾ എനിക്ക് പകത്തു തന്ന നമ്മുടെ സൗഹൃദത്തെ കുറിച്ച്..
അങ്ങനെ.. അങ്ങനെ..
അതെ അവളെ കുറിച്ച് ചിന്തിക്കാതെ എന്റെ ഒരു ദിവസവും 
എന്നിൽ നിന്ന് കടന്നുപോയിട്ടില്ല..

ഒരിക്കലും തിരിച്ചുവരില്ല എന്നറിയാവുന്ന 
ഒരാളെ എന്തിനു കാത്തിരിക്കുന്നു അല്ലേ...?
അതെ, അവൾ നാളെ മറ്റൊരു പേരിൽ മറ്റൊരു രൂപമായി 
എന്നിലേക്ക്‌ കടന്നു വരുമെന്ന പ്രതിക്ഷ..

ആ പ്രതിക്ഷയിലാണ് പലപ്പോഴും 
എന്റെ എഴുത്തുകൾ പിറക്കുന്നത്‌.. 
അപ്പോൾ, എന്തിന് ഞാൻ എന്റെ പ്രതിക്ഷകളെ...
എഴുത്തിനെ കബറടക്കണം...

എന്ന് സ്വന്തം...

സഹർ അഹമ്മദ്‌ 

Sunday, May 12, 2013

തിരനോട്ടം..


സ്വപ്‌നങ്ങൾ തേടിയുള്ള നമ്മുടെ ജീവിത യാത്രയിൽ 
നമ്മുക്ക് ജന്മം തന്നവർ,
നമ്മുടെ കൈ പിടിച്ചു നമ്മുടെ കൂടെ യാത്ര ചെയ്ത 
നമ്മുടെ സഹോദരങ്ങൾ, സുഹൃത്തുകൾ, സഹപ്രവർത്തകർ...
പലരും ഇന്ന് നമ്മോടൊപ്പം ഇല്ല..
ഒരിക്കലും അവർ നമ്മിൽ നിന്ന് മരണപ്പെട്ടു പോയവർ അല്ല..
നമ്മുകിടയിൽ ജീവിക്കുന്നവർ..
സ്വപ്‌നങ്ങൾ തേടിയുള്ള ഈ ജീവിത യാത്രയിൽ 
നാം അവരെ അകന്നു പോയിരിക്കുന്നു..
എങ്കിലും അവർ ഇന്നും നമ്മുടെ കൂടെയുണ്ട്..
എന്ന് നാം വിശ്വസിക്കുന്നു..
അത് കൊണ്ട് തന്നെ അവരെ നാം തിരിഞ്ഞു നോക്കാറില്ല..
അവരെ കുറിച്ച് പരിഭവിക്കാറില്ല...
സ്വപ്‌നങ്ങൾ തേടിയുള്ള യാത്രയുടെ അവസാനം,
സ്വപ്‌നങ്ങൾ നമ്മുക്ക് അന്യമാവുമ്പോൾ, ഒറ്റപ്പെടുമ്പോൾ..
നാം നമ്മുടെ സഹയാത്രകരെ കുറിച്ച് ചിന്തിക്കും..
ഒരു വേള  അവരുടെ കൈത്താങ്ങിനായി..,
അവരുടെ സാന്ത്വനത്തിനായി മോഹിക്കും...
അപ്പോഴേക്കും നമ്മുക്ക് എല്ലാം നഷ്ടമായിട്ടുണ്ടാവും..
അതിനാൽ സ്വപ്‌നങ്ങൾ തേടിയുള്ള ഈ ജീവിത യാത്രയിൽ 
വല്ലപ്പോഴും സഹയാത്രകരെ ഓർക്കുക..
ഒന്ന് തിരിഞ്ഞുനോക്കുക...

- സഹർ അഹമ്മദ്‌ 

Friday, May 10, 2013

കവിത :: സഖി, നീ എന്നോട് ചോദിക്കുന്നത്...

സഖി, നീ എന്നോട് ചോദിക്കുന്നത് 
നിന്നെ അകന്നോ എന്നാണ്,
നിന്നെ അകലുവാൻ മാത്രം 
അടുപ്പം ഒന്നും നീയെന്നിൽ തീർത്തിട്ടില്ല..

സഖി, നീ എന്നോട് ചോദിക്കുന്നത് 
നിന്നെ മറന്നോ എന്നാണ്,
നിന്നെ ഓർക്കുവാൻ മാത്രം 
ഓർമ്മകൾ ഒന്നും നീയെന്നിൽ ബാക്കിവെച്ചിട്ടില്ല..

സഖി, നീ എന്നോട് ചോദിക്കുന്നത്
നിന്നെ വെറുക്കുന്നോ എന്നാണ്,
നിന്നെ വെറുക്കുവാൻ മാത്രം
തെറ്റുകൾ ഒന്നും നീയെന്നോട്‌ ചെയ്തിട്ടില്ല..

നീ എന്നോട് ചോദിക്കുന്നത്
എനിക്ക് ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്
പലപ്പോഴും ചോദ്യങ്ങൾ തന്നെയാണ്
ഏറ്റവും നല്ല ഉത്തരങ്ങൾ...

- സഹർ അഹമ്മദ്‌

Monday, May 6, 2013

കവിത :: വിശുദ്ധ സമരം...


നീ എന്നോട് പറയുന്നത് 
മഹത്തായ വിശുദ്ധ സമരത്തെ കുറിച്ചാണ്..
പോർക്കളത്തിൽ ആയുധങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്ന, 
സഹോദരന്റെ ശിരസ്സ്‌ അറുത്തു രക്തപ്പുഴ സൃഷ്ടികുന്ന,
സഹോദരികളെ വിധവകൾ ആക്കുന്ന, 
അവരുടെ കുഞ്ഞുങ്ങളെ അനാഥർ ആക്കുന്ന, 
വിശുദ്ധ സമരത്തെ കുറിച്ച് 
പക്ഷെ, അങ്ങനെയൊരു വിശുദ്ധ സമരത്തെ കുറിച്ച് 
എന്റെ ഗുരുനാഥൻമാർ ആരും എന്നെ പഠിപ്പിച്ചിട്ടില്ല...

പകരം ഇന്നലെയുടെ പാഠപുസ്തകങ്ങളിലുടെ 
അവർ എനിക്ക് പഠിപ്പിച്ചു തന്ന 
ഒരു വിശുദ്ധ സമരമുണ്ട്..
സ്വന്തം ശാരീരക ഇച്ചകൽക്കു എതിരെയുള്ള 
വിശുദ്ധ സമരത്തെ കുറിച്ച്...
തെമ്മാടിയായ ഭരണാധിക്കാരിയോടു 
നീതിക്കായി ഉറക്കെ സംസാരിക്കുന്ന..
വിശുദ്ധ സമരത്തെ കുറിച്ച്...
പക്ഷെ, അങ്ങനെയൊരു വിശുദ്ധ സമരത്തെ കുറിച്ച്
നീ എന്നോടൊന്നും പറയുന്നുമില്ല...

- സഹര് അഹമ്മദ്‌