Monday, October 17, 2016

മുൻപത്തെ തലമുറയിലെ കുട്ടികളിൽ തൊപ്പി, ചന്ദന കുറി, കൊന്ത തുടങ്ങിയ മത ചിഹ്നങ്ങൾ ഉണ്ടായിരുന്നു.. ആ കാലത്തു അവ മത ചിഹ്നങ്ങളോ , വിഭാഗീയതയോ, വർഗീയതയോ ആയോ ആർക്കും തോന്നിയില്ല...
ഇപ്പോൾ ഒരാൾ മതേതരൻ ആകുവാൻ അവന്റെ സ്വത്വം പോലും ഉപേക്ഷിക്കണം എന്ന് ചിലരെങ്കിലും പറയുന്നു.. അങ്ങനെ പറയുന്നവരും ചിന്തിക്കുന്നവരും ആണ് വർഗീയത വളർത്തുന്നത്.
ഒരാൾ അണിയുന്ന മതചിഹ്നങ്ങൾ അവൻ എന്റെ സഹോദരൻ ആണ്, സുഹൃത്ത് ആണ് എന്ന് പറയുന്നതിന് തടസമായി കൂടാ... നമ്മുക്കിടയിൽ വളർത്തേണ്ടത് സാഹോദര്യവും സൗഹൃദവും ആണ്.. അല്ലാതെ വർഗീയ, വിഭാഗീയ ഭീതികൾ അല്ല...
- സഹർ അഹമ്മദ്

Saturday, September 6, 2014

എന്റെ യാത്രകൾ എന്നും തനിച്ചായിരുന്നു. അങ്ങനെ ഒരു വിഷുവിന്റെ അന്ന് കണ്ണൂരിൽ നിന്ന് ചക്കരക്കലിലേക്ക് പോവുമ്പോൾ ഒരു കൊച്ചുപയ്യൻ എന്റെ ബൈകിനു കൈനീട്ടി. ഞാൻ നിർത്തി. വലിയന്നൂർ വഴിയാണോ പോവുന്നതെന്ന് അവൻ ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോൾ കൂടെ കൂട്ടുമോ എന്നായി. അവനെയും കൂടെ കൂട്ടി ഞാൻ യാത്ര തുടർന്നു. 

ഞാൻ അവനോടു കുശലാന്വേഷണങ്ങൾ നടത്തി. അവൻ എട്ടാം ക്ലാസ്സിൽ പഠിക്കുകയാണ്. അച്ഛനും അമ്മാവന്മാരും വിഷുവായതിനാൽ വീട്ടില് നിന്ന് മദ്യപ്പിക്കുകയാണ്. കുപ്പികൾ തീർന്നപ്പോൾ വാങ്ങിക്കുവാൻ അയച്ചതാണ്. കുപ്പി വാങ്ങിച്ചു കഴിഞ്ഞപ്പോൾ ബസിനു പോവാൻ കാശില്ല. അതിനാൽ നടക്കുക ആയിരുന്നു. അപ്പോഴാണ്‌ നിങ്ങളെ കണ്ടു ബൈകിനു കൈ കാണിച്ചതെന്ന് അവൻ പറഞ്ഞു. പിന്നെയും നമ്മൾ ഒത്തിരി എന്തൊക്കെയോ സംസാരിച്ചു. അച്ഛനെയും അമ്മാവന്മാരേയും കണ്ടു ഒരിക്കലും മദ്യപ്പിക്കരുതെന്നു അവനെ ഉപദേശിച്ചു. വലിയന്നൂർ കഴിഞ്ഞുള്ള കുന്ന് ഇറക്കത്തിൽ വെച്ച് അവൻ പറഞ്ഞു ഞാൻ ഇവിടെ ഇറങ്ങാം ഈ കനാൽ വഴി നടന്നാൽ  വീട്ടിൽ എത്തും. ഞാൻ അവനെയും ഇറക്കി വീട്ടിലേക്കു പോയി.

ഇന്നും ഓരോ ആഘോഷങ്ങൾ വരുമ്പോഴും ആദ്യം മനസ്സില് ഓടിയെത്തുന്നത് അവന്റെ  മുഖമാണ്. അച്ഛനും അമ്മാവന്മാർക്കും വേണ്ടി മദ്യം വാങ്ങിക്കുവാൻ ചെല്ലുന്ന അവനെ പോലെയുള്ള എന്റെ കുഞ്ഞു അനുജന്മാരുടെ മുഖം. മദ്യപ്പിക്കുന്നവരോടും പുകവലിക്കുന്നവരോടും അപേക്ഷിക്കുവാനുള്ളത് മദ്യവും സിഗരറ്റും വാങ്ങിക്കുവാൻ നിങ്ങൾ നിങ്ങളുടെ മക്കളെ അയക്കരുത്.. അവരുടെ മുൻപിൽ വെച്ച് മദ്യപ്പിക്കുകയോ പുകവലിക്കുകയൊ ചെയ്യരുത്.... Please

ഏവർക്കും എന്റെ തിരുവോണദിനാശംസകൾ 

Thursday, August 21, 2014

കണക്കു പുസ്തകം

അവളുടെ ജീവിതം ഡയറിയിൽ 
കുറിച്ചിട്ട കണക്കുകൾ ആയിരുന്നു 
കുടുംബത്തിലെ ജനനമരണങ്ങൾ..
വിവാഹങ്ങൾ..
ഭർത്താവ് മാസന്തോറും അയക്കാറുള്ള 
ചിലവിന്റെ കാശ്..
വീട്ടിലെ മാസചിലവുകൾ..
പാലുകാരന്റെയും പത്ര വിതരണക്കാരന്റെയും 
മാക്സിക്കാരന്റെയും പലചരക്കു കടക്കാരന്റെയും 
കൊടുത്തിട്ടും തീരാത്ത കടങ്ങൾ
സഹകരണ ബാങ്കിലെ സ്വർണ്ണ പണയവും 
പലിശയും കൂട്ടുപലിശയും 
പോസ്റ്റ്‌ ഓഫീസിലെ തുച്ഛമായ കുറി..
മകന്റെ കോളേജ് ഫീസ്‌ 
മകളുടെ സ്കൂൾ ഫീസ്‌ 
അച്ഛന്റെയും അമ്മയുടെയും ചികിത്സ..
കുടുംബത്തിലെ കല്യാണത്തിന് 
കൊടുത്ത സ്വർണ്ണവും പൈസയും 
ആരും അവളോട്‌ ഒന്നിനും 
കണക്കു ചോദിച്ചിട്ടില്ല..
എങ്കിലും ആ ഡയറിയിൽ 
അവൾ കുറിക്കാത്തതായി 
ഒന്നും ഉണ്ടായിരുന്നില്ല...
അവളുടെ മരണം അല്ലാതെ..!

- സഹർ അഹമ്മദ് 

Wednesday, August 20, 2014

കവിത :: പ്രണയം

പ്രണയം കലാപമെന്ന് 
അവൻ തിരിച്ചറിഞ്ഞത് 
അന്യ മതക്കാരിയെ 
പ്രണയിച്ചപ്പോഴാണ്..!

- സഹർ അഹമ്മദ് 

കവിത :: ബിരിയാണി

സ്നേഹം ബിരിയാണി പോലെയാണ് 
ഓരോയിടത്തു എത്തുമ്പോഴും 
അതിനു ഓരോ പേരും..
ഓരോ സ്വാദുമാണ് 

- സഹർ അഹമ്മദ് 

Tuesday, August 19, 2014

മുത്തശ്ശി..

നമ്മിൽ പലരുടെയും ബാല്യകാലത്ത്‌ ഒരു മുത്തശ്ശി ഉണ്ടാവും.. ജീവിതത്തിന്റെ പല നന്മകളും നമ്മിലേക്ക്‌ പകർന്നു തന്ന മുത്തശ്ശി.. തനിക്കു കിട്ടുന്നതെന്തും തന്റെ കൊചുമക്കൽക്ക് കൊടുക്കുവാനായി നിധി പോലെ സൂക്ഷിച്ച മുത്തശ്ശി... കൊച്ചു സങ്കടങ്ങളും സന്തോഷങ്ങളുമായി ആദ്യം നാം ഓടി അടുത്തത് അവിരിലേക്കാവും... ജീവിതത്തിൽ ആദ്യമായി നമ്മെ പങ്കിട്ടു കഴിക്കുവാൻ പഠിപ്പിച്ചതും ആ മുത്തശ്ശിമാരാവും...

" ഒരാളുടെ ഭക്ഷണം പത്തുപേർക്ക് കഴിക്കാം..
  പത്തുപേർക്കുള്ളത് ഒരാൾക്ക്‌ കഴിക്കുവാനാവില്ല.."

എന്ന് നമ്മെ ഉപദേശിച്ചതും ആ മുത്തശ്ശിമാരല്ലേ...?

നമ്മുടെ കൊച്ചു ദുഃഖങ്ങളും സന്തോഷങ്ങളും പോലും ആരുമായി പങ്കുവെക്കപ്പെടുന്നില്ല എന്നതാണ് ഈ കാലത്തിന്റെ പ്രശ്നം... 
നമ്മൾ എല്ലാവരും ഓരോ ഒറ്റപ്പെട്ട ദ്വീപുകൾ.. ഒരു ചെറിയ വെള്ളപാച്ചലിനെ പോലും പ്രതിരോധിക്കുവാൻ ആവാത്ത ഒറ്റപ്പെട്ട ദ്വീപുകൾ..  അപ്പോഴാണ്‌ നമ്മൾ നമ്മുടെ മുത്തശ്ശിമാരെ ഓർക്കേണ്ടത്.. അവർ നമ്മുടെ ജീവിതത്തിൽ പകർന്നു തന്ന മൂല്യങ്ങളെ കുറിച്ച് ഓർക്കേണ്ടത്...

മുത്തശ്ശിമാരുടെ സ്നേഹം നൽക്കുക എന്നതാണ് നമ്മുടെ മക്കൾക്കായി നമ്മുക്ക് നൽക്കുവാൻ ആവുന്ന ഏറ്റവും വലിയ സമ്പാദ്യങ്ങളിൽ ഒന്ന്..

- സഹർ അഹമ്മദ് 

Saturday, August 9, 2014

പുഴ

ജീവിതം ഒരു പുഴ പോലെയാണ് 
ഒരിടത്തു കൂടി ഒരിക്കൽ 
മാത്രമേ ഒഴുക്കുകയുള്ളൂ 
പിന്നെ അതു ഓർമ്മകളാവും..

- സഹർ അഹമ്മദ് 

കവിത

കണ്ണീരു 
വിതച്ചു 
തളിരിട്ട മോഹങ്ങൾ 

എൻ കവിത 

- സഹർ അഹമ്മദ് 

Friday, August 1, 2014

കവിത :: ഇരുട്ട്

വിളക്ക് അണച്ചു വലത്തോട്ടു
മുഖം തിരിഞ്ഞു കിടക്കുമ്പോൾ
മനസ്സിൽ നിറയെ കബറിലെ ഇരുട്ടാണ്‌
ഒന്നു നിലവിളിച്ചാൽ പോലും
ആരും കേൾക്കാത്ത കൂരാരിരുട്ട്..
എന്റെ തമ്പുരാനേ..
പാപത്തിന്റെ ഈ അന്ധകാരത്തിൽ നിന്ന്
എനിക്ക് നന്മയുടെ വെളിച്ചമേകുവാൻ
നീയല്ലാതെ മറ്റാരാണ്‌..
 ഞാൻ നിന്നിലേക്ക്‌ സാഷ്ടാംഗം നമിക്കുന്നു
ഈ ദാസന് നീ പൊറുത്തു തന്നാലും..

സഹർ അഹമ്മദ് 

എന്റെ കഥ

മറ്റുള്ളവരുടെ ജീവിതത്തിലേക്ക്
ഒളികണ്ണിട്ടു നോക്കി 
അവർ പോലും അറിയാതെ 
അവരെ കഥാപാത്രങ്ങളാക്കുന്ന ഞാൻ 
പറയുവാൻ ആഗ്രഹിക്കാത്ത കഥയുണ്ട് 
ആരോടും ഒരിക്കലും പറയുവാൻ 
ഇഷ്ടപ്പെടാത്ത എന്റെ കഥ 
കഥ അറിയാതെ ഞാൻ 
ജീവിച്ചു തീർക്കുന്ന എന്റെ കഥ.

- സഹർ അഹമ്മദ്

കവിത :: ഗാസ, എന്റെ മനസ്സിൽ

ഭാര്യയെ പുണർന്നു 
നെറ്റിയിൽ ഉമ്മവെക്കുമ്പോൾ 
മനസ്സിൽ...
ഭാര്യയുടെ മൃതദേഹത്തിൽ 
ഉമ്മവെക്കുന്ന ഗാസയിലെ 
സഹോദരന്മാരാണ്..

നെഞ്ചോടു ചേർത്തു 
കുഞ്ഞിനെ താരാട്ടു പാടി
ഉറക്കുമ്പോൾ മനസ്സിൽ
ഒരിക്കലും ഉണങ്ങാത്ത മുറിവുമായി
എന്നേക്കുമായി ഉറങ്ങുന്ന
പൈതങ്ങളാണ്..

കൂടെപിറപ്പുകളുടെ കൂടെ ഇരുന്നു
ഇഫ്ത്താറു കഴിക്കുമ്പോൾ
മനസ്സിൽ..
ഇഫ്ത്താറു കഴിക്കുന്നതിന്റെ
ഇടയിൽ ചിന്നിച്ചിതറിയ
ഗാസയിലെ സഹോദരങ്ങളുടെ
മൃതദേഹങ്ങളാണ്..

ഉപ്പയുടെ കൈ പിടിച്ചു
നടക്കുമ്പോൾ മനസ്സിൽ
ചിന്നഭിന്നമായ ഉപ്പയുടെ
മൃതദേഹത്തിനു അരികിൽ
ഇരുന്നു വാവിട്ടു കരയുന്ന
ഗാസയിലെ കുഞ്ഞു അനുജന്മാരാണ്..

ഉമ്മയുടെ മടിയിൽ തലവെച്ചു
കിടക്കുമ്പോൾ മനസ്സിൽ
മകന്റെ മൃതദേഹം മാറോടു ചേർത്തു
എല്ലാം റബ്ബിൽ അർപ്പിച്ചു
കണ്ണീരു വറ്റിയ
ഗാസയിലെ ഉമ്മമാരാണ്...

രക്തസാക്ഷികളുടെ ചോരയിൽ കുതിർന്ന
പ്രവാചകന്മാരും രക്തസാക്ഷികളും
അന്ത്യവിശ്രമം കൊള്ളുന്ന
ഫലസ്തീനിന്റെ മണ്ണിൽ മരിച്ചു വീണവരെ
ഈ മണ്ണിൽ മരിച്ചു, അലിഞ്ഞു ചേരുവാൻ
കൊതിക്കുന്നു എന്റെ മനാസവും..

- സഹർ അഹമ്മദ്

കവിത :: കാരുണ്യവാനായ നാഥാ..

മരുഭൂമിയിൽ ഒറ്റപ്പെട്ടിട്ടും 
എല്ലാത്തിനേയും അതിജീവിച്ചു 
തളിർത്തു നിൽക്കുന്ന മരങ്ങൾ കാണാം
ചില മനുഷ്യജന്മങ്ങൾ പോലെ.
ഏതു പ്രതിബദ്ധങ്ങളിലും 
എല്ലാ സൃഷ്ടിചരാചരങ്ങളെയും 
പരിപാലിക്കുന്നവൻ നീയല്ലാതെ 
മറ്റാരാണ്‌ നാഥാ..
കാരുണ്യവാനായ നാഥാ..
ഒരു കടലോളം പാപവുമായി 
നിന്റെ അടിമ നിന്നിലേക്ക്‌ 
കരമുയർത്തുകയാണ് 
അവിടുന്ന് ഈ അടിമയെ 
സ്വികരിച്ചാലും..

- സഹർ അഹമ്മദ്