അവളുടെ ജീവിതം ഡയറിയിൽ
കുറിച്ചിട്ട കണക്കുകൾ ആയിരുന്നു
കുടുംബത്തിലെ ജനനമരണങ്ങൾ..
വിവാഹങ്ങൾ..
ഭർത്താവ് മാസന്തോറും അയക്കാറുള്ള
ചിലവിന്റെ കാശ്..
വീട്ടിലെ മാസചിലവുകൾ..
പാലുകാരന്റെയും പത്ര വിതരണക്കാരന്റെയും
മാക്സിക്കാരന്റെയും പലചരക്കു കടക്കാരന്റെയും
കൊടുത്തിട്ടും തീരാത്ത കടങ്ങൾ
സഹകരണ ബാങ്കിലെ സ്വർണ്ണ പണയവും
പലിശയും കൂട്ടുപലിശയും
പോസ്റ്റ് ഓഫീസിലെ തുച്ഛമായ കുറി..
മകന്റെ കോളേജ് ഫീസ്
മകളുടെ സ്കൂൾ ഫീസ്
അച്ഛന്റെയും അമ്മയുടെയും ചികിത്സ..
കുടുംബത്തിലെ കല്യാണത്തിന്
കൊടുത്ത സ്വർണ്ണവും പൈസയും
ആരും അവളോട് ഒന്നിനും
കണക്കു ചോദിച്ചിട്ടില്ല..
എങ്കിലും ആ ഡയറിയിൽ
അവൾ കുറിക്കാത്തതായി
ഒന്നും ഉണ്ടായിരുന്നില്ല...
അവളുടെ മരണം അല്ലാതെ..!
- സഹർ അഹമ്മദ്